'ആ സിക്‌സ് പാക്ക് ഒറിജിനൽ അല്ല, എഡിറ്റ് ചെയ്തവനെ തപ്പി നടക്കുകയാണ്!'; ശിവ കാർത്തികേയൻ

'പലരും ആ ഫോട്ടോ കണ്ട് എന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നു. അവരുടെ വിചാരം അത് ഒറിജനിലാണെന്നാണ്!'

രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്ത് ശിവകാർത്തികേയൻ നായകനായ 'അമരൻ' വിജയകരമായി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. നാല് ദിവസം കൊണ്ട് ചിത്രം 140 കോടിക്കടുത്ത് കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന് വേണ്ടി ശിവകാർത്തികേയൻ നടത്തിയ ട്രാൻഫോർമേഷനും വർക്ക് ഔട്ട്മെല്ലാം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. അതേസമയം തന്നെ സിക്‌സ് പാക്കിലുള്ള ശിവകാർത്തികേയന്റെ ഒരു ഫോട്ടോ വ്യാപകമായി പ്രചരിച്ചിരുന്നു. ആ ചിത്രം ഫേക്കാണെന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ ശിവകാർത്തികേയൻ.

പലരും ആ ഫോട്ടോ കണ്ട് സത്യമാണെന്ന് കരുതി തന്നെ വിളിച്ച് അഭിനന്ദിച്ചെന്നും ഫോട്ടോ എഡിറ്റ് ചെയ്തവനെ തപ്പി നടക്കുകകയാണെന്നും ശിവകാർത്തികേയൻ പറഞ്ഞു. ആ ചിത്രം ഫേക്ക് ആണെന് തോന്നാത്ത വിധമാണ് എഡിറ്റ് ചെയ്തതെന്നും ഇത് ചെയ്തവർക്ക് നല്ല കഴിവുണ്ടെന്നും ശിവകാർത്തികേയൻ കൂട്ടിച്ചേർത്തു. അമരന്റെ പ്രൊമോഷന്റെ ഭാഗമായി വിജയ് ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.

Also Read:

Entertainment News
ലക്കി ദുൽഖർ, ഇനി ലക്‌ഷ്യം 100 കോടി; ആഗോള ബോക്സ് ഓഫീസിൽ 50 കോടി കടന്ന് 'ലക്കി ഭാസ്കർ'

‘അമരന് വേണ്ടി നന്നായി പണിയെടുത്തിട്ടുണ്ട്. മിലിട്ടറി ട്രെയിനിങ് ഒക്കെ നമ്മളെ പരമാവധി പിഴിഞ്ഞെടുക്കുന്ന തരത്തിലുള്ളതായിരുന്നു. ആ ക്യാരക്ടറിന് വേണ്ടി ബോഡി ഫിറ്റാക്കാനും നല്ല പാടായിരുന്നു. അതിന്റെ ഇടയില്‍ എന്റെ ബോഡി ട്രാന്‍സ്‌ഫോര്‍മേഷനെന്ന് പറഞ്ഞ് സിക്‌സ് പാക്ക് കാണിച്ചുനില്‍ക്കുന്ന ഫോട്ടോ വന്നിരുന്നു. അത് സത്യം പറഞ്ഞാല്‍ ഫേക്കാണ്. എനിക്ക് സിക്‌സ് പാക്കൊന്നും ഇല്ല. ബോഡി ഫിറ്റാക്കി എടുത്തു എന്ന് മാത്രമേയുള്ളൂ. ആ സമയത്ത് ഞാന്‍ എല്ലാ പരിപാടിയിലും ക്യാപ് ധരിക്കുമായിരുന്നു. ആ ക്യാപ് ഫോട്ടോയിലും കണ്ടതോടെ പലരും അത് ഒറിജിനലാണെന്ന് തെറ്റിദ്ധരിച്ചു. പലരും ആ ഫോട്ടോ കണ്ട് എന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നു. അവരുടെ വിചാരം അത് ഒറിജനിലാണെന്നാണ്. ആ ഫോട്ടോ എഡിറ്റ് ചെയ്തവനെ ഞാന്‍ തപ്പി നടക്കുകയാണ്. അവന് നല്ല കഴിവുണ്ട്,’ ശിവകാര്‍ത്തികേയന്‍ പറഞ്ഞു.

മേജർ മുകുന്ദ് വരദരാജന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ ശിവകാർത്തികേയനാണ് മുകുന്ദായി എത്തുന്നത്. മുകുന്ദിന്റെ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയി സായ് പല്ലവി അഭിനയിക്കുന്നു. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിനായി സംഗീതമൊരുക്കിയിരിക്കുന്നത്. കമൽ ഹാസന്റെ രാജ് കമൽ ഫിലിംസും സോണി പിക്ചേഴ്സും ചേർന്നാണ് അമരൻ നിർമിച്ചിരിക്കുന്നത്.

Content Highlights: sivakarthikeyan about the viral 6th pack photo during amaran shooting

To advertise here,contact us