സൂര്യയെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്ത ഫാന്റസി പിരീഡ് ഡ്രാമ ചിത്രമാണ് കങ്കുവ. വലിയ പ്രതീക്ഷകളോടെ പുറത്തിറങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. റിലീസായി മണിക്കൂറുകൾക്കകം ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയിരിക്കുകയാണ്. ഒന്നിലേറെ ഡൗൺലോഡ് ക്വാളിറ്റിയിലാണ് വ്യാജപതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്.
ഒരു സെെറ്റില് നിന്ന് ഡൗൺലോഡിന്റെ എണ്ണം കൂടുന്നതിന് അനുസരിച്ച് വ്യാജ പതിപ്പുകളുടെ ക്വാളിറ്റി കുറയുമായിരുന്നു. എന്നാല് ഈ പതിപ്പ് അങ്ങനെയല്ല എന്നാണ് വിവിധ റിപ്പോര്ട്ടുകളും സിനിമാ ട്രാക്കേഴ്സും നല്കുന്ന വിവരം. ചിത്രം ലീക്ക് ചെയ്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിർമാതാക്കളായ സ്റ്റുഡിയോ ഗ്രീൻ.
തമിൾറോക്കേഴ്സ്, ടെലിഗ്രാം, ടോറന്റ് പോലുള്ള പ്ലാറ്റ്ഫോമുകളിലാണ് കങ്കുവയുടെ വ്യാജപ്രിന്റ് പ്രചരിക്കുന്നത്. 1080p മുതൽ 240p വരെ ക്വാളിറ്റിയിലാണ് പ്രിന്റ് പ്രചരിക്കുന്നത്. ഇതിന് പുറമേ ചില ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും കങ്കുവയുടെ വ്യാജപതിപ്പ് പ്രദർശിപ്പിക്കുന്നുണ്ട്. എളുപ്പം തിരഞ്ഞ് ഫയൽ ഡൗൺലോഡ് ചെയ്യാവുന്ന വിധത്തിലാണ് ചിത്രവുമായി ബന്ധപ്പെട്ട സേർച്ച് വേഡുകളും തയ്യാറാക്കിയിരിക്കുന്നത് എന്നതും ചര്ച്ചയായിട്ടുണ്ട്.
Anti piracy team on 👿 mode so don’t leak any contents your account may be suspended 😌 #Kanguva
ചിത്രം തിയേറ്ററുകളിൽനിന്ന് ചോർത്തിയവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് നിർമാതാക്കളായ സ്റ്റുഡിയോ ഗ്രീൻ അറിയിച്ചു. ആന്റി പൈറസി ടീം സജ്ജരായിക്കഴിഞ്ഞു. വ്യാജപതിപ്പ് പ്രചരിപ്പിക്കരുതെന്നും കർശന നടപടിയുണ്ടാകുമെന്നും നിർമാതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റിലീസ് ദിനത്തിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും പ്രമുഖ ട്രാക്കര്മാരായ സാക്നികിന്റെ കണക്ക് പ്രകാരം ഇന്ത്യയില് നിന്ന് ആദ്യ ദിനം ചിത്രം നേടിയിരിക്കുന്നത് 22 കോടിയാണ്. തമിഴ്നാട്ടില് നിന്ന് മാത്രം ചിത്രം നേടിയത് 11 കോടിയാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലും സിനിമയ്ക്ക് മികച്ച കളക്ഷൻ തന്നെയാണ് ലഭിച്ചിരിക്കുന്നത്.
Content Highlights: Kanguva movie fake print spread on social media