സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് അല്ലു അർജുൻ നായകനായ 'പുഷ്പ 2 ദി റൂൾ'. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ അഞ്ചിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. ഇപ്പോഴിതാ സിനിമയുടെ പ്രീ റിലീസ് ഇവെന്റിനായി കേരളത്തിൽ എത്തിയിരിക്കുകയാണ് അല്ലു അർജുൻ. വൻ വരവേൽപ്പാണ് അല്ലു അർജുനായി ആരാധകർ ഒരുക്കിയിരിക്കുന്നത്. ഏറെ വർഷത്തെ ഇടവേളക്ക് ശേഷമാണ് അല്ലു അർജുൻ കേരളത്തിലെത്തുന്നത്.
അല്ലുവിനെ കാണാനായി ആരാധകർ മണിക്കൂറുകൾക്ക് മുൻപ് തന്നെ എയർപോർട്ടിന് മുന്നിൽ കാത്തുനിന്നിരുന്നു. വലിയ കരഘോഷത്തോടെയാണ് ആരാധകർ മലയാളികളുടെ മല്ലു അർജുനെ വരവേറ്റത്. കാറിൽ കയറുന്നതിന് മുൻപ് ആരാധകരെ അഭിവാദ്യം ചെയ്യുന്ന അല്ലു അർജുന്റെ വീഡിയോ നിർമാതാക്കൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. 'കേരള വെൽക്കംസ് മല്ലു അർജുൻ' എന്ന ക്യാപ്ഷനോടെയാണ് നിർമാതാക്കൾ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് വൈകുന്നേരം അഞ്ച് മണി മുതൽ കൊച്ചിയിലെ ഗ്രാൻഡ് ഹയാത്തിൽ വച്ചാണ് പുഷ്പയുടെ കേരള പ്രീ റിലീസ് എവെന്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്.
Kerala Welcomes MALLU ARJUN!!!#Pushpa2TheRule pic.twitter.com/bXgiCUgn6N
ബിഹാറിലും ചെന്നൈയിലും മികച്ച സ്വീകരണമാണ് അല്ലുവിന് ലഭിച്ചത്. അല്ലു അർജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, സുനിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സാണ് ചിത്രം നിർമിക്കുന്നത്. ഇന്ത്യയെമ്പാടും തരംഗമായി മാറിയ 'പുഷ്പ ദ റൈസ്' എന്ന ആദ്യ ഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു. പുഷ്പ ദ റൂള് എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗവും തിയേറ്ററുകളെ ഇളക്കിമറിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.
Content Highlights: Actor Allu Arjun gets a grand welcome at kochi airport