വിജയ്‌യുടെ 'തെരി' കണ്ടു, ഇത് വരുൺ ധവാന്റെ ആക്ഷൻ അവതാരം; അറ്റ്ലീയുടെ 'ബേബി ജോൺ' ടീസർ പുറത്ത്

ചിത്രത്തിന്റെ ടീസർ ദീപാവലിക്ക് അജയ് ദേവ്ഗൺ ചിത്രം സിങ്കം എഗെയിനിനൊപ്പം പ്രദർശിപ്പിച്ചിരുന്നു.

വരുൺ ധവാനെ നായകനാക്കി സംവിധായകൻ കാലീസ് ഒരുക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് 'ബേബി ജോൺ'. അറ്റ്ലീ സംവിധാനം ചെയ്തു വിജയ് നായകനായി എത്തിയ ബ്ലോക്ക്ബസ്റ്റര്‍ ആക്ഷൻ ചിത്രം 'തെരി'യുടെ റീമേക്ക് ആണ് ബേബി ജോൺ. ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. തമിഴിലെ കഥ നിലനിർത്തിക്കൊണ്ടുതന്നെ പുതിയൊരു തരത്തിൽ ഒരു വമ്പൻ മാസ്സ് ചിത്രമായിട്ടാണ് ബേബി ജോണിനെ അവതരിപ്പിക്കുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. ഇതുവരെ കാണാത്ത തരത്തിൽ ഒരു മുഴുനീള ആക്ഷൻ ഹീറോ ആയിട്ടാണ് ചിത്രത്തിൽ വരുൺ ധവാൻ എത്തുന്നത്.

ഡിസംബർ 25 ന് ചിത്രം തിയേറ്ററിലെത്തും. ഒരു പുതിയ ഫ്ലേവർ ഞങ്ങൾ ബേബി ജോണിന് നൽകിയിട്ടുണ്ട്. ഇന്നത്തെ സമൂഹത്തിൽ നടക്കുന്ന ചില യഥാർത്ഥ സംഭവങ്ങളെയും സിനിമയിൽ ചേർത്തിട്ടുണ്ട്. ഹിന്ദി പ്രേക്ഷകർക്ക് ഉറപ്പായും 'ബേബി ജോൺ' ഒരു പുതിയ അനുഭവമായിരിക്കുമെന്ന് അറ്റ്ലീ മുൻപ് പറഞ്ഞിരുന്നു.

ജിയോ സ്റ്റുഡിയോ, സിനി 1 സ്റ്റുഡിയോ, ആപ്പിൾ പ്രൊഡക്ഷൻസിന് കീഴിൽ അറ്റ്ലി, മുറാദ് ഖേതാനി, ജ്യോതി ദേശ്പാണ്ഡെ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സുമിത് അറോറയാണ് ചിത്രത്തിന്റെ ഡയലോഗുകൾ എഴുതിയിരിക്കുന്നത്. കീർത്തി സുരേഷ്, വാമിക ഗബ്ബി, ജാക്കി ഷ്‌റോഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ചിത്രത്തിൽ സൽമാൻ ഖാനും അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

Also Read:

Entertainment News
വീണ്ടും ഒരു ബോളിവുഡ് റീമേക്ക്, ഇത്തവണ വിജയ് പടം; ബേബി ജോൺ ഈ തമിഴ് ചിത്രത്തിന്റെ അഡാപ്റ്റേഷൻ

വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് ചിത്രത്തിലുള്ളത്. ചിത്രത്തിന്റെ ടീസർ ദീപാവലിക്ക് അജയ് ദേവ്ഗൺ ചിത്രം സിങ്കം എഗെയിനിനൊപ്പം പ്രദർശിപ്പിച്ചിരുന്നു. നല്ല പ്രേക്ഷക പ്രതികരണമായിരുന്നു ടീസറിന് ലഭിച്ചത്. സെപ്റ്റംബറിൽ നടന്ന ബിഗ് സിനി എക്‌സ്‌പോയിൽ ചിത്രത്തിൻ്റെ 5 മിനിറ്റ് ദൃശ്യങ്ങൾ ഫിലിം എക്‌സിബിറ്റർമാർക്കും വിതരണക്കാർക്കുമായി പ്രദർശിപ്പിച്ചിരുന്നു. നല്ല പ്രതികരണമാണ് ഇതിനും ലഭിച്ചത്.

Content Highlights: Vijay film Theri remake Baby John teaser out now

To advertise here,contact us