ക്യാമറയിൽ വന്ന് നെഗറ്റീവ് പറഞ്ഞാൽ വേഗം റീച്ച് കിട്ടുമെന്ന് ചിലർ കരുതുന്നു, 'കങ്കുവ' വളരെ നല്ല സിനിമയാണ്; സൂരി

വലിയ പ്രതീക്ഷകളോടെ പുറത്തിറങ്ങിയ ചിത്രത്തിനെതിരെ പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.

വളരെ നല്ല സിനിമയാണ് കങ്കുവയെന്നും തമിഴ് സിനിമയെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനുള്ള ശ്രമമാണ് അവർ നടത്തിയതെന്നും നടൻ സൂരി. ഞാൻ കുടുംബത്തോടൊപ്പമാണ് സിനിമ കണ്ടത് എന്റെ കുട്ടികൾക്കും സിനിമ ഇഷ്ടമായി. ചിലർ ചേർന്ന് സിനിമയെക്കുറിച്ച് നെഗറ്റീവ് പറയുന്നതിനെ നമ്മൾ മനസിൽ എടുക്കേണ്ടതില്ല ഒരുപാട് പേർ സിനിമയെക്കുറിച്ച് നല്ലത് പറയുന്നുണ്ട്. എന്നാൽ ചിലർ ക്യാമറയിൽ വന്ന് നെഗറ്റീവ് പറഞ്ഞാൽ വേഗം റീച്ച് കിട്ടുമെന്ന് കരുതി സിനിമ കണ്ട് നെഗറ്റീവ് പറയുന്നെന്നും മാധ്യമങ്ങളോട് സംസാരിക്കവെ സൂരി പറഞ്ഞു.

'കങ്കുവയുടെ മുഴുവൻ ടീമിന്റെ പരിശ്രമത്തിനും എന്റെ അഭിനന്ദനങ്ങൾ. ഒരുപാട് പേർ ആ സിനിമക്കായി കഷ്ടപെട്ടിട്ടുണ്ട്. രണ്ട് വർഷത്തിന് മേലെ ഒരുപാട് പേർക്കാണ് ആ സിനിമ ജോലി നൽകിയത്. ഒരുപാട് കോടി രൂപ കടം വാങ്ങി സിനിമ എടുക്കുന്ന ഒരു നിർമാതാവ് ഒരിക്കലും ആ സിനിമ തോൽക്കണമെന്ന് കരുതില്ല. ഒരു അഭിനേതാവും ഒരു സിനിമ പരാജയപ്പെടണമെന്ന് കരുതിയല്ല അഭിനയിക്കുന്നത്. ഒരുപാട് പേർ സിനിമയെക്കുറിച്ച് നല്ലത് പറയുന്നുണ്ട്', സൂരി പറഞ്ഞു.

Also Read:

Entertainment News
'ദളപതി 69'നായി കഥ പറഞ്ഞത് ഇരുപതോളം സംവിധായകർ,രണ്ട് തവണ വിജയ് സാറിനോട് ഞാൻ കഥ പറഞ്ഞിരുന്നു; ആർജെ ബാലാജി

സൂര്യയെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്ത ഫാന്റസി പിരീഡ് ഡ്രാമ ചിത്രമാണ് കങ്കുവ. വലിയ പ്രതീക്ഷകളോടെ പുറത്തിറങ്ങിയ ചിത്രത്തിനെതിരെ പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. ചിത്രമിതുവരെ 56.75 കോടി ഇന്ത്യയിൽ നിന്ന് നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മോശം പ്രതികരണങ്ങൾ സിനിമയുടെ കളക്ഷനെ സാരമായി ബാധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ അണിയറപ്രവർത്തകർ സിനിമയുടെ രംഗങ്ങൾ ട്രിം ചെയ്തു. യഥാർത്ഥ ദൈർഘ്യത്തിൽ നിന്ന് 12 മിനിറ്റുകളാണ് അണിയറപ്രവർത്തകർ നീക്കം ചെയ്തിരിക്കുന്നത്. ഇതിൽ ഏറിയ പങ്കും പുതിയ കാലഘട്ടത്തിലെ രംഗങ്ങളിൽ നിന്നാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് മണിക്കൂർ 22 മിനിറ്റാണ് സിനിമയുടെ പുതിയ ദൈർഘ്യം.

Also Read:

Entertainment News
നെരുപ്പ് പോലെ വന്നില്ല, വന്നത് വിമർശനങ്ങൾ; പരിഹാരമായി കങ്കുവയുടെ 12 മിനിറ്റ് ട്രിം ചെയ്ത് അണിയറപ്രവർത്തകർ

സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കങ്കുവ, ഫ്രാൻസിസ് എന്നിങ്ങനെ ഇരട്ടവേഷങ്ങളിൽ സൂര്യ എത്തുന്ന ചിത്രത്തിൽ ബോളിവുഡ് നടി ദിഷ പഠാണിയാണ് നായികാ വേഷം ചെയ്യുന്നത്. കോവൈ സരള, യോഗി ബാബു, ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണൻ തുടങ്ങിയവരും സിനിമയിൽ ഭാഗമാകുന്നുണ്ട്. ബോളിവുഡ് നടൻ ബോബി ഡിയോളാണ് ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Content Highlights: Kanguva is a very good film and many are liking it says actor Soori

To advertise here,contact us