സാമന്തയേക്കാൾ ഇരട്ടി പ്രതിഫലം, 'പുഷ്‍പ 2' ൽ ശ്രീലീലയുടെ പ്രതിഫലം കേട്ട് ഞെട്ടി ആരാധകർ

പുഷ്പയിലേക്ക് ശ്രീലീല എത്തുമ്പോൾ മറ്റൊരു ട്രെൻഡിങ് ഗാനം ആകും അതെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് അല്ലു അർജുൻ നായകനാവുന്ന 'പുഷ്പ 2'. 'പുഷ്പ' ആദ്യ ഭാഗത്തില്‍ 'ഊ ആണ്ടവാ' ഡാന്‍സ് നമ്പറിലൂടെ സാമന്തയാണ് ആരാധകരെ കൈയ്യിലെടുത്തതെങ്കില്‍ ഇക്കുറി പുഷ്പരാജിനോടൊപ്പം ആടിതിമിര്‍ക്കാന്‍ എത്തുന്നത് തെലുങ്കിലെ ഡാന്‍സിങ് ക്വീന്‍ ശ്രീലീലയാണ്. നൃത്തത്തിനായി ശ്രീലീല വാങ്ങുന്ന പ്രതിഫലമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

2 മുതല്‍ 3 കോടി രൂപ വരെയാണ് ശ്രീലീലയ്ക്ക് ഈ ഡാൻസ് ചിത്രീകരണത്തിനായി ലഭിക്കുന്നതെന്നാണ് തെലുങ്ക് മാധ്യമമായ ഗ്രേറ്റ് ആന്ധ്ര റിപ്പോര്‍ട്ട് ചെയ്യുന്നത്. 'ഗുണ്ടൂർ കാരം' എന്ന ചിത്രത്തിലെ 'കുർച്ചി മടത്തപ്പെട്ടി' എന്ന ഗാനത്തിലൂടെ പ്രേക്ഷശ്രദ്ധ നേടിയ നടിയാണ് ശ്രീലീല. പുഷ്പയിലേക്ക് ശ്രീലീല എത്തുമ്പോൾ മറ്റൊരു ട്രെൻഡിങ് ഗാനം ആകും അതെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ആദ്യ ഭാഗത്തിലെ ഡാൻസ് നമ്പറിനായി സാമന്തയുടെ പ്രതിഫലം ഒന്നര കോടി രൂപ ആയിരുന്നെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. താരത്തിന്റെ കരിയറിൽ തന്നെ ആദ്യമായാണ് മറ്റൊരു നടി നായികയാകുന്ന ചിത്രത്തിൽ സാമന്ത ഒരു ഗാനരംഗത്തിൽ അഭിനയിക്കുന്നത്. അതിനാൽ തന്നെ ഈ ഗാനരംഗവും ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്നായിരുന്നു.

Also Read:

Entertainment News
മണിക്കൂറിന് കോടികൾ വാങ്ങുന്ന ഗായിക, പാട്ടിൽ നിന്നു വിരമിക്കാനൊരുങ്ങി റിഹാന?

അതേസമയം, ഡിസംബർ അഞ്ചിന് ലോകമെമ്പാടമുള്ള തിയേറ്ററുകളിൽ പുഷ്പ 2 റിലീസ് ചെയ്യും. നേരത്തെ ഡിസംബർ ആറിനായിരുന്നു ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നത്. പുഷ്പയുടെ തിയേറ്റർ അവകാശം വിറ്റഴിച്ചത് 600 കോടി രൂപയ്ക്കായിരുന്നുവെന്നും ഓവർസീസിലൂടെ മാത്രം 125 കോടി രൂപ സ്വന്തമാക്കിയെന്നും ഇ ടൈംസ് മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. റിലീസിന് മുന്നേ തന്നെ ചിത്രം പ്രീ സെയിലിൽ 1,085 കോടി രൂപയുടെ നേട്ടമുണ്ടാക്കിയതായാണ് റിപ്പോർട്ടുകൾ. E4 എൻ്റർടെയ്ൻമെൻ്റ്സ് ആണ് ചിത്രം കേരളത്തിൽ എത്തിക്കുന്നത്. വലിയ രീതിയിലുള്ള ആഘോഷങ്ങളാണ് ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് പദ്ധതിയിടുന്നത്.

Content Highlights: Srileela is about to get paid more than Samantha in Pushpa

To advertise here,contact us