വിഷാദത്തിൽ നിന്ന് കൈപിടിച്ചുയർത്തിയത് സിനിമ, ആശ്വാസമായത് സദസ്സിലെ കരഘോഷം; ശിവകാർത്തികേയൻ

നമ്മുടെ പാഷൻ ഈ വെല്ലുവിളികളെ മറികടക്കാൻ സഹായിക്കുന്നു

കോമഡി കഥാപാത്രങ്ങളിലൂടെ തുടങ്ങി ഇന്ന് തമിഴ് സിനിമയിലെ മുൻനിര നായകൻമാർക്കിടയിൽ ഇടം പിടിച്ച നടനാണ് ശിവകാർത്തികേയൻ. അച്ഛന്റെ മരണ ശേഷം വിഷാദത്തിലേക്ക് വഴുതി വീണിരുന്നെനും അഭിനയമാണ് അതില്‍ നിന്നും രക്ഷിച്ചതെന്നും പറയുകയാണ് ശിവകാർത്തികേയൻ. അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ 'Small Screens to Big Dreams' എന്ന വിഷയത്തിൽ സംസാരിക്കവെയാണ് നടന്റെ പ്രതികരണം.

എന്റെ പിതാവിന്റെ മരണശേഷം ഞാൻ വിഷാദത്തിലേക്ക് വഴുതിവീണ ഒരു കാലമുണ്ടായിരുന്നു. എന്നാൽ, ജോലിയാണ് അതിൽ നിന്ന് രക്ഷയേകിയത്. സദസ്സിൽ നിന്നുള്ള കരഘോഷമായിരുന്നു എന്റെ ചികിത്സ. ആരാധകർ നൽകിയ സ്നേഹവും പിന്തുണയുമാണ് ജീവിതത്തിലെ ഇരുണ്ട കാലത്ത് നിന്ന് പുറത്തെത്തിച്ചത്. വെല്ലുവിളികൾ നിറ‍ഞ്ഞതാണ് ജീവിതം. എന്നാൽ, നമ്മുടെ പാഷൻ ഈ വെല്ലുവിളികളെ മറികടക്കാൻ സഹായിക്കുന്നു. ഇവയെല്ലാം ഉപേക്ഷിക്കാൻ ചില സമയങ്ങളിൽ തോന്നിയിരുന്നു. എന്നാൽ, പ്രേക്ഷകരുടെ സ്നേഹം എന്നെ മുന്നോട്ട് നയിച്ചു, ശിവകാർത്തികേയൻ പറഞ്ഞു. ടെലിവിഷൻ ആങ്കറിംഗിൽ നിന്നാണ് താന്‍ ആരംഭിച്ചതെന്നും സിനിമ കരിയറിലേക്കുള്ള ചവിട്ടുപടിയായിരുന്നു ഇതെന്നും ശിവകാർത്തികേയൻ പറഞ്ഞു. ആവേശത്തോടെയാണ് ഓരോ സിനിമയും ചെയ്യുന്നതെന്നും നടൻ കൂട്ടിച്ചേർത്തു.

Also Read:

Entertainment News
കങ്കുവ സമ്മാനിച്ച നിരാശയ്ക്ക് ശേഷം സൂര്യയ്ക്ക് പിടിവള്ളിയാകുമോ 'സൂര്യ 45'? പുതിയ അപ്ഡേഷൻ ഇങ്ങനെ

ശിവകാർത്തികേയന്റേതായി ഏറ്റവും ഒടുവിൽ തിയേറ്ററിൽ എത്തിയ ചിത്രമാണ് അമരൻ. മേജർ മുകുന്ദായി ശിവകാർത്തികേയൻ തകർത്താടിയ ചിത്രം 300 കോടി കളക്ഷനും കടന്ന് മുന്നേറുകയാണ്. തമിഴ്‌നാട്ടിൽ നിന്ന് മാത്രം സിനിമ 100 കോടിയിലധികം രൂപ നേടിക്കഴിഞ്ഞു. ഇതോടെ ഈ വർഷം തമിഴ്‌നാട്ടിൽ നിന്ന് ഏറ്റവും അധികം പണം നേടുന്ന സിനിമകളിൽ രണ്ടാം സ്ഥാനത്ത് അമരൻ എത്തിയിരിക്കുകയാണ്. കമൽ ഹാസന്റെ രാജ് കമൽ ഫിലിംസും സോണി പിക്ചേഴ്സും ചേർന്നാണ് അമരൻ നിർമിച്ചിരിക്കുന്നത്.

Content Highlights: sivakarthikeyan talks about his depression stage and survival

To advertise here,contact us