ബറോസിന് ശേഷം മോഹൻലാൽ ഇനി സംവിധാനം ചെയ്യുമെന്ന് കരുതുന്നില്ല, വളരെ ട്രിക്കി ആയ ഒരു സിനിമയാണത്; സന്തോഷ് ശിവൻ

സിനിമയുടെ ട്രെയിലർ ഇന്ന് തിയേറ്ററുകളിൽ റിലീസ് ചെയ്തിരിക്കുകയാണ്.

നടൻ മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് ബറോസ്. ഒരു ഫാന്റസി പീരീഡ് ചിത്രമായി ഒരുങ്ങുന്ന ബറോസിന് വലിയ പ്രതീക്ഷകളാണ് മോഹൻലാൽ ആരാധകർക്കിടയിലുള്ളത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ഛായാഗ്രാഹകൻ സന്തോഷ് ശിവൻ. വളരെ ട്രിക്കി ആയൊരു സിനിമയാണ് ബറോസ്. ഒരിക്കലുമൊരു മാസ് സിനിമയല്ല അതെന്നും സന്തോഷ് ശിവൻ പറഞ്ഞു. മോഹൻലാലിൻറെ രീതികളൊക്കെ വളരെ ഓർഗാനിക്ക് ആണ്. ഹൃദയത്തിൽ നിന്നാണ് അദ്ദേഹം ഓരോ കാര്യങ്ങളും ചെയ്യുന്നത്. ബറോസിന് ശേഷം അദ്ദേഹം വീണ്ടുമൊരു സിനിമ സംവിധാനം ചെയ്യുമെന്ന് താൻ കരുതുന്നില്ലെന്നും ഒടിടി പ്ലേയ്ക്ക് നൽകിയ അഭിമുഖത്തിൽ സന്തോഷ് ശിവൻ പറഞ്ഞു.

Also Read:

Entertainment News
'പൈസ വസൂലാക്കാൻ ഇത് മാത്രം മതി'; 'കങ്കുവ' ഇടവേളയിൽ ആവേശമായി ബറോസ് ത്രിഡി ട്രെയിലർ

'ഒരുപാട് ആഫ്രിക്കൻ, സ്പാനിഷ് നടന്മാരും മലയാളത്തിലെ കുറച്ചു താരങ്ങളും സിനിമയിൽ ഉണ്ട്. വിദേശ അഭിനേതാക്കളുടെ ഭാഗങ്ങൾക്കായി സബ്‌ടൈറ്റിലുകൾ വായിക്കേണ്ടിവരുമെന്നതിനാൽ, നമ്മുടെ പ്രേക്ഷകർ ചിത്രത്തെ എങ്ങനെ സ്വീകരിക്കുമെന്ന് അറിയില്ല. കുട്ടികളെ ആകർഷിക്കുന്ന ഒരുപാട് ഫാൻ്റസി ഘടകങ്ങൾ സിനിമയിൽ ഉണ്ട്. എന്തുകൊണ്ടാണ് ഈ ചിത്രം സംവിധാനം ചെയ്യാൻ തീരുമാനിച്ചതെന്ന് ഒരിക്കൽ ഞാൻ മോഹൻലാലിനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഞാൻ ഇത് സംവിധാനം ചെയ്തില്ലെങ്കിൽ, ആരും ഒരിക്കലും ചെയ്യില്ല എന്നാണ്. ഒരിക്കലും മറ്റു സിനിമകളിൽ നിന്നുള്ള ഷോട്ടുകളുടെ റഫറൻസുകൾ അദ്ദേഹം നമുക്ക് നൽകില്ല', സന്തോഷ് ശിവൻ പറഞ്ഞു.

സിനിമയുടെ ട്രെയിലർ ഇന്ന് തിയേറ്ററുകളിൽ റിലീസ് ചെയ്തിരിക്കുകയാണ്. സൂര്യ ചിത്രം 'കങ്കുവ'യുടെ ഇടവേളയിലാണ് ‘ബറോസി’ന്റെ ത്രിഡി ട്രെയിലർ പ്രദർശിപ്പിച്ചത്. വലിയ വരവേൽപ്പ് തന്നെ ഈ ട്രെയിലറിന് ലഭിച്ചിട്ടുണ്ട്. അതിഗംഭീരമായ ഒരു ദൃശ്യവിരുന്ന് തന്നെയായിരിക്കും ബറോസ് എന്ന് ഈ ട്രെയിലർ ഉറപ്പ് നൽകുന്നതായാണ് പലരും സമൂഹ മാധ്യമങ്ങളിൽ കുറിക്കുന്നത്. 'മാസ് രംഗങ്ങൾ പ്രതീക്ഷിക്കാതെ കൗതുകം നിറഞ്ഞ ഒരു ചിത്രം പ്രതീക്ഷിക്കാം' എന്ന് ഒരു ആരധകൻ കുറിച്ചപ്പോൾ 'പൈസ വസൂലാക്കാൻ ഇത് മാത്രം മതി' എന്നാണ് മറ്റൊരാളുടെ അഭിപ്രായം. 'സംവിധാനം മോഹൻലാൽ' എന്ന് കാണിച്ചപ്പോൾ തിയേറ്ററുകളിൽ കരഘോഷം ഉയരുന്നതിന്റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

Also Read:

Entertainment News
'ലാലേട്ടൻ നൂറ് ശതമാനം കോൺഫിഡന്റാണ്'; ബറോസ് ഗംഭീരമെന്ന് ഉറപ്പ് നൽകി അനീഷ് ഉപാസന

'മൈ ഡിയർ കുട്ടിച്ചാത്തൻ' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കി മോഹൻലാൽ ഒരുക്കുന്ന ചിത്രമാണ് ബറോസ്. മോഹൻലാൽ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. സന്തോഷ് ശിവൻ ക്യാമറയും സന്തോഷ് രാമൻ പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമാണം.

Content Highlights: Santhosh Sivan talks about Mohanlal film Barroz

To advertise here,contact us