പുതിയ പാട്ടുമായി എ.ആര്‍ റഹ്‌മാന്‍; ജയം രവി - നിത്യ മേനന്‍ ചിത്രത്തിലെ ഗാനമെത്തി

ഗാനത്തിലെ ഹൂക്ക് സ്റ്റെപ്പും വരികളും ഇതിനോടകം ട്രെന്‍ഡിങ്ങായി കഴിഞ്ഞു.

തമിഴില്‍ എ.ആര്‍ റഹ്‌മാന്‍ സംഗീത സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'കാതലിക്ക നേരമില്ലൈ'യിലെ ഗാനമെത്തി. 'യെന്നൈ ഇഴുക്കതടി' എന്ന ഗാനമാണ് വീഡിയോ രൂപത്തില്‍ എത്തിയിരിക്കുന്നത്.

നേരത്തെ ഈ പാട്ടിന്റെ പ്രമോയും എ.ആര്‍ റഹ്‌മാന്‍ തന്നെ ആലപിച്ച പ്രധാന ഭാഗവും പുറത്തുവന്നിരുന്നു. ഇപ്പോള്‍ പുറത്തിറങ്ങിയ വീഡിയോയില്‍ എ.ആര്‍ റഹ്‌മാനും ഗാനം ആലപിച്ച ദീയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജയം രവിയും നിത്യ മേനനുമെല്ലാം എത്തുന്നുണ്ട്. വിവേകാണ് വരികളെഴുതിയിരിക്കുന്നത്.

സര്‍ക്കസിന്റെ പശ്ചാത്തലത്തില്‍ നൂല്‍പ്പാവ രൂപത്തില്‍ നില്‍ക്കുന്ന ഡാന്‍സേഴ്‌സിനൊപ്പം ആട്ടവും പാട്ടുമായാണ് താരങ്ങളെത്തുന്നത്. ഗാനത്തിലെ ഹൂക്ക് സ്റ്റെപ്പും വരികളും ഇതിനോടകം ട്രെന്‍ഡിങ്ങായി കഴിഞ്ഞു.

പ്രണയത്തെയും ഒന്നിച്ചുള്ള ജീവിതത്തെയും കുറിച്ചുള്ള പാട്ടിലെ വരികളും ദൃശ്യങ്ങളും എ.ആര്‍ റഹ്‌മാന്റെയും ജയം രവിയുടെയും വ്യക്തിജീവിതത്തോട് ബന്ധപ്പെടുത്തി കൂടി ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്. ഇരുവരുടെയും വിവാഹമോചന വാര്‍ത്തകള്‍ അടുത്തിടെയാണ് പുറത്തുവന്നത്.

അതേസമയം, 'കാതലിക്ക നേരമില്ലൈ' വൈകാതെ തന്നെ തിയേറ്ററുകളിലെത്തും. ദീപാവലി റിലീസായെത്തിയ ജയം രവിയുടെ ബ്രദറിന് തിയേറ്ററുകളില്‍ വിജയം നേടാനായിരുന്നില്ല. 'കാതലിക്ക നേരമില്ലൈ'യിലൂടെ ബോക്‌സ് ഓഫീസില്‍ ചലനം സൃഷ്ടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് നടന്‍.

Also Read:

Entertainment News
കങ്കുവയുടെ പരാജയത്തിന് പിന്നാലെ വീണ്ടും നിരാശ; 350 കോടി മുടക്കാനില്ല, സൂര്യയുടെ കർണൻ ഉപേക്ഷിച്ചു?

ദേശീയ പുരസ്‌കാരം നേടിയ 'തിരുച്ചിത്രമ്പല'ത്തിന് ശേഷം നിത്യ മേനന്‍ തമിഴ് സ്‌ക്രീനുകളിലെത്തുന്ന ചിത്രമായിരിക്കും ഇത്. റൊമാന്റിക് ഡ്രാമ ഴോണറിലൊരുങ്ങുന്ന ചിത്രത്തില്‍ യോഗി ബാബു, ലാല്‍, വിനയ് റായ്, ടി ജെ ഭാനു, ജോണ്‍ കൊക്കന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന 'കാതലിക്ക നേരമില്ലൈ' റെഡ് ജെയ്ന്റ് മൂവിസാണ് നിര്‍മിക്കുന്നത്. എം. ഷേന്‍ഭാഗ മൂര്‍ത്തി, ആര്‍ അര്‍ജുന്‍ ദുരൈ എന്നിവരാണ് സഹനിര്‍മാതാക്കള്‍.

Content Highlights: AR Rahman's new song 'Yennai Izhukadadi' from Jayam Ravi-Nithya Menen starring 'Kadhalikka Neramillai's' out

To advertise here,contact us