തമിഴ് സിനിമ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് 'കൈതി 2'. എൽസിയു എന്ന ലോകേഷ് കനകരാജ് യൂണിവേഴ്സിന് തുടക്കമിട്ട ചിത്രം കൂടിയായിരുന്നു 'കെെതി'. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടൻ ഉണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് ലോകേഷ് കനകരാജ്. ചിത്രം റിലീസ് ചെയ്തതിന്റെ അഞ്ചാം വർഷത്തോട് അനുബന്ധിച്ച് സോഷ്യൽ മീഡിയിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് ലോകേഷ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.
"എല്ലാം തുടങ്ങിയത് ഇവിടെ നിന്നാണ്. കാര്ത്തി സാറിനോടും പ്രഭു സാറിനോടും ഏറെ നന്ദിയുണ്ട്. പിന്നെ ഇതെല്ലാം സംഭവിപ്പിച്ച 'യൂണിവേഴ്സിനോടും'. ദില്ലി ഉടന് തിരിച്ചുവരും" ലോകേഷ് ട്വീറ്റില് പറയുന്നു.
2019 ഒക്ടോബർ 25 നാണ് 'കൈതി' തിയേറ്ററുകളിൽ എത്തിയത്. കാർത്തിയുടെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു 'കൈതി'. ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് 2022ൽ ലോകേഷ് കനകരാജ് ഔദ്യോഗികമായി അറിയിച്ചിരുന്നു. കാര്ത്തിയും ചിത്രത്തെ കുറിച്ച് സ്ഥിരീകരിച്ചിരുന്നു. എന്നാല് പിന്നീട് അപ്ഡേറ്റുകളൊന്നും വന്നിരുന്നില്ല. ഇപ്പോള് ലോകേഷ് തന്നെ ദില്ലിയുടെ മടങ്ങിവരവ് പ്രഖ്യാപിച്ചതോടെ ആരാധകർ ആവേശത്തിലാണ്.
It all started from here! 💥💥Grateful to @Karthi_Offl sir, @prabhu_sr sir and the ‘universe’ for making this happen 🤗❤️Dilli will return soon 🔥#5YearsOfKaithi pic.twitter.com/Jl8VBkKCju
'കൈതി', 'വിക്രം', 'ലിയോ' എന്നീ ചിത്രങ്ങൾക്ക് ശേഷം ഒരുങ്ങുന്ന കൈതി 2 വിൽ കാർത്തിക്ക് ഒപ്പം എൽസിയുവിലെ മറ്റുതാരങ്ങളും എത്തുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. സൂര്യയും കാർത്തിയും ഒന്നിച്ച് ചിത്രത്തിൽ എത്തുമെന്ന തരത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വിക്രത്തിലെ റോളക്സും കെെതിയിലെ ദില്ലിയും ഒന്നിച്ചാണോ അതോ നേര്ക്കുനേരാണോ പോരാടുക എന്ന് അറിയാന് കാത്തിരിക്കുകയാണ് എല്.സി.യു ഫാന്സ്.
നിലവിൽ രജനികാന്ത് നായകനാവുന്ന കൂലി എന്ന ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിന് ശേഷം കൈതി 2 വിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രജനിക്കൊപ്പം നാഗാർജുന, സത്യരാജ്, ശ്രുതി ഹാസൻ, സൗബിൻ ഷാഹിർ, ഉപേന്ദ്ര തുടങ്ങി വൻ താരനിരയാണ് കൂലിയിൽ അഭിനയിക്കുന്നത്. പിരിയഡ് ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ആയിട്ടാണ് കൂലി ഒരുങ്ങുന്നത്.
Content highlights: Lokesh Kanakaraj announces Kaithi 2 with a new post on film's anniversary