മടി ഒന്നും പറഞ്ഞില്ല, ദൃശ്യങ്ങൾ ഉപയോഗിക്കാൻ അനുമതി; ഷാരൂഖ് ഖാനും ചിരഞ്ജീവിക്കും നന്ദി പറഞ്ഞ് നയൻസ്

'അവർ മടിയോ താമസമോ കൂടാതെ അനുമതി നൽകി. അവർക്കെല്ലാം ഞാൻ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു

നടൻ ധനുഷിനെതിരെ നയൻ‌താര നടത്തിയ വെളിപ്പെടുത്തൽ വലിയ ചർച്ചയായിരിക്കുകയാണ്. നയൻ‌താര: ബിയോണ്ട് ദി ഫെയറി ടെ‌യ്‌ൽ എന്ന ഡോക്യുമെന്ററിയിൽ നാനും റൗഡി താൻ എന്ന ചിത്രത്തിലെ മൂന്ന് സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യം ആവശ്യപ്പെട്ടതിന് നടൻ ധനുഷ് 10 കോടി രൂപ കോപ്പി റൈറ്റ് ഇനത്തിൽ ചോദിച്ചെന്നായിരുന്നു നയൻതാരയുടെ വെളിപ്പെടുത്തൽ. ഈ വിവാദം കടുക്കുന്നതിനിടയിൽ ഡോക്യൂമെന്ററിയിൽ ദൃശ്യങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയ സിനിമാതാരങ്ങൾക്ക് നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് നയൻ‌താര. ബോളിവുഡ് താരം ഷാരൂഖ് ഖാൻ, ഭാര്യയും നിർമാതവുമായ ഗൗരി ഖാൻ, തെലുങ്ക് താരങ്ങളായ ചിരഞ്ജീവി, രാം ചരൺ തുടങ്ങിയ സിനിമാപ്രവർത്തകർക്കാണ് നടി നന്ദി അറിയിച്ചിരിക്കുന്നത്.

'നയൻ‌താര: ബിയോണ്ട് ദി ഫെയറി ടെ‌യ്‌ൽ എന്ന ഞങ്ങളുടെ ഡോക്യൂമെന്ററി റിലീസ് ചെയ്തു. സിനിമയിലേക്കുള്ള എൻ്റെ യാത്ര എണ്ണമറ്റ ആഹ്ളാദ നിമിഷങ്ങളാൽ നിറഞ്ഞതാണ് എന്നതിനാൽ, ഞാൻ പ്രവർത്തിച്ച എല്ലാ സിനിമകളും എൻ്റെ ജീവിതത്തിൽ വലിയ പ്രാധാന്യമുള്ളവയാണ്. ഇവയിൽ, പല സിനിമകളും എൻ്റെ ഹൃദയത്തോട് വളരെ അടുത്താണ്, ആ ഓർമ്മകളും ദൃശ്യങ്ങളും ഞങ്ങളുടെ ഡോക്യുമെൻ്ററിയിൽ ഉൾപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചു. എൻഒസി ലഭിക്കാൻ ഞാൻ ഇനിപ്പറയുന്നവരെ സമീപിച്ചപ്പോൾ, അവർ മടിയോ താമസമോ കൂടാതെ അനുമതി നൽകി. അവർക്കെല്ലാം ഞാൻ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു,' എന്ന് നടി കുറിച്ചിട്ടുണ്ട്. ശേഷം ഷാരൂഖ്, ഗൗരി ഖാൻ, ഉദയനിധി, അർച്ചന കൽപ്പാത്തി, എ ആർ മുരുഗദോസ്, ചിരഞ്ജീവി, രാം ചരൺ, വിന്ധ്യൻ, മഹാസുബൈർ തുടങ്ങിയ ചലച്ചിത്ര പ്രവർത്തകർക്ക് നയൻസ് നന്ദി അറിയിച്ചു.

അതേസമയം നയന്‍താര-വിഘ്‌നേശ് വിവാഹസമയത്തോട് അനുബന്ധിച്ച് നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കാനിരുന്ന ഡോക്യുമെന്ററി വൈകിയതിന് കാരണം ധനുഷാണെന്ന നയന്‍താരയുടെ വെളിപ്പെടുത്തല്‍ ആണ് വിവാദമായത്. 'Nayanthara: Beyond the Fairy Tale' എന്ന ഡോക്യുമെന്ററിയില്‍ 'നാനും റൗഡി താന്‍' എന്ന ചിത്രത്തിലെ രംഗങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ ധനുഷ് എടുത്ത നീക്കമാണ് ഡോക്യുമെന്ററി ഇത്രയും വൈകാന്‍ കാരണമെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. 2022ലായിരുന്നു നയന്‍താരയുടെ വിവാഹം. ഇപ്പോള്‍ രണ്ട് വര്‍ഷത്തിലേറെ കഴിഞ്ഞാണ് ഡോക്യുമെന്‍ററി റിലീസ് ചെയ്തത്.

Also Read:

Entertainment News
രഹസ്യങ്ങൾ പരസ്യമാകാൻ സമയമായി!; ബേസിൽ - നസ്രിയ കോംബോയുടെ 'സൂക്ഷ്മദർശിനി' ബുക്കിംഗ് തുടങ്ങി

നയന്‍താരയുടെ കരിയറും ജീവിതവും പ്രതിപാദിക്കുന്ന ഈ ഡോക്യുമെന്ററിയില്‍ 'നാനും റൗഡി താന്‍' എന്ന ചിത്രത്തിലെ ഭാഗങ്ങള്‍ ഉപയോഗിക്കുന്നതിനായി ധനുഷിനെ സമീപിച്ചിരുന്നെന്നും എന്നാല്‍ ധനുഷ് എന്‍ഒസി(നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) തരാതെ വൈകിപ്പിച്ചുവെന്നും നയന്‍താര വ്യക്തമാക്കിയിരുന്നു. പല തവണ ആവശ്യപ്പെട്ടിട്ടും സിനിമയിലെ ചിത്രങ്ങള്‍ പോലും ഉപയോഗിക്കാന്‍ ധനുഷ് സമ്മതം നല്‍കിയില്ലെന്നും ഇതാണ് ഡോക്യുമെന്ററി വൈകാനും പിന്നീട് റീ എഡിറ്റ് ചെയ്യാനും കാരണമായതെന്നും നടി ആരോപിച്ചിരുന്നു.

Content Highlights: Nayanthara says thanks to Shahrukh Khan, Chiranjeevi, Ram Charan and others for NOC

To advertise here,contact us