'സിദ്ധാർഥ് ഭരതന്റെ പേര് പറഞ്ഞപ്പോൾ എല്ലാവർക്കും ഒരേപോലെ വർക്കായി'; 'സൂക്ഷ്മദർശിനി' സംവിധായകൻ

'ഭ്രമയുഗം കണ്ട ശേഷം ഞാൻ സമീറിക്കയോട് ചോദിച്ചു ഈ റോളിലേക്ക് സിദ്ധാർഥ് വന്നാൽ എങ്ങനെയുണ്ടാകും എന്ന്'

ബേസിൽ ജോസഫ് - നസ്രിയ നസീം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എംസി ജിതിൻ സംവിധാനം ചെയ്ത ചിത്രമാണ് 'സൂക്ഷ്മദർശിനി'. മികച്ച പ്രതികരണം നേടുന്ന സിനിമയിൽ വലിയ കയ്യടി നേടുന്ന കഥാപാത്രമാണ് സിദ്ധാർഥ് ഭരതൻ അവതരിപ്പിച്ച ഡോ. ജോൺ. ഈ കഥാപാത്രത്തിലേക്ക് നടനെ പരിഗണിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് സിനിമയുടെ സംവിധായകൻ എം സി ജിതിൻ. റിപ്പോർട്ടർ ലൈവിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

'നമ്മൾ ഒരിക്കലും സിദ്ധാർഥ് ഭരതനെ ഈ റോളിലേക്ക് ആദ്യം ആലോചിച്ചിരുന്നില്ല. ഭ്രമയുഗം കണ്ട ശേഷം ഞാൻ സമീറിക്കയോട് (സമീർ താഹിർ) ചോദിച്ചു ഈ റോളിലേക്ക് സിദ്ധാർഥ് വന്നാൽ എങ്ങനെയുണ്ടാകും എന്ന്. പുള്ളി കുറച്ച് നേരം ആലോചിച്ചിട്ട് ശരി എന്ന് തലകുലുക്കി. നമ്മൾ പലരെയും പറയുമ്പോൾ ചിലർക്ക് വർക്കാകും, മറ്റുചിലർക്ക് വർക്കാകില്ല. എന്നാൽ സിദ്ധാർഥേട്ടനെ പറഞ്ഞപ്പോൾ എല്ലാവർക്കും ഒരേപോലെ വർക്കായി,' എന്ന് എം സി ജിതിൻ പറഞ്ഞു.

Also Read:

Entertainment News
'ആടുജീവിതത്തേക്കാൾ എഫർട്ട് എടുത്തത് കാഴ്‌ച ചെയ്യാൻ'; അനുഭവം പങ്കുവെച്ച് രഞ്ജിത്ത് അമ്പാടി

ഡാർക്ക് ഹ്യൂമർ ജോണറിൽ കഥ പറയുന്ന സിനിമയിൽ ഉടനീളം ചിരിമുഹൂർത്തങ്ങൾ ഒരുക്കുന്ന കഥാപാത്രമാണ് സിദ്ധാർഥ് ഭരതന്റെ ഡോ. ജോൺ. ഭയങ്കര സർപ്രൈസായിരുന്നു ഈ കഥാപാത്രം, അതിഗംഭീരമായി തന്നെ സിദ്ധാർഥ് ആ കഥാപാത്രത്തെ അവതരിപ്പിച്ചുന്നു എന്നാണ് പല പ്രേക്ഷകരുടെയും അഭിപ്രായം.

ഈ വർഷം തന്നെ പുറത്തിറങ്ങിയ ഭ്രമയുഗം എന്ന സിനിമയിലും സിദ്ധാർഥ് ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ആ കഥാപാത്രത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ് സൂക്ഷ്മദർശിനിയിലേത് എന്നും സമൂഹ മാധ്യമങ്ങളിലെ കുറിപ്പുകളിലുണ്ട്. ഒരേ വർഷം തന്നെ തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ നടൻ വിസ്മയിപ്പിക്കുന്നതിന്റെ ആവേശത്തിലാണ് പ്രേക്ഷകര്‍. സൂക്ഷ്മദർശിനിയിലെ നടന്റെ പല ഡയലോഗുകളും പ്രേക്ഷകർ ആഘോഷിക്കുന്നുണ്ട്.

Content Highlights: MC Jithin talks about the character of Siddarth Bharathan in Sookshmadarshini

To advertise here,contact us