തറപ്പിക്കുന്ന നോട്ടവുമായി കമല്‍ ഹാസന്‍, ഒപ്പത്തിനൊപ്പം ചിമ്പു; റിലീസ് ഡേറ്റുമായി തഗ് ലൈഫ് ടീസര്‍

റിപ്പീറ്റടിച്ചു കാണാന്‍ തോന്നുന്നു, ഇന്ത്യന്‍ താത്തയുണ്ടാക്കിയ ക്ഷീണം മാറ്റുമെന്ന് ഉറപ്പ് എന്നിങ്ങനെയാണ് ടീസറിനെ കുറിച്ച് വരുന്ന കമന്‍ര

44 സെക്കന്റുകള്‍ മാത്രമുള്ള ഒരു ടീസര്‍ കൊണ്ട് പ്രേക്ഷകരെ ആകാംക്ഷയുടെ കൊടുമുടിയിലെത്തിച്ചിരിക്കുകയാണ് മണിരത്‌നവും കമല്‍ ഹാസനും. 37 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിച്ചിരിക്കുന്നത് വെറുതെയാകില്ല എന്ന് ഉറപ്പ് നല്‍കുന്ന തഗ് ലൈഫിന്റെ റിലീസ് ഡേറ്റ് ടീസറാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 2025 ജൂണ്‍ 5നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

കമല്‍ ഹാസന്റെ ജന്മദിനത്തില്‍ പുറത്തുവന്നിരിക്കുന്ന ടീസറില്‍ ആക്ഷനും അഭിനയമുഹൂര്‍ത്തങ്ങളുമായി നിറഞ്ഞു നില്‍ക്കുന്ന ഉലകനായകനെ കാണാം. ഇന്ത്യന്‍ 2വും താത്ത കഥാപാത്രവും ഉണ്ടാക്കിയ ക്ഷീണത്തെ കുടഞ്ഞെറിഞ്ഞുകൊണ്ടായിരിക്കും കമല്‍ ഹാസന്റെ തഗ് ലൈഫ് എത്തുക എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. രണ്ട് വ്യത്യസ്ത ലുക്കുകളിലും കമല്‍ ഹാസനെ ചിത്രം അവതരിപ്പിക്കുന്നുണ്ട്.

ചിമ്പുവും ഒപ്പത്തിനൊപ്പം ടീസറിലുണ്ട്. ആക്ഷനും ഡാന്‍സും വരുന്ന സീനുകളിലാണ് താരത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇരുവരും തന്നെയായാരിക്കും ചിത്രത്തില്‍ വലിയ പ്രാധാന്യത്തോടെ എത്തുക എന്നാണ് ഈ ടീസറില്‍ നിന്നും വ്യക്തമാകുന്നത്.

മണിരത്‌നത്തിന്റെ കരിയറിലെയും വ്യത്യസ്തമായ ചിത്രമായിരിക്കാം തഗ് ലൈഫ് എന്നാണ് ടീസറിലെ പല ഭാഗങ്ങളും നല്‍കുന്ന സൂചന. ഒരു ക്ലാസി മാസ് ആക്ഷന്‍ ചിത്രമായിരിക്കാം ഒരുപക്ഷെ തഗ് ലൈഫ്. എ.ആര്‍ റഹ്‌മാന്റെ സംഗീതം കൂടി ചേരുന്നതോടെ മികച്ച ഒരു തിയേറ്റര്‍ അനുഭവത്തിനുള്ള സാധ്യതകളും ചിത്രം നല്‍കുന്നുണ്ട്.

ജോജു ജോര്‍ജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസര്‍, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കമല്‍ഹാസന്റെ രാജ്കമല്‍ ഫിലിംസിനൊപ്പം മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് ചിത്രത്തില്‍ കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മണിരത്നത്തിനൊപ്പം പതിവ് സഹപ്രവര്‍ത്തകനായ എഡിറ്റര്‍ ശ്രീകര്‍ പ്രസാദ് ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. രവി കെ ചന്ദ്രന്‍ ആണ് തഗ് ലൈഫിന്റെ ഛായാഗ്രാഹകന്‍.

നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് ടീസറും ഏറെ ശ്രദ്ധ നേടിയിരുന്നു. തഗ് ലൈഫിന്റെ രണ്ട് ടീസറുകളും റിപ്പീറ്റടിച്ചു കാണാന്‍ തോന്നും വിധം ഗംഭീരമാണെന്നാണ് കമന്റുകളില്‍ പലരും പങ്കുവെക്കുന്ന അഭിപ്രായം. സിനിമയും അതുപോലെ തന്നെ മികച്ചതാകട്ടെ എന്നും ആരാധകര്‍ ആശംസകള്‍ നേരുന്നുണ്ട്.

Content Highlight : Thug Life Movie release date teaser out

To advertise here,contact us