ഹോളിവുഡിലും റിവ്യൂവേഴ്‌സിന് 'പണി'; അസഭ്യം പറഞ്ഞ് ടോം ഹാങ്ക്‌സ്

1996ല്‍ പുറത്തിറങ്ങിയ That Thing You Do എന്ന ചിത്രത്തിന്‍റെ റിവ്യൂവിനെ കുറിച്ചായിരുന്നു ടോം ഹാങ്ക്‌സ് സംസാരിച്ചത്.

മോളിവുഡില്‍ സിനിമാ നിരൂപകര്‍ക്കും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കുമെതിരെ സിനിമാമേഖലയിലെ ചിലര്‍ നടത്തുന്ന പ്രതികരണങ്ങള്‍ സമീപകാലത്തായി വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നുണ്ടല്ലോ. പണി എന്ന സിനിമയുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ ജോജു ജോര്‍ജ് ഒരു റിവ്യൂവറെ വിളിച്ച് ഭീഷണിപ്പെടുത്തിയതായിരുന്നു ഏറ്റവുമൊടുവിലെ വാര്‍ത്ത.

അതുപോലെ തന്നെയല്ലെങ്കിലും റിവ്യൂവേഴ്‌സിനെതിരെ കടുത്ത പ്രതികരണവുമായി എത്തി പുലിവാല് പിടിച്ചിരിക്കുകയാണ് ഒരു ഹോളിവുഡ് താരം, ടോം ഹാങ്ക്‌സ് ആണ് ഈ നടന്‍. ഹോളിവുഡിന്റെ ജന്റില്‍മെന്‍ എന്ന രീതിയില്‍ അറിയപ്പെട്ടിരുന്ന ടോം ഹാങ്ക്‌സില്‍ നിന്നുമുണ്ടായ അധിക്ഷേപ പരാമര്‍ശം സിനിമാലോകത്തെയും പ്രേക്ഷകരെയും ഞെട്ടിച്ചിരിക്കുകയാണ്.

കോനന്‍ ഒബ്രിയാന്‍ നടത്തുന്ന Conan O'Brien Needs A Friend എന്ന പോഡ്കാസ്റ്റിനിടെയാണ് തന്റെ ഒരു മുന്‍ ചിത്രത്തെ കുറിച്ച് റിലീസ് സമയത്തും പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷവും ഒരു റിവ്യൂവര്‍ തികച്ചും വ്യത്യസ്തമായ രണ്ട് അഭിപ്രായങ്ങള്‍ പറഞ്ഞതിനെ കുറിച്ച് ടോം ഹാങ്ക്‌സ് സംസാരിച്ചത്.

റിവ്യൂവേഴ്‌സിനെ തെറി പറഞ്ഞുകൊണ്ടായിരുന്നു നടന്‍ സിനിമാനിരൂപണത്തെ കുറിച്ച് സംസാരിച്ചു തുടങ്ങിയത്. ഇതാണ് പ്രധാനമായും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്.

1996ല്‍ പുറത്തിറങ്ങിയ That Thing You Do എന്ന ചിത്രത്തെ കുറിച്ചായിരുന്നു ടോം ഹാങ്ക്‌സ് സംസാരിച്ചത്. റിലീസ് സമയത്ത് വലിയ വിജയം നേടാനാകാതിരുന്ന ചിത്രം പിന്നീട് പ്രേക്ഷകരുടെ പ്രിയ ചിത്രങ്ങളിലൊന്നായി മാറിയിരുന്നു.

Also Read:

Entertainment News
ആ പേടി നല്ലതാ ! പുഷ്പ 2വിന്റെ റിലീസ്; വിക്കി കൗശലിന്റെ 'ഛാവ'യും റിലീസ് മാറ്റുന്നു

'സിനിമയെ കുറിച്ച് എഴുതുന്ന …….ഇവന്മാരെ കുറിച്ച് എനിക്ക് ചിലത് പറയാനുണ്ട്. ആ പടം ഇറങ്ങിയ സമയത്ത് ഒരാള്‍ എഴുതിയ ചില കാര്യങ്ങളുണ്ട്. ടെലിവിഷനിലെ സീനിയേഴ്‌സിനൊപ്പം കറങ്ങുന്നത് ടോം ഹാങ്ക്‌സ് നിര്‍ത്തണം. ടിവിയിലെ ചില ഷോസ് പോലെയെ ഈ ചിത്രമുള്ളു. അതിനപ്പുറം ഒന്നുമില്ല എന്നായിരുന്നു ഈ റിവ്യൂവര്‍ എഴുതിയത്. എന്നാല്‍ പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇതേ റിവ്യൂവര്‍ That Thing You Do ഒരു കള്‍ട്ട് ക്ലാസിക് സിനിമയാണെന്ന് എഴുതി,' ടോം ഹാങ്ക്‌സ് പറഞ്ഞു.

പോഡ്കാസ്റ്റ് പുറത്തുവന്നതിന് പിന്നാലെ വ്യാപകമായ വിമര്‍ശനമാണ് ടോം ഹാങ്ക്‌സിനെതിരെ ഉയരുന്നത്. എന്നാല്‍, ടോം ഹാങ്ക്‌സ് റിവ്യൂവിനെ കുറിച്ചുള്ള തന്റെ അഭിപ്രായം മാത്രമാണ് പങ്കുവെച്ചതെന്ന് പറയുന്നവരും ഉണ്ട്. തമാശരൂപത്തിലും ഔപചാരികതകളില്ലാതെയും അതിഥികള്‍ സംസാരിക്കുന്ന പോഡ്കാസ്റ്റാണിതെന്നും അതുകൊണ്ടാണ് ടോം ഹാങ്ക്‌സ് ഈ രീതിയില്‍ പ്രതികരിച്ചതെന്നുമാണ് മറ്റു ചിലരുടെ അഭിപ്രായം.

Content Highlights : Hollywood Actor Tom Hanks recent rant against reviewers sparks row

To advertise here,contact us