തൃഷയുമല്ല രശ്മികയുമല്ല, പ്രതിഫലത്തില്‍ കടത്തിവെട്ടി ലേഡി സൂപ്പര്‍സ്റ്റാര്‍;തെലുങ്കില്‍ ഒന്നാമത്

മൂന്ന് മുതൽ അഞ്ച് കോടി വരെ പ്രതിഫലം പറ്റി സമാന്ത ആറാം സ്ഥാനത്തുള്ളപ്പോൾ കാജൽ അഗർവാൾ ആണ് ഏഴാം സ്ഥാനത്തുള്ളത്.

നടന്മാരുടെയും നടിമാരുടെയും പ്രതിഫലത്തെക്കുറിച്ചുള്ള ചർച്ചകൾ എന്നും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. പല നടിമാരും വലിയ പ്രതിഫലമാണ് ഓരോ സിനിമക്കും ചാർജ് ചെയ്യുന്നത്. സിനിമകൾ വിജയിക്കുന്നത് അനുസരിച്ച് അഭിനേതാക്കള്‍ അവരുടെ പ്രതിഫലം വർധിപ്പിക്കുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. തെലുങ്ക് സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരുടെ ലിസ്റ്റ് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ആദ്യ ഏഴ് സ്ഥാനങ്ങളിലുള്ളവരുടെ വിവരങ്ങളാണ് വന്നിരിക്കുന്നത്. എന്റര്‍ടെയ്ന്‍മെന്റ് പ്ലാറ്റ്‌ഫോമായ കോയ്മോയ് ആണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

നയൻതാരയാണ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരുടെ പട്ടികയിൽ ഒന്നാമത്. 13 മുതൽ 15 കോടി രൂപയാണ് ഒരു സിനിമക്കായി നയൻ‌താര വാങ്ങുന്നത്. 2006 ൽ പുറത്തിറങ്ങിയ ലക്ഷ്മി എന്ന വെങ്കടേഷ് ചിത്രത്തിലൂടെയാണ് നയൻ‌താര തെലുങ്ക് സിനിമയിലേക്ക് എത്തുന്നത്. തുടർന്ന് സൈറാ നരസിംഹ റെഡ്‌ഡി, ശ്രീ രാമരാജ്യം, ഗോഡ്ഫാദർ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ നയൻ‌താര വേഷമിട്ടു. ലിസ്റ്റിൽ രണ്ടാം സ്ഥാനത്തുള്ളത് അനുഷ്ക ഷെട്ടിയാണ്. നാല് മുതൽ ഏഴു കോടി വരെയാണ് അനുഷ്ക ഒരു സിനിമക്കായി വാങ്ങുന്നത്. മിസ് ഷെട്ടി മിസ്റ്റർ പോളിഷെട്ടി എന്ന ചിത്രത്തിലാണ് അനുഷ്ക അവസാനമായി വേഷമിട്ടത്.

പൂജ ഹെഗ്‌ഡെയാണ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത്. അരവിന്ദ സമേത, അല വൈകുണ്ഠപുരമുലോ തുടങ്ങിയ ഹിറ്റ് സിനിമകളിലൂടെ താരമൂല്യം വർധിച്ച പൂജ അഞ്ച് കോടിയാണ് ഒരു സിനിമക്കായി വാങ്ങുന്ന പ്രതിഫലം. വിജയ് ചിത്രം ദളപതി 69 ഉൾപ്പടെ വലിയ ചിത്രങ്ങളാണ് ഇനി പൂജ ഹെഗ്‌ഡെയുടേതായി പുറത്തിറങ്ങാനുള്ളത്. തൃഷ കൃഷ്ണൻ നാലാം സ്ഥാനത്തും രശ്‌മിക മന്ദാന അഞ്ചാം സ്ഥാനത്തുമാണുള്ളത്. നാല് മുതൽ ആറ് കോടി വരെ തൃഷ നേടുമ്പോൾ മൂന്ന് മുതൽ നാല് കോടി വരെയാണ് രശ്‌മികയുടെ പ്രതിഫലം.

മൂന്ന് മുതൽ അഞ്ച് കോടി വരെ പ്രതിഫലം പറ്റി സമാന്ത ആറാം സ്ഥാനത്തുള്ളപ്പോൾ കാജൽ അഗർവാൾ ആണ് ഏഴാം സ്ഥാനത്തുള്ളത്. രണ്ട് കോടിയാണ് കാജലിന്റെ പ്രതിഫലം. ഖുഷി എന്ന വിജയ് ദേവരകൊണ്ട ചിത്രമാണ് സമാന്ത അവസാനമായി അഭിനയിച്ച തെലുങ്ക് ചിത്രം. സത്യഭാമ എന്ന ചിത്രമാണ് കാജലിന്റേതായി അവസാനം പുറത്തിറങ്ങിയത്.

Content Highlights : Nayanthara receives more salary than Trisha and rashmika in telugu

To advertise here,contact us