20 വര്‍ഷത്തിന് ശേഷം അവര്‍ ഒന്നിച്ചെത്തുന്നത് വെറുതെയാകില്ല; 'തുടരും' പുതിയ പോസ്‌റ്റര്‍

2004 ല്‍ ജോഷി സംവിധാനം ചെയ്ത 'മാമ്പഴക്കാല'ത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന തുടരും എന്ന ചിത്രത്തിലെ പുതിയ പോസ്റ്ററെത്തി. മോഹന്‍ലാലും ശോഭനയും ഒന്നിച്ചുള്ള പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. 'ചില കഥകള്‍ തുടരാനുള്ളതാണ്' എന്ന വാചകത്തോടെയാണ് തരുണ്‍ മൂര്‍ത്തി പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.

മോഹന്‍ലാലും ശോഭനയും ഒന്നിച്ച് ചായ കുടിക്കുന്ന രംഗമാണ് പോസ്റ്ററിലുള്ളത്. ഇത് നാടോടിക്കാറ്റിലെ 'വൈശാഖ സന്ധ്യേ…' എന്ന ഗാനത്തിലെ രംഗങ്ങളെ ഓര്‍മിപ്പിക്കുന്നതാണെന്ന് ചിലര്‍ കമന്റുകളില്‍ പറയുന്നുണ്ട്. മലയാളത്തിന്റെ എവര്‍ഗ്രീന്‍ കോംബോയായ മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ചിത്രത്തില്‍ ഒന്നിക്കുന്നത്.

2004 ല്‍ ജോഷി സംവിധാനം ചെയ്ത 'മാമ്പഴക്കാല'ത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. 2009 ല്‍ റിലീസ് ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു.

ഒരു ഫാമിലി ഡ്രാമ സ്വഭാവത്തില്‍ ഒരുങ്ങുന്ന തുടരും എന്ന ചിത്രത്തില്‍ സാധാരണക്കാരനായ ഒരു ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ശോഭനയുടെ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Also Read:

Entertainment News
ഫേസ് ഓഫ് മലയാളം ഇപ്പോൾ ഫഹദ് ഫാസിലാണ്, എല്ലാവർക്കും അദ്ദേഹത്തെ അറിയാം; ഐശ്വര്യ ലക്ഷ്മി

'ഓപ്പറേഷന്‍ ജാവ', 'സൗദി വെള്ളക്ക' എന്നീ രണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്.

മോഹന്‍ലാല്‍ എന്ന നടനെ ഇഷ്ടപ്പെടുന്നവരെ ഒരിക്കലും നിരാശപ്പെടുത്താത്ത സിനിമയായിരിക്കും ഇതെന്നാണ് നിര്‍മാതാവ് എം രഞ്ജിത്ത് പറയുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തുവിട്ടിരുന്നു. കുറച്ചു കുട്ടികളോടൊപ്പം ചിരിച്ചുകൊണ്ട് നില്‍ക്കുന്ന മോഹന്‍ലാലിനെയാണ് ഈ പോസ്റ്ററില്‍ കാണാനായത്.

ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷാജികുമാര്‍ ആണ്. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്.

Content Highlights: Mohanlal-Shobana poster from new movie Thudarum is out

To advertise here,contact us