'നിങ്ങൾക്ക് നുള്ളി നോക്കാം, ഇതിൽ ഒരുതരി പ്ലാസ്റ്റിക്കില്ല'; കോസ്മറ്റിക് സർജറി അഭ്യൂഹങ്ങളെക്കുറിച്ച് നയൻസ്

കോസ്മറ്റിക് സർജറി അഭ്യൂഹങ്ങളിൽ പ്രതികരിച്ച് നയൻ‌താര

വ്യത്യസ്തമായ സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെയും പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ നടിയാണ് നയൻ‌താര. കുറച്ച് കാലം മുന്നേ നടി ശാരീരികമായി നടത്തിയ മേക്കോവർ വലിയ ചർച്ചയായിരുന്നു. തുടക്കകാലത്തെ രൂപത്തിൽ നിന്ന് അടിമുടി ഒരു മാറ്റമായിരുന്നു നടി വരുത്തിയത്. ഇതിന് പിന്നാലെ നടി കോസ്മറ്റിക് സർജറി നടത്തിയതായി പല അഭ്യൂഹങ്ങളും പ്രചരിക്കുകയും ചെയ്തു. ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ ചിലർ നയൻസിനെ ഇക്കാരണത്താൽ വിമർശിക്കാറുമുണ്ട്. ആ അഭ്യൂഹങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് നയൻ‌താര.

'ഞാൻ മുഖത്ത് എന്തോ ചെയ്തിട്ടുണ്ട് എന്നാണ് പലരും കരുതിയിരിക്കുന്നത്. എന്നാൽ അത് സത്യമല്ല. എന്നെ സംബന്ധിച്ചിടത്തോളം ഇത് ഡയറ്റ് കൊണ്ടാണ്. ഭാരത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ നിങ്ങൾക്ക് എന്നെ നുള്ളിനോക്കാം, ഇതിൽ ഒരുതരി പ്ലാസ്റ്റിക്കില്ല,' എന്ന് നയൻ‌താര തമാശ രൂപേണ പറഞ്ഞു. തനിക്ക് പുരികം ത്രെഡ് ചെയ്യുന്നത് ഏറെ ഇഷ്ടമുള്ള കാര്യമാണെന്നും അതിൽ വ്യത്യസ്തതകൾ കൊണ്ടുവരാറുണ്ടെന്നും നടി പറഞ്ഞു. ഇക്കാരണത്താലാകാം തന്റെ മുഖത്തിന് വ്യത്യാസങ്ങൾ വന്നതായി ആളുകൾക്ക് തോന്നുന്നത് എന്നാണ് നയൻസിന്റെ അഭിപ്രായം.

അന്നപൂരണി എന്ന സിനിമയാണ് നയൻ‌താരയുടേതായി ഒടുവിൽ റിലീസ് ചെയ്തത്. തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം ലഭിച്ച സിനിമയെച്ചൊല്ലി ഒടിടി റിലീസിന് പിന്നാലെ ഏറെ വിവാദങ്ങൾ ഉടലെടുത്തിരുന്നു. ചിത്രം ഹിന്ദുവികാരം വൃണപ്പെടുത്തിയെന്ന് ആരോപിച്ച് ഹൈന്ദവ സംഘടനകൾ പ്രതിഷേധമുയർത്തിയിരുന്നു.

അതേസമയം ലവ് ഇൻഷുറൻസ് കമ്പനി എന്ന ചിത്രത്തിന്‍റെ നിര്‍മാണത്തിലാണ് നയന്‍താര. റൗഡി പിക്ചേഴ്സിന്‍റെ ബാനറില്‍ നയന്‍താരയാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിഗ്നേഷ് ശിവനാണ് സംവിധാനം. ലിയോ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് എസ്എസ് ലളിത് കുമാര്‍ ചിത്രത്തിന്‍റെ സഹ നിര്‍മ്മാതാവാണ്. 'ഡിയർ സ്റ്റുഡൻസ്' എന്ന മലയാള ചിത്രവും നയന്‍സിന്‍റേതായി പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlights: Nayanthara addresses rumours of surgery

To advertise here,contact us