'ദിഷയുടെ റോൾ സുന്ദരിയായി കാണപ്പെടുക എന്നതായിരുന്നു', വിവാദമായി 'കങ്കുവ' നിർമാതാവിന്റെ ഭാര്യയുടെ വാക്കുകൾ

'ദിഷ അവതരിപ്പിച്ച എയ്ഞ്ചല എന്ന കഥാപാത്രത്തെക്കുറിച്ചല്ല കങ്കുവ എന്ന ചിത്രം. അതിനാൽ രണ്ടര മണിക്കൂർ സിനിമയിൽ മുഴുവൻ സമയവും ദിഷയെ കാണിക്കാനാകില്ല.'

സൂര്യയെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്ത ഫാന്റസി പിരീഡ് ഡ്രാമ ചിത്രമാണ് കങ്കുവ. വലിയ പ്രതീക്ഷകളോടെ പുറത്തിറങ്ങിയ ചിത്രത്തിനെതിരെ പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. അതിൽ ഒരു വിമർശനമാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ച ദിഷ പഠാനിയുടെ സ്ക്രീൻ ടൈം വളരെ കുറവായിരുന്നു എന്നത്. ആ വിമർശനത്തോട് പ്രതികരിച്ചിരിക്കുകയാണ് നിർമാതാവ് കെ ഇ ജ്ഞാനവേലിന്റെ ഭാര്യ നേഹ.

'ദിഷ അവതരിപ്പിച്ച എയ്ഞ്ചല എന്ന കഥാപാത്രത്തെക്കുറിച്ചല്ല കങ്കുവ എന്ന ചിത്രം. അതിനാൽ രണ്ടര മണിക്കൂർ സിനിമയിൽ മുഴുവൻ സമയവും ദിഷയെ കാണിക്കാനാകില്ല. ചിത്രത്തിൽ ദിഷയുടെ ഉദ്ദേശം സുന്ദരിയായി കാണപ്പെടുക എന്നതാണ്. സംവിധായകന്റെ തീരുമാനങ്ങളാണ് അത്. വിമർശനങ്ങളെ തങ്ങൾ സ്വാഗതം ചെയ്യുന്നു. എന്നാൽ പ്രൊപ്പഗാണ്ടയെ സ്വീകരിക്കുകയില്ലെന്നും' നേഹ ജ്ഞാനവേൽ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

എന്നാൽ നേഹയുടെ പരാമർശം ഏറെ വിവാദമായിരിക്കുകയാണ്. പല കോണുകളിൽ നിന്നും ഈ പരാമർശത്തെ വിമർശിച്ച് പ്രതികരണങ്ങളെത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ നേഹ തന്റെ കമന്റ് ഡിലീറ്റ് ചെയ്തു.

Also Read:

Entertainment News
നയന്‍സുമായുള്ള പ്രണയത്തെ 'ഉളുന്തൂര്‍പേട്ടൈ നായയ്ക്ക് നാഗൂര്‍ ബിരിയാണി' എന്ന് പരിഹസിച്ചു, വിഘ്നേശ് ശിവന്‍

നേരത്തെ സിനിമയ്‌ക്കെതിരെ വരുന്ന വിമർശനങ്ങളിൽ ജ്യോതികയുടെ പ്രതികരണവും ഏറെ ചർച്ചയായിരുന്നു. ചിത്രത്തിനെ എന്തിന് ഇത്രയേറെ വിമർശിക്കുന്നു എന്നാണ് ജ്യോതിക ചോദിച്ചത്. 'സിനിമയുടെ അരമണിക്കൂറിൽ പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ അതിന് ശേഷം സിനിമ ഒരു മികച്ച ദൃശ്യാനുഭവം തന്നെയാണ് നൽകുന്നത് എന്ന് നടി അഭിപ്രായപ്പെട്ടു. സിനിമയ്‌ക്കെതിരെ മാധ്യമങ്ങളിൽ നിന്നു വലിയ തോതിൽ നെ​ഗറ്റീവ് റിവ്യൂ വരുന്നു. തീർത്തും ബുദ്ധിശൂന്യമായ സിനിമകൾ മുമ്പ് വന്നിട്ടുണ്ട്, എന്നാൽ ആ സിനിമകളെയൊന്നും ആരും ഇത്തരത്തിൽ വിമർശിച്ചിട്ടില്ല എന്ന് നടി അഭിപ്രായപ്പെട്ടു. സൂര്യയുടെ ഭാര്യ എന്ന നിലയിലല്ല, മറിച്ച് ഒരു സിനിമാപ്രേമി എന്ന നിലയിലാണ് താൻ ഈ കുറിപ്പ് എഴുതുന്നത് എന്നും ജ്യോതിക വ്യക്തമാക്കിയിരുന്നു.

Content Highlights: Kanguva producer's wife says that Disha Patani was there to look pretty

To advertise here,contact us