മണിക്കൂറിന് കോടികൾ വാങ്ങുന്ന ഗായിക, പാട്ടിൽ നിന്നു വിരമിക്കാനൊരുങ്ങി റിഹാന?

ഒരു മണിക്കൂർ ഗാനത്തിന് 74 കോടിയോളം രൂപ മുടക്കിയാണ് മുകേഷ് അംബാനി റിഹാനയെ ആഘോഷ പരിപാടിയിലെത്തിച്ചത്

ലോകമെമ്പാടും ഏറെ ആരാധകരുള്ള പോപ് താരമാണ് റിഹാന. ആനന്ദ് അംബാനിയുടെ വിവാഹ ചടങ്ങിൽ പാടാനായി പൊന്നും വില നൽകിയാണ് മുകേഷ് അംബാനി ഗായികയെ ഇന്ത്യയിൽ എത്തിച്ചത്. ഇപ്പോഴിതാ റിഹാന സംഗീത ജീവിതം അവസാനിപ്പിക്കുന്നതായാണ് അഭ്യൂഹം. അടുത്തിടെ തന്റെ കോസ്മെറ്റിക് ബ്രാൻഡ് ആയ ഫെന്റി ബ്യൂട്ടിയുടെ പുതിയ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോൾ ഗായിക പ‌റഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

‘സംഗീതത്തിലൂടെയാണ് ഞാൻ ശ്രദ്ധ നേടിയത്, പക്ഷേ ദൈവത്തിന് എന്നെക്കുറിച്ച് മറ്റ് പദ്ധതികളും ഉണ്ടായിരുന്നുവെന്നു മനസ്സിലാക്കുന്നു. ഞാൻ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ആധികാരികമായി, ആത്മാർഥതയോടെ സൃഷ്ടിക്കാൻ എനിക്ക് സാധിച്ചു. അതിനാൽ, ഇത് ഒരു ജോലിയായി തോന്നുന്നില്ല’, റിഹാന പറഞ്ഞു.

റിഹാനയുടെ ഈ പ്രതികരണം ഞൊടിയിടയിലാണ് വൈറലായത്. റിഹാന സംഗീതത്തിൽ നിന്ന് വിട്ടു നിൽക്കുകയാണോ എന്ന ആശങ്കയിലാണ് ആരാധകർ ഇപ്പോൾ. തുടർ പ്രതികരണത്തിനായി കാത്തിരിക്കുക്കയാണ് അവർ.

ഇന്ന് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഗായികരിൽ ഒരാളാണ് റിഹാന. ആനന്ദ് അംബാനിയുടെ പ്രീവെഡ്ഡിങ് ആഘോഷമാക്കാനാണ് റിഹാന ആദ്യമായി ഇന്ത്യയിൽ എത്തിയത്. ഒരു മണിക്കൂർ ഗാനത്തിന് 74 കോടിയോളം രൂപ മുടക്കിയാണ് മുകേഷ് അംബാനി റിഹാനയെ ആഘോഷ പരിപാടിയിലെത്തിച്ചത്. പരിപാടിയിൽ നഗ്നപാദയായാണ് ഗായിക പ്രത്യക്ഷപ്പെട്ടത്. ഇന്ത്യൻ സംസ്കാരത്തോടുള്ള ആദരസൂചകമായാണ് താൻ പാദരക്ഷകൾ അണിയാതെ വേദിയിലെത്തിയതെന്ന് പിന്നീട് അവർ വെളിപ്പെടുത്തിയിരുന്നു. രാജ്യം തനിക്ക് ഇഷ്ടമായെന്നും ഇനിയും വരുമെന്ന് ഉറപ്പും നൽകിയാണ് ഗായിക മടങ്ങിയത്.

Content Highlights:  Rihanna about to retire from singing reports

To advertise here,contact us