12 വർഷം മുൻപ് ഇവിടെ നിന്നാണ് എല്ലാം ആരംഭിച്ചത്, ഇളയ ദളപതിയെ ദളപതിയാക്കിയ 'തുപ്പാക്കി'; ആഘോഷിച്ച് ആരാധകർ

വി ക്രിയേഷന്സിന്റെ ബാനറിൽ കലൈപുലി എസ് താനു നിർമിച്ച ചിത്രം വിജയ്‌യുടെ ആദ്യ 100 കോടി പടമായി മാറി

വിജയ്‌യുടെ കരിയറിനെ രണ്ടായി തരം തിരിക്കാം, 'തുപ്പാക്കി'ക്ക് മുൻപും 'തുപ്പാക്കി'ക്ക് ശേഷവും.അതുവരെ കണ്ടു ശീലിച്ച തമിഴ് ആക്ഷൻ സിനിമകളുടെ രൂ ഭാവത്തെയോ കഥപറച്ചിൽ രീതികളെയോ കൂട്ടുപിടിക്കാതെ പുത്തൻ ഭാവം നൽകി തുപ്പാക്കിയിൽ എ ആർ മുരുഗദോസ്. ചീകിയൊതുക്കാതെ പാറിപ്പറന്ന് കിടക്കുന്ന തലമുടിയും, ഷർട്ടിന് മേൽ ഷർട്ടും, ഗ്രാമപ്രദേശങ്ങളിൽ പാസവും ആക്ഷനും റൊമാൻസിലും പെട്ട് കിടന്ന വിജയ് എന്ന താരത്തിനെ ഉയർത്തി അയാളുടെ പൂർണശേഷി പ്രേക്ഷകർക്ക് കാണിച്ചുകൊടുത്ത തുപ്പാക്കിക്ക് ഇന്ന് 12 വയസ്സ് തികയുകയാണ്.

പാട്ടുകളും പാസങ്ങളും കുത്തികയറ്റപ്പെട്ട തമിഴ് സിനിമയുടെ സ്വഭാവത്തെ തച്ചുടച്ച് വളരെ സ്റ്റൈലിഷ് ആയ ചിത്രമായിരുന്നു തുപ്പാക്കി. ആദ്യ ഷോട്ട് മുതൽ വിജയ് എന്ന താരത്തെ മറ്റൊരു രീതിയിൽ അവതരിപ്പിക്കാനുള്ള മുരുഗദോസിന്റെ ശ്രമം വ്യക്തമായിരുന്നു. ഫ്രഞ്ച് താടിയും അല്പം ബൾക്കി ആയ ശരീരവുമായി ഒരു പട്ടാളക്കാരന്റെ ശരീരഭാഷയെ വിജയ് കൃത്യമായി ഒപ്പിയെടുത്തു. ഇൻട്രോ മുതൽ കത്തികയറിയ പടം. ആദ്യ അര മണിക്കൂർ കൊമേർഷ്യൽ ഇടത്തിലേക്ക് സിനിമ വഴുതിപ്പോയപ്പോഴും പിന്നങ്ങോട്ട് ഓരോ നിമിഷവും പ്രേക്ഷകരെ സീറ്റിൽ ഇരുപ്പുറപ്പിക്കാത്ത വിധം പിടിച്ചിരുത്തിയ തിരക്കഥ.

'ഐ ആം വൈറ്റിംഗും' ഹാരിസ് ജയരാജിന്റെ സൂപ്പർ പശ്ചാത്തലസംഗീതവും കൂടിയായപ്പോൾ ഹേറ്റേഴ്‌സ് പോലും ആഘോഷിച്ച പടമായി തുപ്പാക്കി. സിനിമയിലെ ഇന്റർവെൽ സീനിന് അടുപ്പിച്ചുള്ള ഷൂട്ട് ഔട്ട് സീനും, പുകമറയ്ക്കുള്ളിൽ നിന്ന് സ്ലോ മോഷനിൽ വരുന്ന വിജയ്‌യെയും എല്ലാം കൈയ്യടികളോടെ സിനിമാപ്രേമികൾ വരവേറ്റു.

Also Read:

Entertainment News
ഈച്ച നായിക, മാത്യു നായകൻ; മലയാളത്തിൽ വീണ്ടുമൊരു ഹൈബ്രിഡ് ചിത്രം, 'ലൗലി' എത്തുന്നത് ത്രീഡിയിൽ

വി ക്രിയേഷന്സിന്റെ ബാനറിൽ കലൈപുലി എസ് താനു നിർമിച്ച ചിത്രം വിജയ്‌യുടെ ആദ്യ 100 കോടി പടമായി മാറി. സന്തോഷ് ശിവന്റെ അത്യുഗ്രൻ വിഷ്വൽസ് സിനിമക്ക് കൂടുതൽ ഭംഗി നൽകിയപ്പോൾ ശ്രീകർ പ്രസാദിന്റെ ചടുലമായ എഡിറ്റിംഗ് സിനിമക്ക് കൂടുതൽ വേഗത നൽകി. കാജൽ അഗർവാൾ, വിദ്യുത് ജംവാൽ, ജയറാം, സത്യൻ തുടങ്ങിയവരായിരുന്നു സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ. റിലീസ് ചെയ്തു പന്ത്രണ്ട് വർഷങ്ങൾക്കിപ്പുറവും തുപ്പാക്കി അത്ഭുതപ്പെടുത്തുന്നു. ഇളയദളപതിയിൽ നിന്ന് ദളപതിയിലേക്കുള്ള വളര്‍ച്ചയില്‍ നിര്‍ണായകമായ ചുവടായി കൂടി വിജയ്‌യുടെ കരിയറില്‍ ഈ ചിത്രം എന്നെന്നും സ്ഥാനം വഹിക്കും.

Content Highlights: Vijay film Thuppakki completes 12 years fans celebrates

To advertise here,contact us