'ഈ സമയം കൊണ്ട് മലയാളത്തിൽ രണ്ട് പടമെടുക്കാമല്ലോ എന്ന് അസീസിക്ക പറഞ്ഞു'; കനി കുസൃതി റിപ്പോർട്ടറിനോട്

'സംവിധായിക പായല്‍ കപാഡിയയുടെ പ്രോസസ്സ് മനസിലാക്കാൻ അദ്ദേഹത്തിന് സമയമെടുത്തു'

കനി കുസൃതി, ദിവ്യ പ്രഭ, ഹൃദു ഹാറൂൺ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രമാണ് 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'. അസീസ് നെടുമങ്ങാടും ചിത്രത്തില്‍ ഒരു വേഷം അഭിനയിച്ചിരുന്നു. ഡോ. മനോജ് എന്ന കഥാപാത്രത്തെയായിരുന്നു നടന്‍ അവതരിപ്പിച്ചത്.

സിനിമയിലെ പായലിന്റെ പ്രോസസ്സ് മനസിലാക്കാൻ അസീസ് നെടുമങ്ങാട് സമയമെടുത്തെന്ന് പറയുകയാണ് കനി കുസൃതി. എന്നാല്‍ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് കഥാപാത്രത്തെ മനസിലാക്കിയെടുത്തതും നടന്‍ തന്നെയായിരുന്നു എന്നും കനി പറഞ്ഞു.

സിനിമയിലെ റീ ഷൂട്ടുകൾ കണ്ട് ഇത്രയും ടേക്കുകൾക്ക് എടുക്കുന്ന സമയം കൊണ്ട് രണ്ട് മലയാളം സിനിമ ചെയ്യാമെന്നും അസീസ് തമാശരൂപേണ പറയുമായിരുന്നു കനി പങ്കുവെച്ചു. റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.

'അസീസിക്ക മാത്രമായിരിക്കും ഏറ്റവും കുറവ് ദിവസം കൊണ്ട് പ്രാക്ടീസ് ചെയ്ത് ആ സിനിമയുടെ ഉള്ളിലേക്ക് എത്തിയ ആള്‍. അസീസിക്കയുടെ കഴിവ് തന്നെയായിരിക്കും അത്. എന്താണ് ഡോക്ടർ മനോജ് എന്നത് അദ്ദേഹത്തിന് എളുപ്പത്തില്‍ മനസിലായി. പക്ഷേ പായലിന്റെ പ്രോസസ്സ് മനസിലാക്കാൻ അദ്ദേഹത്തിന് സമയമെടുത്തു. അസീസിക്ക എപ്പോഴും പറയും, എന്റെ കനീ ഇത്രയും ടേക്കായി, രണ്ട് മലയാള സിനിമ ഷൂട്ട് ചെയ്യാനുള്ള ടൈം കഴിഞ്ഞു എന്നൊക്കെ,' കനി കുസൃതി പറഞ്ഞു.

അതേസമയം, 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' തിയേറ്ററുകളിൽ എത്തിയതിന് പിന്നാലെ ചിത്രത്തിലെ നടി ദിവ്യ പ്രഭയുടെ ഇന്‍റിമേറ്റ് രംഗങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ലെെംഗികച്ചുവയുള്ള പരാമര്‍ശങ്ങളും മോശം പ്രതികരണങ്ങളുമായി നിരവധി പേരെത്തി. 'ഇത്തരം പ്രതികരണങ്ങള്‍ താൻ പ്രതീക്ഷിച്ചിരുന്നത് തന്നെയാണെന്നും സിനിമയ്ക്ക് യുവജനങ്ങളുടെ ഭാഗത്ത് നിന്നും പോസിറ്റീവ് അഭിപ്രായങ്ങളാണ് വരുന്നതെന്നും' ദിവ്യ പ്രഭ റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു.

Also Read:

Entertainment News
ഇത് പ്രഖ്യാപനമോ സൂചനയോ,സൗബിൻ - ദുൽഖർ പടത്തിന് തുടക്കമായോ? കത്തിക്കയറി സൗബിന്റെ സ്റ്റോറി

ഓള്‍ വീ ഇമാജിന്‍ ആസ് ലെെറ്റ് 2023-ലെ കാനിൽ ഗ്രാൻഡ് പ്രിക്സ് അവാർഡ് നേടിയിരുന്നു. റാണ ദഗ്ഗുബതിയുടെ സ്പിരിറ്റ് മീഡിയയാണ് ചിത്രം ഇന്ത്യയിൽ വിതരണം ചെയ്യുന്നത്. ആഗോളതലത്തില്‍ വിവിധ ചലച്ചിത്രോത്സവങ്ങളിൽ പ്രശംസ പിടിച്ചുപറ്റിയ ചിത്രമായിരുന്നു ഇത്.

Content Highlights:  kani kusruthi about Azees Nedumangad

To advertise here,contact us