പ്രണവിന് സ്പെയിനിലെ ഫാമിലാണ് ജോലി; ആടിനെയോ, കുതിരയെയോ നോക്കാനാകും: സുചിത്ര

'രണ്ട് വര്‍ഷത്തില്‍ ഒരു സിനിമ മാത്രമേ ചെയ്യുള്ളൂ എന്നൊരു നിലപാടിലാണ് അവന്‍'

മറ്റ് താരപുത്രന്മാരില്‍നിന്ന് വ്യത്യസ്തനാണ് പ്രണവ് മോഹന്‍ലാല്‍. യാത്രകൾ പോകുന്നതും തനിക് ഇഷ്ടമുള്ള കാര്യങ്ങളിൽ സമയം ചിലവഴിക്കുന്നതുമാണ് പ്രണവിന്റെ ഹോബി. പ്രണവ് വർഷത്തിൽ രണ്ടു സിനിമകളെങ്കിലും ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സുചിത്ര മോഹൻലാൽ. അപ്പു(പ്രണവ് മോഹന്‍ലാല്‍) ഇപ്പോൾ സ്‌പെയിനിലെ ഒരു ഫാമില്‍ കുതിരയെയോ ആടിനെയോ നോക്കുകയാണെന്നും കൂടുതലൊന്നും അറിയില്ലെന്നും സുചിത്ര പറഞ്ഞു. രേഖ മേനോന് നൽകിയ അഭിമുഖത്തിലാണ് സുചിത്രയുടെ പ്രതികരണം.

'പ്രണവ് മോഹന്‍ലാല്‍ മമ്മാസ് ബോയ് ആണെന്നാണ് എല്ലാവരും പറയുന്നത്. പക്ഷേ അങ്ങനെയാണെന്ന് എനിക്ക് തോന്നിയിട്ടില്ല. പിന്നെ കസിന്‍സ് ഒക്കെ പറയുന്നത് അവന്‍ ഞാന്‍ പറഞ്ഞാലേ കേള്‍ക്കുള്ളൂ എന്നാണ്. അങ്ങനെയല്ല, ഞാന്‍ പറഞ്ഞാലും അവന്‍ കേള്‍ക്കില്ല. അവന് അവന്റേതായ തീരുമാനങ്ങള്‍ ഉണ്ട്. നമ്മള്‍ അത് ചെയ്യൂ, ഇത് ചെയ്യൂ എന്നൊക്കെ പറഞ്ഞാലും അപ്പുവിന് ഇഷ്ടമുണ്ടെങ്കില്‍ മാത്രമേ അവന്‍ ചെയ്യുകയുള്ളൂ.

ഇപ്പോള്‍ അവന്‍ സ്പെയിനിലാണ്. രണ്ട് വര്‍ഷത്തില്‍ ഒരു സിനിമ മാത്രമേ ചെയ്യുള്ളൂ എന്നൊരു നിലപാടിലാണ് അവന്‍. രണ്ട് സിനിമയൊക്കെ ചെയ്യാവുന്നതേയുള്ളൂ എന്ന് ഞാന്‍ അവനോട് പറഞ്ഞെങ്കിലും എനിക്ക് എന്റെ വേറെ ഒരുപാട് പരിപാടികള്‍ ഉണ്ടെന്നാണ് പറയുന്നത്. പിന്നെ ചിന്തിച്ചപ്പോള്‍ അതൊരു ബാലന്‍സിംഗ് ആണല്ലോ എന്ന് തോന്നി.

ഇപ്പോള്‍ സ്പെയിനില്‍ ആണെങ്കിലും അവിടെ ഒരു ഫാമില്‍ അപ്പു വര്‍ക്ക് ചെയ്യുന്നുണ്ട്. ചിലപ്പോള്‍ കുതിരയെയോ ആട്ടിന്‍കുട്ടികളെ ഒക്കെ നോക്കാന്‍ ആയിരിക്കാം. എവിടെയാണെന്നോ എന്താണ് ചെയ്യുന്നതെന്നോ ഒന്നും കൂടുതല്‍ എനിക്കറിയില്ല. അവിടെ ചെയ്യുന്ന ജോലിക്ക് പൈസയൊന്നും കിട്ടൂല. താമസവും ഭക്ഷണവും അവരുടെ വകയാണ്. അവന് അത് മതി. എന്നിട്ട് ആ അനുഭവം ആസ്വദിക്കുകയാണ് ചെയ്യുക' സുചിത്ര പറഞ്ഞു.

Also Read:

Entertainment News
'മോഹൻലാലും മമ്മൂട്ടിയുമാണ് പവർ ഗ്രൂപ്പെന്ന് അറിയാത്തവർ ആരാണ് എന്നാണ് അദ്ദേഹം ചോദിച്ചത്': സാന്ദ്ര തോമസ്

പ്രണവ് മോഹൻലാലിന്റേതായി ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം 'വര്‍ഷങ്ങള്‍ക്ക് ശേഷം' ആണ്. വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം 1970കളിൽ രണ്ട് സുഹൃത്തുകൾ സിനിമാ മോഹവുമായി മദിരാശിയിലേക്ക് എത്തിപ്പെടുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് പറയുന്നത്. തിയേറ്ററിൽ വിജയമായിരുന്നെങ്കിലും ഒടിടിയിൽ സിനിമയ്ക്ക് നേരെ വിമർശനങ്ങൾ ഉണ്ടായിരുന്നു. ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, മരക്കാര്‍, ഹൃദയം എന്നിവയാണ് പ്രണവ് മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തിയ മറ്റ് ചിത്രങ്ങള്‍.

Content Highlights: Suchitra Mohanlal said that Pranav Mohanlal was working in a farm in Spain

To advertise here,contact us