'ഹൃദയപൂർവം അഭിനന്ദിച്ചതിന് നന്ദി തലൈവാ...'; രജനികാന്തിന് നന്ദിയറിയിച്ച് വെങ്കട് പ്രഭു

വിജയ്-വെങ്കട് പ്രഭു ചിത്രം 455 കോടിയാണ് ആഗോള തലത്തിൽ സ്വന്തമാക്കിയിരിക്കുന്നത്.

പ്രഖ്യാപനം മുതൽ ആരാധകർക്ക് വലിയ പ്രതീക്ഷ നൽകിയ ചിത്രമായിരുന്നു വിജയ്-വെങ്കട് പ്രഭു കൂട്ടുകെട്ടിന്റെ ഗോട്ട്. തമിഴ്നാട്ടിൽ ചിത്രം വൻ വിജയമായിരുന്നു. നിരവധി പേരാണ് വെങ്കട് പ്രഭുവിന്റെ സംവിധാനത്തെയും വിജയ് യുടെ പ്രകടനത്തെയും പ്രശംസിച്ച് എത്തിയിരുന്നത്. ഇപ്പോഴിതാ രജനികാന്തും ചിത്രത്തെ അഭിനന്ദിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ രജിനിയോടുള്ള നന്ദി രേഖപ്പെടുത്തിക്കൊണ്ട് വെങ്കട് പ്രഭുവാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

'നന്ദി, തലൈവാ!! വിളിച്ചതിനും ഞങ്ങളുടെ ഗോട്ടിനെ വളരെ സ്നേഹത്തോടെ അഭിനന്ദിച്ചതിനും. പൂർണ്ണഹൃദയത്തോടെ അഭിനന്ദിച്ചതിന് വീണ്ടും നന്ദി'. വെങ്കട് പ്രഭു പറഞ്ഞു.

വിജയ്-വെങ്കട് പ്രഭു ചിത്രം 455 കോടിയാണ് ആഗോള തലത്തിൽ സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ വിജയ്‌യുടെ കരിയറിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമായി ഗോട്ട് മാറിയിരിക്കുകയാണ്. 600 കോടിയിലധികം നേടിയ ലിയോയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഗോട്ട് സിനിമയുടെ കളക്ഷന്റെ മുക്കാൽ ഭാഗവും തമിഴ്‌നാട്ടിൽ നിന്ന് തന്നെയാണ് ലഭിച്ചിരിക്കുന്നത്. 215 കോടിയോളം രൂപയാണ് സിനിമ സംസ്ഥാനത്ത് നിന്ന് നേടിയത്. എന്നാൽ കേരളം ഉൾപ്പടെയുള്ള മറ്റു സംസ്ഥാനങ്ങളിൽ ഒന്നും തന്നെ സിനിമയ്ക്ക് വമ്പൻ കളക്ഷൻ നേടാനായില്ല. 13 കോടിയോളമാണ് കേരളത്തിലെ ചിത്രത്തിന്റെ കളക്ഷന്‍.

വിജയ് ഇരട്ടവേഷത്തിലെത്തിയ ഗോട്ടിൽ സ്നേഹ, മീനാക്ഷി ചൗധരി എന്നിവരാണ് നായികമാരായെത്തിയത്. ഇവർക്ക് പുറമെ പ്രശാന്ത്, പ്രഭുദേവ, ജയറാം, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, ലൈല, വൈഭവ്, പ്രേംജി അമരൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആക്ഷൻ മൂഡിൽ ഒരുക്കിയ ഗോട്ട്, എജിഎസ് എന്റർടെയിന്മെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

Content Highlights: Rajinikanth praises Vijay film Goat

To advertise here,contact us