പ്രേക്ഷകരെ ഭംഗിയായി പറ്റിക്കുന്നതിലാണ് സിനിമയുടെ വിജയം, അതിൽ വിജയിച്ച സിനിമയാണ് 'പുലിമുരുകൻ': ജോസഫ് നെല്ലിക്കൽ

'നിങ്ങൾ ഭംഗിയായി പറ്റിക്ക് എന്നും പറഞ്ഞ് കൈയും കെട്ടിയിട്ടാണ് പൈസ കൊടുത്ത് പ്രേക്ഷകർ സിനിമ കാണാൻ കയറുന്നത്. ആ പറ്റിക്കുന്ന സാധനം യഥാർത്ഥമല്ലെങ്കിൽ അവിടെ പരാജയമാണ്'

മലയാള സിനിമയുടെ ആദ്യ 100 കോടി ചിത്രമായിരുന്നു മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകൻ. കാടിന്റെ പശ്ചാലത്തിൽ വലിയ സ്കെയിലിൽ ഒരുങ്ങിയ സിനിമ പ്രേക്ഷകർക്ക് ഒരു ദൃശ്യവിരുന്ന് തന്നെയായിരുന്നു. ഒരു നാടിനെ ഭയപ്പെടുത്തുന്ന വരയൻപുലികളും അവയെ വേട്ടയാടുന്ന നായകനും പ്രേക്ഷകർക്ക് പുതുമയായിരുന്നു. ആ സിനിമ ഒരുക്കിയതിന് പിന്നിലെ അനുഭവങ്ങൾ റിപ്പോർട്ടറുമായി പങ്കുവെക്കുകയാണ് കലാസംവിധായകൻ ജോസഫ് നെല്ലിക്കൽ.

'ലാലേട്ടനും മമ്മൂക്കയും ഒക്കെ ഇടിക്കുമ്പോൾ ഇടി കൊള്ളുന്നില്ലെന്ന് കുഞ്ഞു കുട്ടികൾക്ക് വരെ അറിയാം. ഹീറോ വില്ലനെ കുത്തുമ്പോൾ കുത്ത് കൊള്ളുന്നില്ലെന്ന് കൊച്ചുകുട്ടികൾക്ക് വരെ അറിയാം. ചോര വരുമ്പോൾ അത് ഒറിജിനൽ ചോര അല്ലെന്നും എല്ലാവർക്കും അറിയാം. ഇത് കാണുന്ന പ്രേക്ഷകൻ, ഇത് ഞങ്ങളെ പറ്റിക്കുന്നതാണ് എന്ന് അറിഞ്ഞിട്ടാണ് സിനിമ കാണാൻ വരുന്നത്. എല്ലാവർക്കും അറിയാം, സിനിമ പറ്റിക്കുന്നതാണ് എന്ന്. ഈ പറ്റിക്കുന്നത് നിങ്ങൾ ഭംഗിയായി പറ്റിക്ക് എന്നും പറഞ്ഞ് കൈയും കെട്ടിയിട്ടാണ് പൈസ കൊടുത്ത് കാണാൻ കയറുന്നത്. ആ പറ്റിക്കുന്ന സാധനം യഥാർത്ഥമല്ലെങ്കിൽ അവിടെ പരാജയമാണ്. വളരെ മനോഹരമായി പറ്റിക്കുക. അതാണ് സിനിമ. അങ്ങനെ സിനിമയിലൂടെ പ്രേക്ഷകനെ കൊണ്ടുപോകുന്നിടത്താണ് സിനിമ വിജയിക്കുന്നത്. അതിൽ വിജയിച്ച സിനിമയാണ് പുലിമുരുകൻ,'

