എന്തിനും ഏതിനും മലയാളി താരങ്ങള്‍; ട്രാക്ക് മാറ്റി ആര്‍.ജെ ബാലാജിയുടെ 'സ്വര്‍ഗവാസല്‍', ട്രെയ്‌ലര്‍

അഭിനയിത്തിലും സംഗീതത്തിലുമെല്ലാം നിറഞ്ഞ മലയാളി സാന്നിധ്യവുമായാണ് ചിത്രം എത്തുന്നത്

ജയിലുകള്‍ക്കുള്ളിലെ അടിച്ചമര്‍ത്തലിന്റെയും അധികാരശ്രേണിയുടെയും കഥ പറയുന്ന സ്വര്‍ഗവാസല്‍ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. കോമഡി ട്രാക്കില്‍ നിന്ന് വഴി മാറി ആക്ഷന്‍ ത്രില്ലര്‍ ഴോണര്‍ ചിത്രവുമായാണ് ഇത്തവണ ആര്‍.ജെ ബാലാജി എത്തുന്നത്. ജയിലില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന നായക കഥാപാത്രമാണ് ബാലാജിയുടേത് എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.

നവംബര്‍ 29ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തില്‍ മലയാളി താരങ്ങളുടെ വലിയ നിര തന്നെയുണ്ട്. തീവ്രമായ ദൃശ്യഭാഷയും രക്തരൂക്ഷിതമായ രംഗങ്ങളുമായി എത്തുന്ന സ്വര്‍ഗവാസലില്‍ അടിമുടി വ്യത്യസ്തമായ റോളുകളിലാണ് മലയാളി അഭിനേതാക്കള്‍ എത്തുന്നത്.

പൊലീസ് വേഷത്തില്‍ ഷറഫുദ്ദീന്‍, ജയില്‍ അന്തേവാസിയായി ഹക്കിം ഷാജഹാന്‍, നായികയായി സാനിയ ഇയ്യപ്പന്‍ എന്നിവരാണ് പ്രധാന മലയാളി താരങ്ങള്‍. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തില്‍ സുഡാനിയായി അഭിനയിച്ച സാമുവലും ചിത്രത്തിലുണ്ട്.

സംവിധായകന്‍ പാ രഞ്ജിത്തിന്റെ അസോസിയേറ്റ് ആയിരുന്ന സിദ്ധാര്‍ത്ഥ് വിശ്വനാഥ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വര്‍ഗവാസല്‍. സംവിധായകന്‍ കൂടിയായ സെല്‍വരാഘവനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Also Read:

Entertainment News
നാഗ ചൈതന്യയും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്നു, 'തണ്ടേൽ' സിനിമയിലെ ആദ്യ ഗാനം എത്തി

സൈ്വപ്പ് റൈറ്റ് സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ഭ്രമയുഗം, സൂക്ഷ്മദര്‍ശിനി തുടങ്ങിയ സിനിമകളുടെ സംഗീത സംവിധായകന്‍ ക്രിസ്റ്റോ സേവ്യറാണ് സ്വര്‍ഗവാസലിന് സംഗീതമൊരുക്കിയിരിക്കുന്നത്. തമിഴ് സംവിധായകന്‍ പ്രഭയും അശ്വിന്‍ രവിചന്ദ്രനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

Content Highlights : Sorgavaasal - Trailer starring RJ Balaji and many Malayali actors

To advertise here,contact us