ബോഗയ്ന്‍വില്ല പ്രസ്മീറ്റില്‍ ബിലാലിനെ കുറിച്ച് ചോദ്യം;ചെറിയൊരു 'കണ്‍വിന്‍സിങ്' നടത്തി കുഞ്ചാക്കോ ബോബൻ

അമല്‍ നീരദിന്റെ ഏത് ചിത്രത്തിന്റെ അപ്‌ഡേറ്റ് വന്നാലും ആരാധകര്‍ ആവര്‍ത്തിക്കുന്നത് ബിലാല്‍ എന്ന് വരുമെന്ന ചോദ്യമാണ്

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ ബിഗ് ബിയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നവരാണ് സിനിമാപ്രേമികളില്‍ ഭൂരിഭാഗവും. ബിലാല്‍ എന്ന പേരില്‍ രണ്ടാം ഭാഗം വരുമെന്ന പ്രതീക്ഷകള്‍ക്കിടയിലാണ് മമ്മൂട്ടിയെ തന്നെ നായകനാക്കി അമല്‍ നീരദ് ഭീഷ്മപര്‍വ്വമൊരുക്കിയത്.

അടുത്ത ചിത്രം ബിലാലാകുമെന്നാണ് സൂചനകളുണ്ടായിരുന്നതെങ്കിലും എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ബോഗയ്ന്‍വില്ലയുടെ അനൗണ്‍സ്‌മെന്റ് എത്തി. എന്നാല്‍ അമല്‍ നീരദിന്റെ ഏത് ചിത്രത്തിന്റെ അപ്‌ഡേറ്റ് വന്നാലും ആരാധകര്‍ ആവര്‍ത്തിക്കുന്നത് ബിലാല്‍ എന്ന് വരുമെന്ന ചോദ്യമാണ്. കഴിഞ്ഞ ദിവസം ബോഗയ്ന്‍വില്ലയുടെ പ്രസ്മീറ്റിലും ഇതേ ചോദ്യം വന്നു. ഇതിന് ബോഗയ്ന്‍വില്ലയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുഞ്ചാക്കോ ബോബന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ പൊട്ടിച്ചിരിപ്പിക്കുന്നത്.

ബിലാലിന്റെ എന്തെങ്കിലും അപ്‌ഡേറ്റ് നിങ്ങളുമായി ചര്‍ച്ച ചെയ്തിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കുഞ്ചാക്കോ ബോബന്‍. 'ബോഗയ്ന്‍വില്ലയുടെ എന്‍ഡ് ക്രെഡിറ്റില്‍ അത് നമുക്ക് കാണാന്‍ സാധിക്കും. വെയ്റ്റ് ഫോര്‍ ദാറ്റ്,' കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. വേദിയിലുണ്ടായിരുന്ന ജ്യോതിര്‍മയിയും വീണ നന്ദകുമാറും ശ്രിന്ദയും ഇതുകേട്ട് ചിരിച്ചതോടെ കുഞ്ചാക്കോ ബോബനും മറുപടി ചിരിയില്‍ അവസാനിപ്പിച്ചു.

എല്ലാവരെയും പോലെ താനും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിലാല്‍ എന്നും ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും തനിക്ക് അറിയില്ലെന്നും പിന്നാലെ നടന്‍ വ്യക്തമാക്കി. 'ബിലാലില്‍ ഞാനുണ്ടെങ്കില്‍ ഞാന്‍ വളരെ ഹാപ്പിയായിരിക്കും. അത്തരം ചിന്തകളും പ്രതീക്ഷകളും ഉണ്ടാകട്ടെ എന്നും ഞാനാഗ്രഹിക്കുകയാണ്,' കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ത്തു. ബിലാലില്‍ അഭിനയിക്കുന്നുണ്ടോയെന്നും നടനോട് പ്രസ്മീറ്റില്‍ ചോദ്യമുയര്‍ന്നിരുന്നു.

എല്ലാരും പോയി #Bougainvillea ticket എടുത്തോ എൻഡിക്രെഡിറ്സിൽ #Bilal അപ്ഡേറ്റ് ഉണ്ട് 😌🔥നീ ticket എടുത്തോ,ഞാൻ പോയി ബിലാൽ ആയിട്ട് വരാം😂 pic.twitter.com/Ru6yYEfqGD

മാധ്യമപ്രവര്‍ത്തകരെയും സഹഅഭിനേതാക്കളെയും പൊട്ടിച്ചിരിപ്പിച്ച ഈ മറുപടി സോഷ്യല്‍ മീഡിയയും ഏറ്റെടുത്തു കഴിഞ്ഞു. അടുത്ത കണ്‍വിന്‍സിങ് സ്റ്റാറാകാന്‍ നോക്കുകയാണോ എന്നാണ് വീഡിയോക്ക് താഴെ വരുന്ന കമന്റുകള്‍. 'നീ ടിക്കറ്റ് എടുത്തോ, ഞാന്‍ പോയി ബിലാല്‍ ആയിട്ട് വരാം' എന്ന് തുടങ്ങിയ രസകരമായ ട്രോളുകളും ആരാധകര്‍ പങ്കുവെക്കുന്നുണ്ട്.

അതേസമയം, കുഞ്ചാക്കോ ബോബന്‍-ജ്യോതിര്‍മയി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അമല്‍ നീരദ് ഒരുക്കുന്ന ബോഗയ്ന്‍വില്ല ഒക്ടോബര്‍ 17ന് തിയേറ്ററുകളിലെത്തും. ഫഹദ് ഫാസിലും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഷറഫുദ്ദീന്‍, വീണ നന്ദകുമാര്‍, ശ്രിന്ദ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേര്‍ന്നാണ് അമല്‍ നീരദ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഭീഷ്മപര്‍വ്വം സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ആനന്ദ് സി ചന്ദ്രനാണ് ബോഗയ്ന്‍വില്ലയുടേയും ഛായാഗ്രാഹകന്‍. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റേയും ഉദയ പിക്‌ചേഴ്‌സിന്റേയും ബാനറില്‍ ജ്യോതിര്‍മയിയും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

Content Highlights: Kunchacko Boban gives a funny reply to a question about Big B sequal Bilal movie at Bougaivillea pressmeet

To advertise here,contact us