'മമ്മൂട്ടിയുടെ മകനായി നിന്നുകൊണ്ട് കരിയറുണ്ടാക്കാൻ പ്രയാസം'; ദുൽഖറിനെ പ്രശംസിച്ച് ത്രിവിക്രം ശ്രീനിവാസ്

'അദ്ദേഹം തന്റെ മകനെ ഓർത്ത് അഭിമാനിക്കും'

ഒരു ദുൽഖർ സൽമാൻ ചിത്രത്തിനായുള്ള ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. ലക്കി ഭാസ്കർ റിലീസിന് ഒരുങ്ങുമ്പോൾ, ദുൽഖർ സിനിമയുടെ പ്രമോഷൻ തിരക്കുകളിലാണ്. ഇപ്പോഴിതാ സിനിമയുടെ പ്രീ റിലീസ് ഇവന്റിൽ തെലുങ്കിലെ പ്രശസ്ത സംവിധായകൻ ത്രിവിക്രം ശ്രീനിവാസ് ദുൽഖറിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ഈ തലമുറയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ദുൽഖർ എന്നാണ് ത്രിവിക്രം ശ്രീനിവാസ് പറഞ്ഞത്. ലക്കി ഭാസ്കറിലെ കഥാപാത്രത്തിലേക്ക് നടൻ എളുപ്പത്തിൽ നടന്നുകയറി. എന്തൊരു നടനാണ് അദ്ദേഹം. മമ്മൂട്ടിയുടെ മകനായിരുന്നുകൊണ്ട് ഒരു നടൻ എന്ന നിലയിൽ വ്യത്യസ്തമായ കരിയറുണ്ടാക്കുക എന്നത് തീർത്തും പ്രയാസം നിറഞ്ഞ കാര്യമാണ്. അദ്ദേഹം തന്റെ മകനെ ഓർത്ത് അഭിമാനിക്കും. സീതാരാമവും മഹാനടിയും ലക്കി ഭാസ്കറും വ്യത്യസ്തമായ സിനിമകളാണ് എന്നും ത്രിവിക്രം പറഞ്ഞു.

మమ్ముట్టి అనే మహా వృక్షం కింద కూడా ఎదగడం మామూలు విషయం కాదు!#Trivikram #DulquerSalmaan #Mammootty #LuckyBaskhar pic.twitter.com/QG2Wrlxvt5

അതേസമയം ലക്കി ഭാസ്കർ ഒക്ടോബർ 31-ന് ദീപാവലിക്ക് തിയേറ്ററുകളിലെത്തും. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിന് പുറമെ തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും പ്രദർശനത്തിനെത്തും. മീനാക്ഷി ചൗധരി ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ് ലക്കി ഭാസ്കറിന് സംഗീതം പകരുന്നത്.

100 കോടി ബജറ്റിലൊരുങ്ങുന്ന 'ലക്കി ഭാസ്‌കർ' 1980-1990 കാലഘട്ടത്തെ കഥയാണ് പറയുന്നത്. ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌ക്കർ കുമാർ ആയിട്ടാണ് ദുൽഖർ എത്തുന്നത്. സിതാര എന്റർടെയിൻമെന്റ്‌സിന്റെ ബാനറിൽ സൂര്യദേവര നാഗ വംശിയും ഫോർച്യൂൻ ഫോർ സിനിമാസിന്റെ ബാനറിൽ സായ് സൗജന്യയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്.

Contentb Highlights: Trivikram Srinivas praises Dulquer Salmaan

To advertise here,contact us