വെറുതെ അല്ല, നല്ല പണിയെടുത്തിട്ടുണ്ട്; ട്രെൻഡിങ്ങായി ശിവകാർത്തികേയന്റെ അമരനിലെ ട്രാൻഫോർമേഷൻ വീഡിയോ

മാവീരനിൽ കണ്ട ശിവകാർത്തികേയനിൽ നിന്ന് അമരനിലെ മുകുന്ദിലേക്കുള്ള ദൂരം എത്രത്തോളം ഉണ്ടെന്ന് ഈ വീഡിയോയില്‍ വ്യക്തമാണ്

തമിഴ് സിനിമകളിൽ കോമഡി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടനാണ് ശിവകാർത്തികേയൻ. ഇന്ന് കോമേഡിയനിൽ നിന്ന് തമിഴിലെ മുൻനിര നായകനായി എത്തി നിൽക്കുമ്പോൾ ശിവകാർത്തികേയൻ നല്ല പണിയെടുത്താണ് ആ നേട്ടം സ്ഥാനം സ്വന്തമാക്കിയത് എന്നാണ് പ്രേക്ഷകർ പറയുന്നത്. ശിവകാർത്തികേയന്റെ ദീപാവലി റിലീസായെത്തുന്ന അമരനിലെ ട്രാൻഫോർമേഷൻ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് നടനെ സോഷ്യല്‍ മീഡിയ അഭിനന്ദനങ്ങളില്‍ മൂടിയിരിക്കുന്നത്.

ശിവകാർത്തികേയൻ ആദ്യമായാണ് ആർമി ഓഫീസർ കഥാപാത്രം അവതരിപ്പിക്കുന്നത്. വളരെ ഫിറ്റായ ബോഡി ആവശ്യമായതിനാൽ തന്നെ വർക്ഔട്ടുകൾ കഠിനമായിരുന്നു. ഓരോ ഷോട്ടിന്‍റെ ഇടവേളകളിലും സെറ്റിലും ശിവകാർത്തികേയൻ വർക്ഔട്ടുകൾ തെറ്റിക്കാതെ ചെയ്യുന്നത് വീഡിയോയിൽ കാണാം. മാവീരനിൽ കണ്ട ശിവകാർത്തികേയനിൽ നിന്ന് അമരനിലെ മുകുന്ദിലേക്കുള്ള ദൂരം എത്രത്തോളം ഉണ്ടെന്ന് ആ വീഡിയോയിലൂടെ വ്യക്തമാണ്.

SK 🔥 pic.twitter.com/ZXaDXGp1Nf

മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കി രാജ്‌കുമാർ പെരിയസാമി ഒരുക്കുന്ന ചിത്രമാണ് 'അമരൻ'. ശിവകാർത്തികേയന്റെ കിടിലൻ ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിൽ കാണാം. നീണ്ട നാളത്തെ പരിശീലനം നടൻ ഈ ചിത്രത്തിനായി നടത്തിയിരുന്നു. ദീപാവലിയോടനുബന്ധിച്ച് ഒക്ടോബർ 31നാണ് അമരൻ തിയേറ്ററുകളിലെത്തുക. കമൽഹാസന്റെ രാജ്കമൽ ഫിലിംസും സോണി പിക്‌ചേഴ്‌സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

സായ് പല്ലവിയാണ് ചിത്രത്തിലെ നായിക. ഇന്ദു റെബേക്ക വർഗീസ് എന്ന കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്. ഭുവൻ അറോറ, രാഹുൽ ബോസ് തുടങ്ങിയവർക്കൊപ്പം ശ്രീകുമാർ, വികാസ് ബംഗർ എന്നീ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നു. മലയാളി താരം ശ്യാം മോഹനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം സി എച്ച് സായ്. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന്‍റെ സംഗീതം.

Content Highlights: Sivakarthikeyan's transformation video for Amar is going viral

To advertise here,contact us