തലയുടെ വിളയാട്ടം പൊങ്കലിന്, ആക്ഷൻ പൂരമൊരുക്കാൻ 'വിടാമുയർച്ചി'; അജിത് ചിത്രത്തിന്റെ ടീസർ പുറത്ത്

പൊങ്കൽ റിലീസായി ജനുവരിയിൽ വിടാമുയർച്ചി തിയേറ്ററിലെത്തും

അജിത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'വിടാമുയർച്ചി'. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ആക്ഷൻ സിനിമയുടെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. നിറയെ ആക്ഷനും ഒപ്പം ഇമോഷനുമുള്ള ഒരു പക്കാ എൻ്റർടൈയ്നർ ആകും ചിത്രമെന്ന സൂചനയാണ് ടീസർ നൽകുന്നത്. അജിത്തിന്റെ കഥാപാത്രം ആരെയോ തേടുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നാണ് സിനിമയുടെ ആദ്യ വിഷ്വലുകൾ കാണുമ്പോൾ മനസിലാകുന്നത്. പൊങ്കൽ റിലീസായി ജനുവരിയിൽ 'വിടാമുയർച്ചി' തിയേറ്ററിലെത്തും.

Also Read:

Entertainment News
ഫാന്റസി കഴിഞ്ഞു, ഇനി കട്ട ആക്ഷൻ; ടൊവിനോ - തൃഷ ബിഗ് ബഡ്ജറ്റ് ചിത്രം 'ഐഡന്റിറ്റി' ജനുവരിയിൽ തിയേറ്ററിൽ

ടീസറിൽ അജിത്തിനൊപ്പം സിനിമയിലെ മറ്റു അഭിനേതാക്കളെയും കാണിക്കുന്നുണ്ട്. 'മങ്കാത്ത' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം, അജിത്- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്നതാണ് വിടാമുയർച്ചിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് സിനിമ നിർമ്മിക്കുന്നത്.

അനിരുദ്ധ് രവിചന്ദർ സംഗീതം ചിട്ടപ്പെടുത്തുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഓംപ്രകാശും എഡിറ്റിങ് നിർവഹിക്കുന്നത് എൻ ബി ശ്രീകാന്തുമാണ്. 'വേതാളം' എന്ന സിനിമക്ക് ശേഷം അനിരുദ്ധ് - അജിത്കുമാർ കോംബോ വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് 'വിടാമുയർച്ചി'. മിലൻ കലാസംവിധാനം നിർവഹിക്കുന്ന വിടാമുയർച്ചിക്ക് വേണ്ടി സംഘട്ടനമൊരുക്കുന്നത് സുപ്രീം സുന്ദറാണ്. വമ്പൻ തുകക്ക് ഈ ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് അവകാശം സൺ ടിവിയും ഒടിടി അവകാശം നെറ്റ്ഫ്ലിക്സും സ്വന്തമാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സിന് ഏകദേശം 75 കോടിയാണ് ലഭിച്ചത് എന്നാണ് റിപ്പോർട്ടുകൾ.

പല കാരണങ്ങൾ കൊണ്ട് സിനിമയുടെ ചിത്രീകരണം ഇടയ്ക്കിടെ മുടങ്ങിയിരുന്നു. ചിത്രീകരണത്തിനിടെ സിനിമയുടെ കലാസംവിധായകൻ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയും ഷൂട്ടിംഗ് നിർത്തിവെക്കുകയുമുണ്ടായിരുന്നു. ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് അജിതിന് പരിക്കേറ്റതിനെത്തുടർന്ന് നടൻ ഇന്ത്യയിലേക്ക് തിരിച്ചു വരികയും ചെയ്തു. അജിത്തിന്റെ തന്നെ മറ്റൊരു ചിത്രമായ 'ഗുഡ് ബാഡ് അഗ്ലി'യും പൊങ്കലിന് എത്തുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു.

Content Highlights: Ajithkumar starring Vidaamuyarchi teaser out now on youtube

To advertise here,contact us