സിനിമ തന്ന ഏറ്റവും വലിയ സന്തോഷം അച്ഛനും അമ്മയും 'വെള്ളിമൂങ്ങ' തിയേറ്ററിൽ പോയി കണ്ടതാണ്: സാജു നവോദയ

'അവർ ആദ്യമായി തിയേറ്ററിൽ പോയി കാണുന്ന സിനിമ വെള്ളിമൂങ്ങയാണ്. അച്ഛൻ ഒരു മങ്കി ക്യാപ്പൊക്കെ ഇട്ടായിരുന്നു അന്ന് സിനിമ കാണാൻ പോയത്.'

തന്റെ അച്ഛനും അമ്മയും 'വെള്ളിമൂങ്ങ' തിയേറ്ററിൽ പോയി കണ്ടത് തനിക്ക് ലോകത്തിലെ ഏറ്റവും വലിയ അവാർഡ് കിട്ടിയതിന് തുല്യമായിരുന്നുവെന്ന് നടൻ സാജു നവോദയ. തനിക്ക് ഓർമ വെച്ച കാലം തൊട്ട് എറണാകുളത്ത് തിയേറ്ററിൽ പോയി തന്റെ അച്ഛനും അമ്മയും സിനിമ കണ്ടിട്ടില്ല. അവർ ആദ്യമായി തിയേറ്ററിൽ പോയി കാണുന്ന സിനിമ വെള്ളിമൂങ്ങയാണ്. സിനിമയിൽ വന്നിട്ട് ഏറ്റവും വലിയ സന്തോഷം പേയ്മെന്റ്റ് കിട്ടിയപ്പോഴോ വണ്ടി വാങ്ങിയപ്പോഴോ ഒന്നുമല്ല, ഇതായിരുന്നു. അച്ഛൻ ഒരു മങ്കി ക്യാപ്പൊക്കെ ഇട്ടായിരുന്നു അന്ന് സിനിമ കാണാൻ പോയത്. റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ സാജു നവോദയ പറഞ്ഞു.

മമ്മൂട്ടിയോടൊപ്പം അഭിനയിക്കാനായതിന്റെ സന്തോഷവും സാജു നവോദയ പങ്കുവച്ചു. 'അച്ഛാ ദിൻ എന്ന സിനിമയിലാണ് ഞാൻ ആദ്യമായി മമ്മൂക്കയോടൊപ്പം അഭിനയിക്കുന്നത്. അതിന് ശേഷം ഭാസ്കർ ദി റാസ്‌ക്കൽ, മാസ്റ്റർപീസ്, തോപ്പിൽ ജോപ്പൻ തുടങ്ങിയ സിനിമകളിലൊക്കെ മമ്മൂക്കയോടൊപ്പം ഒന്നിച്ചഭിനയിച്ചു. ഇത്രയും വലിയ സിനിമകളിലേക്കൊക്കെ അഭിനയിക്കാൻ വിളിക്കുമ്പോൾ എന്റെ കുടുംബത്തിനുണ്ടായ സന്തോഷം വളരെ വലുതായിരുന്നു', സാജു നവോദയ പറഞ്ഞു.

Also Read:

Entertainment News
'പ്രിൻസ്' പരാജയപ്പെട്ടപ്പോൾ അജിത് സാറിന്റെ വാക്കുകൾ ആണ് എനിക്ക് കോൺഫിഡൻസ് തന്നത്; ശിവകാർത്തികേയൻ

പാഷാണം ഷാജി എന്ന പേരിലാണ് സാജു നവോദയ സിനിമകളിൽ അറിയപ്പെടുന്നത്. 2014 ൽ പുറത്തിറങ്ങിയ 'മാന്നാർ മത്തായി സ്‌പീക്കിങ് 2' എന്ന സിനിമയിലൂടെയാണ് സാജു നവോദയ സിനിമയിലേക്ക് എത്തുന്നത്. ജിബു ജേക്കബ് സംവിധാനം ചെയ്ത് ബിജു മേനോൻ നായകനായി എത്തിയ 'വെള്ളിമൂങ്ങ' എന്ന സിനിമയാണ് സാജു നവോദയയുടെ കരിയറിൽ വഴിത്തിരിവായ സിനിമ. ചിത്രത്തിലെ കൊച്ചാപ്പി എന്ന കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു. തുടർന്ന് 'ഭാസ്കർ ദി റാസ്‌ക്കൽ', 'അമർ അക്ബർ ആന്റണി', 'ലൈഫ് ഓഫ് ജോസൂട്ടി', 'അച്ചായൻസ്' തുടങ്ങി നിരവധി സിനിമകളിൽ സാജു നവോദയ അഭിനയിച്ചിട്ടുണ്ട്.

Content Highlights: Pashanam Shaji talks about Vellimoonga and his experience with Mammootty

To advertise here,contact us