ദളപതിയില്ല, പൊങ്കൽ ആഘോഷത്തിനൊരുങ്ങി തല അജിത്ത്; ആദ്യമെത്തുക വിടാമുയർച്ചിയോ ഗുഡ് ബാഡ് അഗ്ലിയോ?

ഏറെ കാലത്തിന് ശേഷം അജിത്തിന്റെ ഒരു സ്റ്റൈലിഷ് ചിത്രമാകും ഗുഡ് ബാഡ് അഗ്ലി എന്നാണ് ആരാധകർ പറയുന്നത്.

തല അജിത്ത് ആരാധകർ ഏറെ നാളായി കാത്തിരിക്കുകയാണ് അവരുടെ പ്രിയതാരത്തിനെ വീണ്ടും സ്‌ക്രീനിൽ കാണാനായി. 2023 പൊങ്കൽ റിലീസായി തിയേറ്ററിലെത്തിയ തുനിവിന് ശേഷം മറ്റൊരു അജിത്ത് ചിത്രം ഇതുവരെ റിലീസായിട്ടില്ല. രണ്ട് സിനിമകളാണ് ഇപ്പോൾ അജിത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന 'വിടാമുയർച്ചി', ആധിക് രവിചന്ദ്രൻ ഒരുക്കുന്ന 'ഗുഡ് ബാഡ് അഗ്ലി' എന്നിവയാണ് അവ. ഈ ചിത്രങ്ങളുടെ റിലീസിനെപ്പറ്റിയുള്ള വാർത്തകൾ ഇപ്പോൾ പുറത്തുവരുകയാണ്.

'വിടാമുയർച്ചി'ക്ക് മുൻപ് 'ഗുഡ് ബാഡ് അഗ്ലി'യാകും ആദ്യം തിയേറ്ററിലെത്തുക എന്നാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. 2025 പൊങ്കൽ റിലീസായി ചിത്രം തിയേറ്ററിലെത്തിക്കാൻ പ്ലാൻ ഉണ്ടെന്ന് ട്രേഡ് അനലിസ്റ്റ് ആയ ശ്രീധർ പിള്ള റിപ്പോർട്ട് ചെയ്തു. അജിത്ത് ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് 'ഗുഡ് ബാഡ് അഗ്ലി'. ചിത്രത്തിൽ നിന്നുള്ള അജിത്തിന്റെ ചിത്രങ്ങളും സിനിമയുടെ ഫസ്റ്റ് ലുക്കുമെല്ലാം സോഷ്യൽ മീഡിയയിൽ ഇപ്പോൾ തന്നെ വൈറലാണ്. ഏറെ കാലത്തിന് ശേഷം അജിത്തിന്റെ ഒരു സ്റ്റൈലിഷ് ചിത്രമാകും ഗുഡ് ബാഡ് അഗ്ലി എന്നാണ് ആരാധകർ പറയുന്നത്. സുനിൽ, പ്രസന്ന, തൃഷ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ദേവി ശ്രീ പ്രസാദ് ആണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്.

Big Buzz #GoodBadUgly may come ahead of #VidaaMuyarchi for Pongal! pic.twitter.com/gGB0wrViXw

എന്നാൽ 'വിടാമുയർച്ചി'യുടെ അപ്ഡേറ്റുകൾ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. സിനിമയുടെ ചിത്രീകരണം ഏറെ നാളുകൾക്ക് മുൻപ് കഴിഞ്ഞതാണ്. ചിത്രീകരണം കഴിഞ്ഞ് മാസങ്ങൾ പിന്നിടുമ്പോഴും ചിത്രത്തിന്റെ ടീസറോ മറ്റ് അപ്‌ഡേറ്റുകളോ പുറത്തുവന്നിട്ടില്ല. 'വിടാമുയർച്ചി' ഒരു സസ്പെൻസ് ത്രില്ലറാണെന്നും ഹോളിവുഡ് ചിത്രമായ ബ്രേക്ക്ഡൗണിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. അജിത്തിനൊപ്പം തൃഷ , അർജുൻ സർജ, ആരവ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.

Content Highlights: Good Bad Ugly to release ahead of vidaamuyarchi

To advertise here,contact us