ആഘോഷമാക്കാന്‍ മെഗാ സ്റ്റാര്‍; തിയേറ്റര്‍ കുലുക്കുമെന്ന് ഉറപ്പിച്ച് വല്യേട്ടന്‍ റീറിലീസ് ടീസര്‍

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ആഘോഷിക്കപ്പെട്ട മാസ് ഹീറോകളിലൊന്നായ അറക്കല്‍ മാധവനുണ്ണി നവംബര്‍ 29നാണ് വീണ്ടും തിയേറ്ററുകളിലെത്തുന്നത്

24 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം വല്യേട്ടന്‍ തിയേറ്ററുകളിലേക്ക് മടങ്ങിയെത്തുന്നു. രണ്ടായിരങ്ങളില്‍ തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ ഷാജി കൈലാസ് മാസ് ചിത്രം റീറിലീസിലും തരംഗം തീര്‍ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 4 k അറ്റ്‌മോസ് മികവോടെയാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. നവംബര്‍ 29നാണ് റീറിലീസ്.

ചിത്രത്തിന്റെ പുതിയ ട്രെയ്‌ലര്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. സായ് കുമാര്‍ കഥാപാത്രത്തിന്റെ വിവരണത്തിലൂടെ ആരംഭിക്കുന്ന ടീസര്‍ അറക്കല്‍ മാധവനുണ്ണിയെ കുറിച്ചുള്ള പ്രേക്ഷക ഓര്‍മകള്‍ തൊട്ടുണര്‍ത്തുകയാണ്.

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ആഘോഷിക്കപ്പെട്ട മാസ് ഹീറോകളിലൊന്നായ അറക്കല്‍ മാധവനുണ്ണിയെ ബിഗ് സ്‌ക്രീനില്‍ വീണ്ടും കാണാനാകുന്നതിന്റെ ആവേശം ടീസര്‍ വീഡിയോക്ക് താഴെയുള്ള കമന്റുകളില്‍ കാണാം.

Also Read:

Entertainment News
'ആസിഫ് അലിയുടെ കയ്യിൽ ഇത്രയൊക്കെ ഉണ്ടെന്ന് അറിഞ്ഞില്ല, അയാൾ നല്ലൊരു നടനാണ്'; മധു

മമ്മൂട്ടിയെയും സായ് കുമാറിനെയും കൂടാതെ ശോഭന, സായ് കുമാര്‍, എന്‍.എഫ് വര്‍ഗീസ്, സിദ്ദീഖ്,മനോജ് കെ ജയന്‍ എന്നിവരാണ് വല്യേട്ടനില്‍ പ്രധാന വേഷത്തിലെത്തുന്നത്. രഞ്ജിത്ത് തിരക്കഥ രചിച്ച ചിത്രം അമ്പലക്കര ഫിലിംസാണ് നിര്‍മിച്ചിരിക്കുന്നത്.

മോഹന്‍ സിത്താര പാട്ടുകളും സി രാജാമണി പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്ന ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചത് രവി വര്‍മനും എഡിറ്റിങ് നിര്‍വഹിച്ചത് എല്‍. ഭൂമിനാഥനുമായിരുന്നു. കാര്‍ത്തിക് ജോഗേഷ് ആണ് പുതിയ ടീസര്‍ എഡിറ്റ് ചെയ്തിരിക്കുന്നത്.

ഐ.വി ശശി - മമ്മൂട്ടി കൂട്ടുകെട്ടിന്റെ ആവനാഴി, ഭരതന്‍ ഒരുക്കിയ അമരം തുടങ്ങിയ ചിത്രങ്ങളും മമ്മൂട്ടിയുടേതായി റീറിലീസിന് ഒരുങ്ങുന്നുണ്ട്. മമ്മൂട്ടിയുടെ തന്നെ പാലേരി മാണിക്യം നേരത്തെ റീറിലീസ് ചെയ്തിരുന്നു. എന്നാല്‍ ചിത്രത്തിന് ഈ വരവില്‍ പ്രേക്ഷക ശ്രദ്ധ നേടാനായിരുന്നില്ല.

Content Highlights: Mammootty movie Valyettan to hit theatres on November 29, release teaser out

To advertise here,contact us