'കുടുംബം സമ്മതിക്കുമോ എന്നറിയില്ല, രാജ് കപൂറിന്റെ ബയോപിക് വലിയ വെല്ലുവിളിയായിരിക്കും'; രൺബീർ കപൂർ

'ബയോപിക് എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ വിജയത്തെ ഉയര്‍ത്തിക്കാട്ടുന്ന ഒന്നല്ല'

ബോളിവുഡിലെ പ്രശസ്ത നടൻ രാജ് കപൂറിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ റീസ്റ്റോർ ചെയ്ത സിനിമകൾ പ്രദർശിപ്പിക്കുന്ന ചലച്ചിത്രോത്സവം രാജ്യത്തുടനീളം സംഘടിപ്പിക്കുമെന്ന് നടനും പേരക്കുട്ടിയുമായ രൺബീർ കപൂർ. അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ നിർമാതാവും എഡിറ്ററുമായ രാഹുൽ റാവെയ്ലുമായി സംസാരിക്കുന്നതിനിടെയായിരുന്നു രൺബീറിന്റെ പ്രതികരണം.

നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻഎഫ്ഡിസി), നാഷണൽ ഫിലിം ആർക്കൈവ്സ് ഓഫ് ഇന്ത്യ (എൻഎഫ്എഐ), ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ (എഫ്എച്ച്എഫ്), കുനാൽ കപൂർ എന്നിവർ ചേർന്ന് രാജ് കപൂറിന്റെ ഏറ്റവും മികച്ച 10 ചിത്രങ്ങൾ റീസ്റ്റോർ ചെയ്യുന്ന നടപടികൾ ആരംഭിച്ചതായി രൺബീർ പറഞ്ഞു.

'രാജ് കപൂർ ഫിലിം ഫെസ്റ്റിവൽ ഡിസംബർ 13 മുതൽ ഡിസംബർ 15 വരെ ഞങ്ങൾ ഇന്ത്യയൊട്ടാകെ സംഘടിപ്പിക്കാൻ പോകുകയാണ്. രാജ് കപൂറിന്റെ മികച്ച 10 ചിത്രങ്ങളുടെ റീസ്റ്റോർ ചെയ്ത പതിപ്പ് ഞങ്ങൾ കാണിക്കും. സഞ്ജയ് ലീല ബന്‍സാലി ഉള്‍പ്പെടെയുള്ളവരോട് രാജ് കപൂറിന്റെ ബയോപിക് എങ്ങനെ നിര്‍മ്മിക്കാം എന്നതിനെക്കുറിച്ച് ഞാന്‍ സംസാരിക്കാറുണ്ട്.

ബയോപിക് എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ വിജയത്തെ ഉയര്‍ത്തിക്കാട്ടുന്ന ഒന്നല്ല. ഒരാളുടെ ജീവിതം സത്യസന്ധമായി ചിത്രീകരിക്കേണ്ടതുണ്ട്. ഉയര്‍ച്ചതാഴ്ച്ചകള്‍, പോരാട്ടങ്ങള്‍, ബന്ധങ്ങള്‍ എന്നിവ സത്യസന്ധമായിതന്നെ സ്‌ക്രീനില്‍ കാണിക്കണം. വലിയ വെല്ലുവിളികള്‍ ഉയര്‍ത്തിയേക്കാവുന്ന ഒരു ബയോപിക് ആണ്. രാജ് കപൂറിന്റെ ഈ ഒരു വശം കാണിക്കാന്‍ എന്റെ കുടുംബം സമ്മതിക്കുമോ എന്ന് എനിക്കറിയില്ല. പക്ഷേ ഇത് നടന്നാല്‍ ശരിക്കും ഒരു മികച്ച സിനിമയാകുമെന്ന് ഞാന്‍ കരുതുന്നു' രൺബീർ കപൂർ പറഞ്ഞു.

Also Read:

Entertainment News
രണ്ടാഴ്ച കഴിഞ്ഞാല്‍ റിലീസ്, ഇനിയും തീർന്നില്ലേ പുഷ്പ 2 വിന്റെ ഷൂട്ടിംഗ് ?

1959-ൽ പുറത്തിറങ്ങിയ രാജ് കപൂറിൻ്റെ ക്ലാസിക്ക് ചിത്രം 'അനാരി'യിലെ 'കിസി കി മുസ്കുരഹാതോൻ പേ ഹോ നിസാർ' എന്ന ഐക്കോണിക് ട്രാക്കാണ് തൻ്റെ കുഞ്ഞിനെ ആദ്യം കേൾപ്പിച്ചതെന്നും രൺബീർ കപൂർ കൂട്ടിച്ചേർത്തു.

Content Highlights:  Ranbir Kapoor spoke about Raj Kapoor's biopic

To advertise here,contact us