ശിവകാർത്തികേയൻ നായകനായെത്തിയ പുതിയ ചിത്രമാണ് അമരൻ. മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമ കണ്ട് പ്രേക്ഷകർ വികാരാധീനരാകുന്നതിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
സിനിമയുടെ തെലുങ്ക് പതിപ്പ് കണ്ട ശേഷം അവിടുത്തെ പ്രേക്ഷകർ കരയുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 'ഇതാണ് സിനിമയുടെ യഥാർത്ഥ വിജയം' എന്ന് ഒരാൾ ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഏറെ വൈകാരികമായ അനുഭവമാണ് സിനിമ സമ്മാനിക്കുന്നത് എന്നും പ്രേക്ഷകർ പറയുന്നുണ്ട്.
#Sivakarthikeyan's #Amaran has left Telugu audiences emotional 💥THE REAL SUCCESS OF THE FILM 💥 pic.twitter.com/SwCJ9UdNsQ
അതേസമയം, തിയേറ്ററിലെത്തി ആദ്യ ദിനം തന്നെ ആഗോളതലത്തിൽ 42 കോടിയിലധികമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. 17 കോടി രൂപയാണ് തമിഴ് നാട്ടിൽ നിന്നുമുള്ള ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ. ബോക്സ് ഓഫീസിൽ മികച്ച തുടക്കം കുറിച്ചതിനാൽ തന്നെ ആദ്യ വാരം പുതിയ റെക്കോർഡുകൾ ചിത്രം സ്വന്തമാക്കുമെന്നാണ് അനലിസ്റ്റുകളുടെ അഭിപ്രായം.
മേജർ മുകുന്ദ് വരദരാജന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ ശിവകാർത്തികേയനാണ് മുകുന്ദായി എത്തുന്നത്. മുകുന്ദിന്റെ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയി സായ് പല്ലവി അഭിനയിക്കുന്നു. ചിത്രത്തിന് ജി വി പ്രകാശ് കുമാറാണ് സംഗീതമൊരുക്കിയിരിക്കുന്നത്.
Content Highlights: Telugu audience gets emotional after watching Amaran