സൂക്ഷ്‍മദര്‍ശിനിയ്ക്ക് സൂപ്പർ സൺ‌ഡേ, ബോക്സ് ഓഫീസിൽ കോടികൾ കൊയ്‌ത് ബേസിൽ - നസ്രിയ കോമ്പോ

അടിമുടി പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു ഫാമിലി ത്രില്ലറാണ് സൂക്ഷ്മദർശിനി എന്നാണ് പ്രേക്ഷക പ്രതികരണം

ബേസിൽ ജോസഫ് - നസ്രിയ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം സി ജിതിൻ സംവിധാനം ചെയ്ത ചിത്രമാണ് 'സൂക്ഷ്മദർശിനി'. മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ് സിനിമ. ഇപ്പോഴിതാ ചിത്രത്തിന്റെ സൺ‌ഡേ കളക്ഷനാണ് പുറത്തു വന്നിരിക്കുന്നത്. സാക്നില്‍ക് റിപ്പോർട്ട് പ്രകാരം ആദ്യ ഞായറാഴ്ച സൂക്ഷ്‍മദര്‍ശിനി 4 കോടിയാണ് നേടിയത്. 66.22% ആയിരുന്നു ചിത്രത്തിന്‍റെ തിയേറ്റർ ഓക്യുപെന്‍സി.

ഓപ്പണിങ് ദിവസം ചിത്രത്തിന്റെ കളക്ഷന്‍ 1.55 കോടിയായിരുന്നു. ശനിയാഴ്ച 3.04 കോടിയാണ് സിനിമ നേടിയത്. ആദ്യ വാരം അവസാനിക്കുമ്പോൾ ചിത്രം മികച്ച കളക്ഷൻ സ്വന്തമാക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടിമുടി പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു ഫാമിലി ത്രില്ലറാണ് സൂക്ഷ്മദർശിനി എന്നാണ് പ്രേക്ഷക പ്രതികരണം.

അയൽവാസികളായ പ്രിയദര്‍ശിനി, മാനുവൽ എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തിൽ നസ്രിയയും ബേസിലും എത്തുന്നത്. അവരുടെ ജീവിതവുമായി ബന്ധപ്പെട്ട് നടക്കുന്ന ചില സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. എം സിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹാപ്പി ഹവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും, എ വി എ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് സൂക്ഷ്മദര്‍ശിനി നിര്‍മിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും ചേർന്നാണ്.

Also Read:

Entertainment News
നയൻസിന് പിന്നാലെ നാഗചൈതന്യയും, ചായ്-ശോഭിത വിവാഹം ഡോക്യുമെന്ററി ആകുമോ?

ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.

Content Highlights: Sookshma Darshini sunday boxs office collection

To advertise here,contact us