
എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഹോളിവുഡ് സിനിമകളിലെ കഥാപാത്രങ്ങൾക്ക് മലയാള സിനിമാതാരങ്ങളുടെ മുഖം നൽകി കൊണ്ടുള്ള വർക്കുകൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ ഹോളിവുഡ് ക്ലാസിക് സിനിമകളിലെ ഹിറ്റ് കഥാപാത്രങ്ങളുടെ എഐ ജനറേറ്റഡ് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. നിരവധി പേര്‍ നിരവധി തവണ ചെയ്തിട്ടുള്ള കാര്യമാണല്ലോ, ഇതിലെന്ത് ഇത്ര കാര്യം എന്ന് ചിന്തിക്കുന്നെങ്കിൽ… ഇതിൽ ഒരു കാര്യമുണ്ട്. മലയാളത്തിന്റെ സ്വന്തം മോഹൻലാലാണ് ഹോളിവുഡിലെ എവർക്ലാസ്സിക് കഥാപാത്രങ്ങൾക്ക് മുഖമായിരിക്കുന്നത്.
ആക്ഷൻ സിനിമാപ്രേമികൾക്ക് ഒരിക്കലും മറക്കാനാവാത്ത റോക്കി എന്ന സിനിമയിലെ സിൽവസ്റ്റർ സ്റ്റാലിയോണ്‍ മുതൽ ടൈറ്റാനിക്കിലെ ജാക്കിനും ടോപ് ഗൺ എന്ന സിനിമയിലെ ടോം ക്രൂസിനുമെല്ലാം പകരം മോഹൻലാലിൻറെ മുഖമാണുള്ളത്. ഈ കഥാപാത്രങ്ങൾക്ക് പുറമെ ഗോഡ്ഫാദർ, ജെയിംസ് ബോണ്ട്, ഇന്ത്യാന ജോൺസ്, സ്റ്റാർ വാർസ്, മാട്രിക്സ് തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങൾക്കും എഐയുടെ സഹായത്തോടെ മോഹൻലാലിന്റെ മുഖം നൽകിയിട്ടുണ്ട്. എഐ.മാജിൻ എന്ന ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് ഈ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി കഴിഞ്ഞു. 'ലാലേട്ടൻ അങ്ങ് ഹോളിവുഡിൽ ജനിച്ചിരുന്നെങ്കിൽ' എന്ന ക്യാപ്ഷ്യനോടെയാണ് ഒരു ആരാധകൻ ഈ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ഈ എഐ ക്രിയേറ്ററെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല എന്ന് മറ്റൊരാൾ കുറിച്ചു. ഈ ചിത്രങ്ങളിൽ ഏതാണ് ഏറ്റവും മികച്ചത് എന്നും ചർച്ചകളുണ്ട്.
Content Highlights: Ai generated pics of Mohanlal in Hollywood classics gone viral in social media