ഫൈറ്റോ അഭിനയമോ അറിയില്ലെന്ന് പറഞ്ഞു, ഇന്ന് അദ്ദേഹത്തിന്റെ പടമില്ലാത്ത ഒറ്റ ജിമ്മില്ല തമിഴ്നാട്ടിൽ!; കാർത്തി

'ആയുത എഴുത്ത്' എന്ന സിനിമയില്‍ ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. ആ പടത്തില്‍ ഡ്യൂപ്പില്ലാതെ അദ്ദേഹം ഒരു ആക്ഷന്‍ സീക്വന്‍സ് ചെയ്യുന്നത് കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്.

കങ്കുവ ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് നടൻ സൂര്യ ഇപ്പോൾ. ആദ്യ സിനിമ റിലീസ് ചെയ്യുമ്പോൾ ഡാന്‍സ് ചെയ്യാനോ, ഫൈറ്റ് ചെയ്യാനോ, അഭിനയിക്കാനോ അറിയില്ലെന്ന് കളിയാക്കിയവരുടെ മുന്നിൽ ഇപ്പോൾ അദ്ദേഹം ഒരു ഇന്‍സ്പിറേഷനാണ് എന്ന് പറയുകയാണ് സൂര്യയുടെ സഹോദരനും നടനുമായ കാർത്തി. കങ്കുവയുടെ ഓഡിയോ ലോഞ്ചിലാണ് നടന്റെ പ്രതികരണം.

‘ആദ്യ സിനിമ റിലീസായപ്പോള്‍ ചേട്ടന് മര്യാദക്ക് ഡാന്‍സ് ചെയ്യാനോ, ഫൈറ്റ് ചെയ്യാനോ, അഭിനയിക്കാനോ അറിയില്ലെന്ന് പലരും വിമര്‍ശിച്ചു. പിന്നീട് ഞാന്‍ കാണുന്നത് എല്ലാ ദിവസവും ഫൈറ്റും ഡാന്‍സും പ്രാക്ടീസ് ചെയ്യാന്‍ മണിക്കൂറുകള്‍ ചെലവഴിക്കുന്ന ചേട്ടനെയാണ്. 'ആയുത എഴുത്ത്' എന്ന സിനിമയില്‍ ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. ആ പടത്തില്‍ ഡ്യൂപ്പില്ലാതെ അദ്ദേഹം ഒരു ആക്ഷന്‍ സീക്വന്‍സ് ചെയ്യുന്നത് കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്.

ഒരു നടന്റെ ഏറ്റവും വലിയ ആയുധം അവന്റെ ശരീരമാണ്. ചേട്ടന്‍ അത് കാത്തുസൂക്ഷിക്കുന്ന രീതി എല്ലാവര്‍ക്കും ഇന്‍സ്പിറേഷനാണ്. ഇന്ന് ചേട്ടന്റെ ഫോട്ടോയില്ലാത്ത ഒരൊറ്റ ജിം തമിഴ്‌നാട്ടില്‍ ഇല്ല. ഹെല്‍ത്താണ് ഏറ്റവും പ്രധാനമെന്ന രീതിയില്‍ പലരെയും ഇന്‍ഫ്‌ളുവന്‍സ് ചെയ്യാന്‍ ചേട്ടന് സാധിച്ചിട്ടുണ്ട്. അങ്ങനെ തന്നെക്കൊണ്ട് ചെയ്യാന്‍ കഴിയില്ല എന്ന് പലരും പറഞ്ഞ കാര്യങ്ങള്‍ ഓരോന്നോരോന്നായി ചെയ്ത് കാണിച്ച ഒരാളാണ് എന്റെ ചേട്ടന്‍.’ കാര്‍ത്തി പറഞ്ഞത് ഇങ്ങനെ.

സൂര്യയും ആരാധകരും ഏറെ പ്രതീക്ഷ നൽകി കാത്തിരിക്കുന്ന ചിത്രമാണ് സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ. നവംബർ 14 നാണ് കങ്കുവ തിയേറ്ററുകളിൽ എത്തുന്നത്. കെ ഇ ജ്ഞാനവേലും വംശി പ്രമോദും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഇരട്ട റോളുകളിലാണ് സൂര്യ ചിത്രത്തിൽ അഭിനയിക്കുന്നത്. ബോളിവുഡ് താരം ദിഷ പഠാണിയാണ് കങ്കുവയിൽ നായികയായി എത്തുന്നത്. ബോബി ഡിയോളാണ് വില്ലൻ. കോവൈ സരള, ജഗപതി ബാബു, യോഗി ബാബു. ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Content Highlights: Actor Karthi on Suriya facing criticism

To advertise here,contact us