'റോളക്സ് നല്ലവൻ അല്ല, ലോകേഷ് ഒരിക്കലും ആ കഥാപാത്രത്തെ അങ്ങനെ ചിത്രീകരിക്കില്ല'; സൂര്യ

കാർത്തിയെ നായകനാക്കി ഒരുങ്ങുന്ന കൈതിയുടെ രണ്ടാം ഭാഗത്തിൽ റോളക്സ് ഉണ്ടാകും

ഏറെ പ്രശംസ പിടിച്ചു പറ്റിയ കഥാപാത്രമായിരുന്നു കമൽ ഹാസൻ ചിത്രമായ വിക്രത്തിൽ സൂര്യ അവതരിപ്പിച്ച റോളക്സ് എന്ന വില്ലൻ. ചിത്രത്തിലെ സൂര്യയുടെ ഗെറ്റപ്പും ഡയലോഗുമെല്ലാം വലിയ രീതിയിലാണ് ആരാധകർ സ്വീകരിച്ചത്. റോളക്സിനെ കേന്ദ്ര കഥാപാത്രമാക്കി ഒരു സിനിമ വരുമെന്ന് ലോകേഷ് കനകരാജ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

റോളക്‌സിന്റെ കഥ പറയുന്ന ചിത്രത്തില്‍ ആ കഥാപാത്രത്തിന്റെ പോസിറ്റീവുകള്‍ കാണിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ഇപ്പോൾ സൂര്യ. റോളക്‌സ് എന്നത് വെറും നെഗറ്റീവ് കഥാപാത്രമാണെന്നും അയാളില്‍ നന്മയുണ്ടായാൽ പ്രേക്ഷകര്‍ അയാളെ ആരാധിക്കും. അതുകൊണ്ട് തന്നെ ലോകേഷ് ഒരിക്കലും അങ്ങനെയൊരു കാര്യം ചെയ്യുമെന്ന് താന്‍ കരുതുന്നില്ലെന്ന് സൂര്യ പറഞ്ഞു. കങ്കുവയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ് മീറ്റിലാണ് നടന്റെ പ്രതികരണം.

‘റോളക്‌സിന്റെ സ്റ്റാന്‍ഡ് എലോണ്‍ ചിത്രം ആ കഥാപാത്രത്തിന്റെ വില്ലനിസം കാണിക്കുന്ന ചിത്രമാകും. ഒരിക്കലും ആ കഥാപാത്രത്തിന്റെ പോസിറ്റീവ് കാര്യങ്ങള്‍ ലോകേഷ് കാണിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. കാരണം, യാതൊരു തരത്തിലും പ്രേക്ഷകര്‍ക്ക് ഇഷ്ടം തോന്നേണ്ട കഥാപാത്രമല്ല അത്. അയാളുടെ ചെയ്തികള്‍ ഒരിക്കലും ന്യായീകരിക്കപ്പെടേണ്ടതുമല്ല. അങ്ങനെ കാണിച്ചാല്‍ ആ കഥാപാത്രത്തോടും സമൂഹത്തോടും ചെയ്യുന്ന നീതികേടാകും. അയാളെ ന്യായീകരിക്കുന്നതായി കാണിച്ചാല്‍ പ്രേക്ഷകര്‍ ആ കഥാപാത്രത്തെ ആരാധിക്കാന്‍ ചാന്‍സുണ്ട്. സമൂഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ അത് വളരെ അപകടകരമാണ്,’ സൂര്യ പറഞ്ഞു.

Also Read:

Entertainment News
'മുൻകാലങ്ങളിൽ എനിക്ക് തെറ്റുകൾ പറ്റി, പലതും വിചാരിച്ച പോലെ നടന്നില്ല, തോൽവി സമ്മതിക്കുന്നു'; സാമന്ത

കാർത്തിയെ നായകനാക്കി ഒരുങ്ങുന്ന കൈതിയുടെ രണ്ടാം ഭാഗത്തിൽ റോളക്സ് എത്തുമെന്നും കങ്കുവയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിൽ സൂര്യ പറഞ്ഞിരുന്നു. അതേസമയം സൂര്യയുടേതായി തിയേറ്ററിന്റെ എത്താനിരിക്കുന്ന ചിത്രമാണ് കങ്കുവ. ശിവയുടെ സംവിധാനത്തിലെത്തുന്ന ചിത്രം നവംബർ 14-നാണ് ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, ജി ധനഞ്ജയൻ , യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Content Highlights: actor suriya about lokesh kanakaraj movie rolex character

To advertise here,contact us