'ബിലാലിന്റെ വരവ്, അതൊരു ഒന്നൊന്നര വരവായിരിക്കും'; ബിലാൽ അപ്ഡേറ്റ് നൽകി ദുൽഖർ

ബിലാൽ ജോൺ കുരിശിങ്കൽ എന്ന കഥാപാത്രമായി മമ്മൂട്ടി നിറഞ്ഞാടിയ ചിത്രമായിരുന്നു ബിഗ് ബി.

ബിലാലിന്റെയും ഗ്യാങ്ങിന്റെയും വരവിനായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ. 2007ൽ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം ബിഗ് ബിയുടെ രണ്ടാം ഭാഗം 2017 ൽ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് യാതൊരു അപ്ഡേറ്റും ഉണ്ടായിരുന്നില്ല. എന്നാൽ ചിത്രത്തെ ചുറ്റിപ്പറ്റി വരുന്ന എല്ലാ വിവരങ്ങളും വാർത്തകളിൽ ഇടം നേടാറുണ്ട്. ഇപ്പോഴിതാ ലക്കി ഭാസ്കർ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിൽ സംസാരിക്കവേ ദുൽഖർ ബിലാലിനെ പറ്റി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

'ബിലാൽ എപ്പോൾ വരുമെന്ന് ചോദിച്ചാൽ അത് ബിലാലിനേ അറിയൂ. പക്ഷേ വരുമ്പോൾ അതൊന്നൊന്നര വരവായിരിക്കും', എന്നായിരുന്നു ബിലാലിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ദുൽഖർ നൽകിയ മറുപടി. രണ്ടാം ഭാഗം പ്രഖ്യാപിച്ച് ഏകദേശം ഏഴു വർഷം പിന്നിടുമ്പോഴും ചിത്രത്തിന്റെ മറ്റ് അപ്ഡേറ്റുകൾ ഒന്നും പുറത്തുവിടാതിരിക്കുന്നതിൽ നിരാശയിലാണ് ആരാധകർ.

മുൻപൊരിക്കൽ ബിഗ് ബി എന്ന് വരുമെന്ന ചോദ്യത്തിന് മമ്മൂട്ടി നൽകിയ മറുപടി സിനിമ എപ്പോൾ വരണം എന്ന് തീരുമാനിക്കുന്നത് അമൽ നീരദ് ആണെന്നായിരുന്നു. 'അപ്ഡേറ്റ് വരുമ്പോള്‍ വരും. ഇത് നമുക്ക് അങ്ങനെ വരുത്താന്‍ ഒക്കില്ലല്ലോ. വരുമ്പോള്‍ വരും എന്നല്ലാതെ.. ഞാന്‍ രാവിലെ ബിലാലുമായിട്ട് അങ്ങ് ഇറങ്ങിയാല്‍ പോരല്ലോ. അതിന്റെ പിറകില്‍ ആള്‍ക്കാര്‍ വേണ്ടേ? അവര്‍ സന്നാഹങ്ങളൊക്കെ ഒരുക്കിക്കൊണ്ടിരിക്കുകയാണ്' എന്നാണ് മമ്മൂട്ടി പറഞ്ഞത്.

ബിലാൽ ജോൺ കുരിശിങ്കൽ എന്ന കഥാപാത്രമായി മമ്മൂട്ടി നിറഞ്ഞാടിയ ചിത്രമായിരുന്നു ബിഗ് ബി. 2007 ൽ റിലീസ് ചെയ്യുമ്പോൾ തിയേറ്ററുകളിൽ വേണ്ടത്ര വിജയം നേടാതെ പോയ ചിത്രം പിന്നീട് വലിയ ചർച്ചയായിരുന്നു.

മമ്മൂട്ടിക്ക് പുറമെ മനോജ് കെ ജയൻ, പശുപതി, വിജയരാഘവൻ, മംമ്ത മോഹൻദാസ്, വിനായകൻ, ബാല, ലെന തുടങ്ങിയ വൻ താരനിരയാണ് സിനിമയിലുള്ളത്. കോവിഡിന് മുൻപ് ബിലാലിന്റെ ഷൂട്ട് ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു എന്നാൽ പിന്നീട് സിനിമയെക്കുറിച്ച് ഒരു അപ്‌ഡേറ്റും ഉണ്ടായില്ല. 2022 ൽ ഭീഷ്മ പർവ്വം എന്ന ചിത്രത്തിനായി വീണ്ടും അമൽ നീരദും മമ്മൂട്ടിയും ഒന്നിച്ചിരുന്നു.

Content Highlights: Dulquer Salmaan about mammootty movie bigg b

To advertise here,contact us