പാട്ടും ഡാന്‍സും കേട്ടുപഴകിയ കഥകളുമുള്ള റോളുകള്‍ വേണ്ട; പുതിയ തീരുമാനത്തെ കുറിച്ച് സാമന്ത

തെലുങ്കില്‍ നിലവില്‍ ഒരു ചിത്രം മാത്രമാണ് സാമന്തയുടെ ലൈനപ്പില്‍ ഉള്ളത്.

തിരക്കുപിടിച്ച സിനിമാരീതിയില്‍ നിന്നും മാറിനടക്കാനൊരുങ്ങുകയാണ് നടി സാമന്ത. സ്ഥിരം ചേരുവകളുമായെത്തുന്ന കൊമേഴ്‌സ്യല്‍ സിനിമകള്‍ ചെയ്യാന്‍ ആഗ്രഹമില്ലെന്നാണ് സാമന്ത പറയുന്നു.

ഡാന്‍സും സ്ഥിരം സ്റ്റോറിലൈനുമായി എത്തുന്ന സിനിമകള്‍ ചെയ്യാന്‍ തനിക്ക് ഇനി താല്‍പര്യമില്ലെന്നാണ് സാമന്ത പറയുന്നത്.

തന്നിലെ അഭിനേതാവിന് വെല്ലുവിളിയുയര്‍ത്തുന്ന വേഷങ്ങളാണ് ചെയ്യാന്‍ ആഗ്രഹിക്കുന്നത്. കലാകാരി എന്ന നിലയിലുള്ള വളര്‍ച്ചയ്ക്ക് ഉതകുന്ന വേഷങ്ങള്‍ തെരഞ്ഞെടുക്കാനും അല്ലാത്തവ ഒഴിവാക്കാനും കഴിയുന്ന ഒരു നിലയിലേക്ക് താനെത്തിയിട്ടുണ്ട് എന്നും സാമന്ത പറഞ്ഞു.

തെലുങ്കില്‍ ഒരു ചിത്രം മാത്രമാണ് നിലവില്‍ സാമന്തയുടെ ലൈനപ്പില്‍ ഉള്ളത്. ഇന്ന് സ്ട്രീമിങ് ആരംഭിച്ച സിറ്റാഡല്‍: ഹണി ബണ്ണി എന്ന ആക്ഷന്‍ ടിവി സീരീസ്, രക്ത് ബ്രഹ്‌മാനന്ദ് എന്ന മറ്റൊരു വെബ് സീരിസ് എന്നിവയാണ് സാമന്ത ഭാഗമായിട്ടുള്ള പുതിയ പ്രോജക്ടുകള്‍. ഇവ രണ്ടും ഹിന്ദിയിലാണ്.

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്നും ചെറിയ ഇടവേളയെടുത്തതിന് ശേഷം തിരിച്ചെത്തിയ സാമന്ത ഹിന്ദിയിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഈ മാറ്റത്തെ കുറിച്ച് കൂടിയുള്ള ചോദ്യത്തിന് മറുപടി നല്‍കവേയാണ് ഇനിയങ്ങോട്ടുള്ള തന്റെ കരിയറിനെ കുറിച്ച് നടി സംസാരിച്ചത്.

അതേസമയം, സിറ്റാഡല്‍: ഹണി ബണ്ണി മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും നേടുന്നത്. പ്രിയങ്ക ചോപ്ര, റിച്ചാര്‍ഡ് മാഡന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ഹോളിവുഡ് സീരീസ് ആയ സിറ്റാഡലിന്റെ സ്പിന്‍ ഓഫ് ആയാണ് ഈ ഇന്ത്യന്‍ വേര്‍ഷന്‍ എത്തിയത്.

ഫാമിലി മാന്‍, ഫര്‍സി, ഗണ്‍സ് ആന്‍ഡ് ഗുലാബ്സ് എന്നീ സൂപ്പര്‍ഹിറ്റ് സീരീസുകള്‍ക്ക് ശേഷം രാജ് ആന്‍ഡ് ഡികെ സംവിധാനം ചെയ്യുന്ന സീരീസാണിത്. ഒരു കംപ്ലീറ്റ് ആക്ഷന്‍ മൂഡിലുള്ള സീരിസില്‍ വമ്പന്‍ ആക്ഷന്‍ രംഗങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സാമന്തയുടെ ആദ്യ മുഴുനീള ആക്ഷന്‍ വേഷവും കൂടിയാണിത്.

Content Highlights: Actress Samantha says she will avoid typical roles with only dance and old storylines

To advertise here,contact us