ഒരൊറ്റ മലയാളി നടി ഇല്ല, മുന്നിൽ സാമന്തയും ആലിയയും; ജനപ്രിയ നടിമാരുടെ പട്ടിക കൈയ്യടക്കി അന്യഭാഷാ താരങ്ങൾ

ദീപിക പദുകോൺ, നയൻ‌താര എന്നിവരാണ് പട്ടികയിൽ മൂന്നും നാലും സ്ഥാനത്തുള്ള നടിമാർ.

ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യൻ നായികമാരുടെ പട്ടിക പുറത്തുവിട്ട് ഓർമാക്സ് മീഡിയ. സാമന്തയാണ് ലിസ്റ്റിൽ ഒന്നാമതായി ഇടം പിടിച്ച അഭിനേത്രി. ബോളിവുഡ് നടി ആലിയ ഭട്ട് ആണ് ലിസ്റ്റിൽ രണ്ടാമത്. സെപ്റ്റംബർ മാസത്തെ പട്ടികയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ദീപിക പദുകോൺ, നയൻ‌താര എന്നിവരാണ് പട്ടികയിൽ മൂന്നും നാലും സ്ഥാനത്തുള്ള നടിമാർ. തമിഴ് നടി തൃഷ അഞ്ചാം സ്ഥാനം സ്വന്തമാക്കിയപ്പോൾ ഈ വർഷത്തെ ബോളിവുഡിലെ ഏറ്റവും വലിയ വിജയ ചിത്രമായ സ്ത്രീ 2 വിൽ ഭാഗമായതോടെ ശ്രദ്ധ കപൂർ ആറാം സ്ഥാനവും നേടി. കാജൽ അഗർവാൾ ഏഴാം സ്ഥാനത്തും സായ് പല്ലവി എട്ടാം സ്ഥാനത്തുമാണുള്ളത്.

പുഷപ 2 തുടങ്ങിയ നിരവധി ബിഗ് ബജറ്റ് സിനിമകളുടെ ഭാഗമായ രശ്‌മിക മന്ദനാ ഒൻപതാം സ്ഥാനം കൈക്കലാക്കിയപ്പോൾ ബോളിവുഡ് നടി കിയാരാ അദ്വാനിയാണ് പത്താം സ്ഥാനത്ത്. ശങ്കർ സംവിധാനം ചെയ്ത് രാംചരൺ നായകനായി എത്തുന്ന ഗെയിം ചേഞ്ചർ ആണ് ഇനി പുറത്തിറങ്ങാനുള്ള കിയാരാ അദ്വാനിയുടെ അടുത്ത ചിത്രം. പട്ടികയിൽ ഒരു മലയാളി നടി പോലും ഇടം പിടിച്ചിട്ടില്ല. ഏറ്റവും ജനപ്രീതിയുള്ള ആദ്യ പത്ത് സ്ഥാനത്തുള്ള നടന്മാരുടെ പട്ടികയും ഓർമാക്സ് മീഡിയ പുറത്തുവിട്ടിരുന്നു.

വിജയ് ദേവരകൊണ്ട നായകനായി എത്തിയ ഖുഷിയിലാണ് അവസാനമായി സാമന്ത അഭിനയിച്ചത്. രാജ് ആൻഡ് ഡികെ സംവിധാനം ചെയ്യുന്ന സ്പൈ ആക്ഷൻ സീരീസ് ആയ സിറ്റാഡൽ ഹണി ബണ്ണി ആണ് സമാന്തയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. നവംബർ ഏഴിന് ആമസോൺ പ്രൈമിലൂടെ സിറ്റാഡൽ സ്ട്രീമിങ് ആരംഭിക്കും.

വാസൻ ബാല സംവിധാനം ചെയ്ത ആക്ഷൻ ഡ്രാമ ചിത്രമായ ജിഗ്രയാണ് ലിസ്റ്റിൽ രണ്ടാമതുള്ള ആലിയയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. സമ്മിശ്ര പ്രതികരണം നേടിയ ചിത്രത്തിന് ബോക്സ് ഓഫീസിൽ കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചില്ല.

Content Highlights: samantha and alia bhatt tops the list of most popular female stars

To advertise here,contact us