ആക്ഷനും ഇമോഷനും കഴിഞ്ഞു ഇനി പക്കാ എൻ്റർടെയ്നർ; 'ഡോൺ' സംവിധായകനൊപ്പമുള്ള ചിത്രത്തെക്കുറിച്ച് ശിവകാർത്തികേയൻ

മികച്ച പ്രതികരണം നേടിയ 'ഡോൺ' 100 കോടി ക്ലബ്ബിൽ ഇടം നേടി ശിവകാർത്തികേയന്റെ ഏറ്റവും വലിയ വിജയ ചിത്രമായി മാറിയിരുന്നു.

തമിഴിലെ ഏറ്റവും മൂല്യമുള്ള അഭിനേതാക്കളിൽ ഒരാളാണ് ശിവകാർത്തികേയൻ. തുടർച്ചയായുള്ള വിജയ സിനിമകളിലൂടെ അടുത്ത സൂപ്പർതാരമെന്നാണ് അദ്ദേഹത്തെ എല്ലാവരും വാഴ്ത്തുന്നത്. നിരവധി വലിയ സിനിമകളാണ് ഇനി ശിവകാർത്തികേയന്റേതായി പുറത്തിറങ്ങാനുള്ളത്. 'ഡോൺ' എന്ന സൂപ്പർഹിറ്റ് സിനിമക്ക് ശേഷം സംവിധായകൻ സിബി ചക്രവർത്തിയുമായി വീണ്ടും ഒരുമിക്കാൻ ഒരുങ്ങുകയാണ് ശിവകാർത്തികേയൻ. അമരന്റെ റിലീസുമായി അനുബന്ധിച്ച് പിങ്ക് വില്ലയ്ക് നൽകിയ അഭിമുഖത്തിൽ ആണ് ശിവകാർത്തികേയൻ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ പറഞ്ഞത്.

എആർ മുരുഗദോസിന്റെ ചിത്രം കഴിഞ്ഞാലുടൻ സിബിയുടെ സിനിമ ആരംഭിക്കും. പ്രേക്ഷകർ തന്നെ കാണാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു എൻ്റർടെയ്നർ സോണിലായിരിക്കും ആ ചിത്രം ഒരുങ്ങുന്നതെന്നും ശിവകാർത്തികേയൻ പറഞ്ഞു. സിബി ചക്രവർത്തിയുടെ ആദ്യ സിനിമയായിരുന്നു 'ഡോൺ'. മികച്ച പ്രതികരണം നേടിയ സിനിമ 100 കോടി ക്ലബ്ബിൽ ഇടം നേടി ശിവകാർത്തികേയന്റെ ഏറ്റവും വലിയ വിജയ ചിത്രമായി മാറിയിരുന്നു. ഒരു കോമഡി ഡ്രാമ ഴോണറിൽ ഒരുങ്ങിയ ചിത്രത്തിൽ എസ്ജെ സൂര്യ, പ്രിയങ്ക മോഹൻ, സമുദ്രക്കനി, സൂരി, ബാല ശരവണൻ എന്നിവരായിരുന്നു മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അനിരുദ്ധ് രവിചന്ദർ ആയിരുന്നു സിനിമക്കായി സംഗീതം നൽകിയത്.

Also Read:

Entertainment News
ആദ്യ കാലത്തെ പേടി സിനിമകൾ പരാജയപ്പെടുമോ എന്നായിരുന്നു, ഇപ്പോൾ അത് മറ്റൊന്നാണ്; ശിവകാർത്തികേയൻ

രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്ത അമരൻ ആണ് ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ശിവകാർത്തികേയൻ ചിത്രം. മികച്ച മുന്നേറ്റമാണ് സിനിമക്ക് ലോകമെമ്പാടും ലഭിക്കുന്നത്. ഇതുവരെ ആഗോളതലത്തിൽ ചിത്രം 195 കോടിയോളം നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശിവകാർത്തികേയൻ്റെ കരിയറിലെ ആദ്യ 200 കോടി സിനിമയാകും അമരൻ എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. മേജർ മുകുന്ദ് വരദരാജന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ ശിവകാർത്തികേയനാണ് മുകുന്ദായി എത്തുന്നത്. മുകുന്ദിന്റെ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയി സായ് പല്ലവി അഭിനയിക്കുന്നു. ചിത്രത്തിലെ ശിവകാർത്തികേയന്റേയും സായ് പല്ലവിയുടെയും പ്രകടനങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Content Highlights: Sivakarthikeyan to reunite with Don director Cibi after Murugadoss film

To advertise here,contact us