ഡാബ്​സിയെ സജസ്റ്റ് ചെയ്തത് ഞാൻ, പാട്ട് മാറ്റിയത് ഡാബ്​സിയുടെ പ്രശ്നം കൊണ്ടല്ല : 'മാർക്കോ' നിർമാതാവ്

'ഡാബ്​സി വേർഷൻ നമ്മൾ ഡിലീറ്റ് ചെയ്യില്ല. ഡാബ്​സി വേർഷൻ കേൾക്കാൻ ഇഷ്ടമുള്ളവർക്ക് അത് കേൾക്കാം, സന്തോഷ് വെങ്കി വേർഷൻ കേൾക്കാൻ ഇഷ്ടമുള്ളവർക്ക് അത് കേൾക്കാം'

മാർക്കോ എന്ന ചിത്രത്തിലെ ബ്ലഡ് എന്ന ഗാനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ പ്രതികരിച്ച് നിർമാതാവ് ഷെരീഫ് മുഹമ്മദ്. ഡാബ്​സി എന്ന ഗായകനെ മാർക്കോ ടീം ഏറെ ബഹുമാനിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ പോരായ്മ കൊണ്ടല്ല മറ്റൊരു പതിപ്പ് പുറത്തിറക്കിയതെന്നും ഷെരീഫ് മുഹമ്മദ് വ്യക്തമാക്കി. ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ പ്രേക്ഷകരിൽ നിന്ന് ഏറെ വിമർശനങ്ങൾ വന്നു. പ്രേക്ഷകരെ മാനിക്കുന്നതിനാലാണ് മറ്റൊരു പതിപ്പ് കൂടി റിലീസ് ചെയ്തത്. ഡാബ്​സി പാടിയ പതിപ്പ് ഡിലീറ്റ് ചെയ്യില്ലെന്നും ഇരുപതിപ്പുകളും പ്രേക്ഷകർക്ക് കേൾക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതൊരിക്കലും ഒരു പ്രമോഷൻ തന്ത്രമായി ചെയ്തതല്ല എന്നും ഷെരീഫ് മുഹമ്മദ് റിപ്പോർട്ടർ ലൈവിനോട് പ്രതികരിച്ചു.

'ഡാബ്​സിയെ സജസ്റ്റ് ചെയ്തത് ഞാനാണ്. ഡാബ്​സി ഒരു ട്രെൻഡ് സെറ്ററാണ്, ബെസ്റ്റ് ടെക്‌നീഷ്യനാണ്. അദ്ദേഹത്തെ നമ്മൾ ഏറെ ബഹുമാനിക്കുന്നുണ്ട്. എന്നാൽ ആ ഗാനം പ്രേക്ഷകർക്കിടയിൽ നെഗറ്റീവായി. അത് ഡാബ്​സിയുടെ പ്രശ്നമാണെന്ന് നമ്മൾ പറയുന്നില്ല. എന്നാൽ ആ ഗാനം പ്രേക്ഷകർക്ക് ഇഷ്ടമായില്ല. പ്രേക്ഷകരാണല്ലോ രാജാവ്, അവരെ നമ്മൾ മാനിക്കേണ്ടതുണ്ട്. അവർക്ക് ഇഷ്ടമായില്ലെങ്കിൽ അതിനൊരു പരിഹാരം കണ്ടെത്തണം എന്നാണ് നമ്മൾ ചിന്തിച്ചത്,' ഷെരീഫ് മുഹമ്മദ് പറഞ്ഞു.

'ഡാബ്​സിയെ പോലൊരു വ്യക്തിയെ നമ്മൾ താഴ്ത്തികെട്ടില്ല. നമ്മൾ ഇട്ട പോസ്റ്റിൽ അത് നമ്മൾ വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് പതിപ്പും യൂട്യൂബിലുണ്ട്. ഡാബ്​സി വേർഷൻ നമ്മൾ ഡിലീറ്റ് ചെയ്യില്ല. ഡാബ്​സി നമ്മുടെ കുടുംബത്തിലെ അംഗത്തെ പോലെയാണ്. പ്രേക്ഷകരെ പോലെ നമ്മൾ ടെക്‌നീഷ്യൻസിനെയും മാനിക്കുന്നത് കൊണ്ടാണ് രണ്ട് പതിപ്പും യൂട്യൂബിലുള്ളത്. ഡാബ്​സി വേർഷൻ കേൾക്കാൻ ഇഷ്ടമുള്ളവർക്ക് അത് കേൾക്കാം, സന്തോഷ് വെങ്കി വേർഷൻ കേൾക്കാൻ ഇഷ്ടമുള്ളവർക്ക് അത് കേൾക്കാം. പിന്നെ ഇത് പ്രമോഷന് വേണ്ടി ചെയ്തതല്ല. അതിന്റെ ആവശ്യം നമുക്കില്ല,' എന്നും ഷെരീഫ് മുഹമ്മദ് കൂട്ടിച്ചേർത്തു.

Also Read:

Entertainment News
'24 മണിക്കൂറിനുള്ളിൽ വീഡിയോകൾ നീക്കം ചെയ്യണം, ഇല്ലെങ്കിൽ നിയമനടപടി'; മുന്നറിയിപ്പുമായി എ ആർ റഹ്മാൻ

കഴിഞ്ഞ ദിവസമായിരുന്നു മാർക്കയിലെ ബ്ലഡ് എന്ന ഗാനം റിലീസ് ചെയ്തത്. എന്നാൽ ഡാബ്​സിയുടെ ശബ്ദം ഗാനത്തിന് ചേരുന്നതല്ല എന്ന തരത്തിൽ ഏറെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഗായകനെ മാറ്റുന്നതായി അണിയറപ്രവർത്തകർ അറിയിച്ചത്. പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന അവരുടെ സങ്കല്‍പങ്ങള്‍ക്ക് അനുസരിച്ചുള്ള ഉള്ളടക്കം സൃഷ്​ടിക്കുന്നതിനോട് തങ്ങള്‍ പ്രതിബദ്ധത പുലര്‍ത്തും. അഭിപ്രായങ്ങള്‍ മാനിച്ച് കെജിഎഫ് ഫെയിം സന്തോഷ് വെങ്കിയുടെ ശബ്ദം ഉൾക്കൊള്ളിച്ച് ബ്ലഡിന്റെ പുതിയ പതിപ്പ് ഉടന്‍ പുറത്തിറക്കുമെന്ന് ഉണ്ണി മുകുന്ദൻ ഉൾപ്പടെയുള്ള അണിയറപ്രവർത്തകർ സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു.

Also Read:

Entertainment News
മോഹൻലാലിനെ ഇത്തിക്കരപ്പക്കിയാക്കിയത് ഇങ്ങനെ…; അനുഭവം പറഞ്ഞ് രഞ്ജിത്ത് അമ്പാടി

പിന്നാലെ സന്തോഷ് വെങ്കി പാടിയ ബ്ലഡിന്‍റെ പുതിയ വേര്‍ഷനും ഇവര്‍ പുറത്തുവിട്ടു. ഇപ്പോള്‍ സോണി മ്യൂസിക് സൗത്തിന്റെ യൂട്യൂബ് ചാനലില്‍ ഡാബ്സിയുടെയും സന്തോഷ് വെങ്കിയുടെയും ശബ്ദത്തിലുള്ള ഒരേ പാട്ടിന്‍റെ രണ്ട് വീഡിയോകളുണ്ട്.

Content Highlights: Marco Producer repsonse on the blood song issue

To advertise here,contact us