'ഇത് എനിക്ക് വേണം, നിങ്ങളെനിക്ക് തരണം, ഇത് ഞാനിങ്ങെടുക്കുവാ!'; AMMA മീറ്റിങ്ങിൽ വൈറൽ ഡയലോ​ഗുമായി സുരേഷ് ഗോപി

നേരത്തെ താരസംഘടനയായ AMMA തിരിച്ചുവരുമെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

'തൃശൂർ എനിക്ക് വേണം, തൃശൂർ നിങ്ങളെനിക്ക് തരണം!' തിരഞ്ഞെടുപ്പ് കാലത്ത് നടനും മന്ത്രിയുമായ സുരേഷ് ഗോപിയുടെ പ്രധാന ഡയലോഗുകളിൽ ഒന്നായിരുന്നു ഇത്. ട്രോളുകളായും പിന്നീട് സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് ക്യാംപെയ്ൻ വാക്യമായും ഈ ഡയലോഗ് മാറിയിരുന്നു. ഇപ്പോഴിതാ ഇതിനോട് സാമ്യമുള്ള ഡയലോഗുമായി വീണ്ടും എത്തിയിരിക്കുകയാണ് സുരേഷ് ഗോപി.

താരസംഘടനയായ AMMAയുടെ, കേരള‍പ്പിറവി ദിനത്തിനോട് അനുബന്ധിച്ച് നടന്ന കുടുംബ സംഗമത്തിനിടെയായിരുന്നു സുരേഷ് ഗോപി ഈ ഡയലോഗ് ആവർത്തിച്ചത്. പരിപാടിക്കിടെ കോട്ടയം നസീറിന്റെ പുതിയ സംരംഭമായ പെയിന്റമിക്കിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി ഒരു ചിത്രം സുരേഷ് ഗോപിക്ക് സമ്മാനിച്ചിരുന്നു.

ഈ ചിത്രം കണ്ടതോടെയാണ് സുരേഷ് ഗോപി 'ഇത് എനിക്ക് വേണം, ഇത് നിങ്ങളെനിക്ക് തരണം, ഇത് ഞാനിങ്ങെടുക്കുവാ…' എന്ന 'ഹിറ്റ്' ഡയലോഗ് പറഞ്ഞത്. കോട്ടയം നസീർ വരച്ച ചിത്രങ്ങൾ ഓൺലൈനായി വാങ്ങാൻ കഴിയുന്ന പ്ലാറ്റ്‌ഫോം ആണ് പെയിന്റമിക്.

നേരത്തെ താരസംഘടനയായ AMMA തിരിച്ചുവരുമെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. AMMAയിൽ പുതിയ കമ്മിറ്റി ഉണ്ടാകുമെന്നും ഇതിനുള്ള തുടക്കം താൻ കുറിച്ചെന്നുമായിരുന്നു കൊച്ചിയിൽ AMMA ആസ്ഥാനത്ത് നടന്ന കുടുംബ സംഗമത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ സുരേഷ് ഗോപി പറഞ്ഞത്.

Also Read:

Entertainment News
ARM ഉം കിഷ്‌കിന്ധാകാണ്ഡവും വേട്ടയ്യനും ഒടിടിയിലേക്ക്; റിലീസ് ചെയ്യുന്നത് ഈ തീയതികളിൽ

'സംഘടനയിലേക്ക് എല്ലാവരെയും തിരികെ കൊണ്ടുവരും. മോഹൻലാലുമായി ചർച്ച നടത്തി. AMMA എത്രയും പെട്ടെന്ന് തിരിച്ചുവരും. ഇന്ന് അതിന് തുടക്കം കുറിച്ചു. ഇനി അതിന് ഉത്തരവാദിത്തപ്പെട്ടവർ വരട്ടെ.' സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ.

തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി ഒന്നടങ്കം രാജിവെച്ചതോടെ അഡ്ഹോക്ക് കമ്മിറ്റിയാണ് നിലവിൽ AMMA സംഘടനയുടെ താൽക്കാലിക ചുമതല നിർവഹിക്കുന്നത്. താരസംഘടനയുടെ നിയമാവലിപ്രകാരം എക്സിക്യൂട്ടീവിലെ അംഗങ്ങൾ തന്നെയാണ് നിലവിൽ അഡ്ഹോക്ക് കമ്മിറ്റിയിൽ ഉള്ളത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ജനറൽ സെക്രട്ടറിയായിരുന്ന സിദ്ധീഖിനെതിരെ ലൈം​ഗിക ആരോപണം ഉയരുകയും സിദ്ധീഖ് രാജി വെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് AMMA ഭാരവാഹികൾ ഒന്നടങ്കം രാജിവെച്ചത്.

Content Highlights: Suresh Gopi Says Thrissur viral dialogue at the AMMA meeting

To advertise here,contact us