'ജനങ്ങൾ അതുവരെ കാണാത്ത ഒരു പശ്ചാത്തലമായിരുന്നു ആ സിനിമയുടേത്. ഒരു കാടും അവിടെ കുറെ ജനങ്ങളും അവിടെ പുലിയുടെ ശല്യവും അതിനെ പിടിക്കാൻ വരുന്ന മനുഷ്യനും ഒക്കെ പുതുമയായിരുന്നു. ആ കഥ കേൾക്കുമ്പോൾ നമുക്കും ഒരു ആകാംക്ഷയായിരുന്നു, ഇത് എങ്ങനെ ചെയ്യാം എന്നതിൽ. സിനിമയിൽ ആദ്യം പുലിയെ തന്നെയായിരുന്നു പ്ലാൻ ചെയ്തത്. എന്നാൽ പുലിയുടെ വേഗതയോട് മത്സരിക്കാൻ ക്യാമറയ്ക്ക് പറ്റില്ല എന്നത് കൊണ്ടാണ് പിന്നീട് അത് കടുവയായത്. കടുവയെ വരയൻപുലി എന്നും വിളിക്കും. അങ്ങനെയാണ് ആ പ്രശ്നം സോൾവ് ചെയ്തത്,'

'അങ്ങനെ ഞങ്ങൾ കടുവയെ കാണുന്നതിന് വിയറ്റ്നാമിൽ പോയി. അപ്പോഴാണ് കടുവയുടെ ഭീകരത മനസിലാകുന്നത്. അതിന്റെ ഭാരം 500 കിലോയ്ക്ക് മുകളിലാണ്. കടുവ അടിച്ച് കഴിഞ്ഞാൽ അതിന്റെ മൂന്നിരട്ടിയാണ് ആ അടിയുടെ പവർ വരുന്നത്. ആ കടുവയെ ഹോൾഡ് ചെയ്തുകൊണ്ട് അഭിനയിക്കുന്നതിന് ഒരാൾക്കും പറ്റില്ല. അതിന് വേണ്ടുന്ന ഡമ്മിയൊക്കെ ഒരുക്കി,' എന്ന് ജോസഫ് നെല്ലിക്കൽ പറഞ്ഞു.

Also Read:

Entertainment News
ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രം; രാമായണ ഒന്ന്,രണ്ട് ഭാഗങ്ങളുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

പുലിമുരുകനിലെ മുരുകന്റെ ആയുധമായ വേലും കാലിലും കൈയിലുമെല്ലാം കെട്ടിവെച്ചിരിക്കുന്ന കത്തികളും ആ സമയം വലിയ ഹിറ്റായിരുന്നു. മുരുകന്റെ ആയുധങ്ങൾ ഒരുക്കിയതിനെക്കുറിച്ച് ജോസഫ് നെല്ലിക്കൽ പറയുന്നത് ഇങ്ങനെ: 'പുലിമുരുകൻ എന്നാൽ ചെറുപ്പം മുതൽ പുലിയെ പിടിക്കുന്ന ആളാണ്. അയാൾ പുലിയെ കൊല്ലുന്നതിന് കുന്തം പോലൊരു വസ്തുവാണ് ഉപയോഗിക്കുന്നത്. അതുപോലെ അയാളുടെ കയ്യിലും കാലിലുമെല്ലാം കത്തികളുണ്ട്. അയാൾ എപ്പോഴും ഒരു പുലിയെ പിടിക്കുന്നതിന് തയ്യാറാണ്. അതും ആ കഥാപാത്രം തന്നെ ഉണ്ടാക്കിയ ആയുധങ്ങൾ ആകണം അവ. അതൊരു ചാലഞ്ചായിരുന്നു. അതിന് രണ്ട്-മൂന്ന് തരം മെറ്റീരിയൽസ് സ്ക്രിബിൾ ചെയ്തു. അതിൽ നിന്നാണ് സിനിമയിൽ കാണുന്നവ തിരഞ്ഞെടുത്തത്'.

Content Highlights: Art Director Joseph Nellickal shares the experience of making Pulimurugan movie

To advertise here,contact us