'ഒറ്റ മിനിറ്റ് ബ്രേക്ക് എടുക്കാതെയാണ് ജേസൺ സഞ്ജയ് കഥ പറഞ്ഞത്'; പുതിയ ചിത്രത്തെക്കുറിച്ച് സന്ദീപ് കിഷൻ

'രായൻ എന്ന സിനിമയുടെ റിലീസിന് മുന്നേ തന്നെ താനും സഞ്ജയ്‌യും ഒന്നിച്ച് വർക്ക് ചെയ്യാൻ തീരുമാനിച്ചിരുന്നു'

നടൻ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ എ സുബാസ്കരൻ നിർമ്മിക്കുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് സന്ദീപ് കിഷൻ ആണ്. ഇപ്പോഴിതാ ജേസൺ സഞ്ജയ്‌ക്കൊപ്പമുള്ള സിനിമയെക്കുറിച്ചുള്ള നടന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ഏറെ മികവുറ്റ സംവിധായകരുടെ ആദ്യ സിനിമകളുടെ ഭാഗമാകാനുള്ള ഭാഗ്യം തനിക്കുണ്ടായിട്ടുണ്ട്. സഞ്ജയ്‌യെ ആദ്യമായി കണ്ടപ്പോൾ അദ്ദേഹത്തിന്റെ എളിമയും സ്ക്രിപ്റ്റിലുള്ള എഫർട്ടും കണ്ട് അത്ഭുതപ്പെട്ടു. രണ്ട് മണിക്കൂർ 50 മിനിറ്റ് സമയമെടുത്താണ് അദ്ദേഹം തന്നോട് കഥ പറഞ്ഞത്. എന്നാൽ കഥ പറയുന്നതിനിടയിൽ ഒരു മിനിറ്റ് പോലും സഞ്ജയ് ബ്രേക്ക് എടുത്തില്ലെന്നാണ് സന്ദീപ് പറഞ്ഞത്. രായൻ എന്ന സിനിമയുടെ റിലീസിന് മുന്നേ തന്നെ താനും സഞ്ജയ്‌യും ഒന്നിച്ച് വർക്ക് ചെയ്യാൻ തീരുമാനിച്ചിരുന്നു എന്നും സന്ദീപ് ഇ ടൈംസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

തങ്ങളുടെ പ്രൊഡക്ഷൻ ഹൗസ് എല്ലായ്പ്പോഴും നല്ല കഥാകൃത്തുക്കളെ പ്രോത്സാഹിപ്പിക്കാൻ പരിശ്രമിച്ചിട്ടുണ്ട് എന്നും ജേസൺ കഥ അവതരിപ്പിച്ചപ്പോൾ അതിൽ പുതുമ അനുഭവപെട്ടു എന്നും ലൈക്ക പ്രൊഡക്ഷൻസിലെ ജികെഎം തമിഴ്കുമരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. പാൻ-ഇന്ത്യൻ ശ്രദ്ധ ആകർഷിക്കാനുള്ള നിലവാരമുള്ള കഥയാണ് ജേസൺ പറഞ്ഞതെന്നും 'നിങ്ങൾക്ക് നഷ്ടപ്പെട്ടവ അതിന്റെ യഥാർത്ഥ സ്ഥലത്ത് തിരയുക' എന്ന പ്രമേയത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ മൂലകഥ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. 2025 ജനുവരിയോടെ ഈ പ്രൊജക്ടിന്റെ ചിത്രീകരണം ആരംഭിക്കാനാണ് പ്ലാൻ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

Also Read:

Entertainment News
ഫഹദിന്റെ അടുത്ത മലയാളം പടം വരാൻ വൈകുമോ?; 'ഓടും കുതിര ചാടും കുതിര' പുതിയ അപ്‍ഡേറ്റ്

ക്യാപ്റ്റൻ മില്ലർ, രായൻ, മായാവനം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് സന്ദീപ് കിഷൻ. തമൻ എസ് ആണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്. നേരത്തെ വിജയ് ചിത്രമായ വാരിസിന് സംഗീതമൊരുക്കിയതും തമൻ ആയിരുന്നു. പ്രവീൺ കെ എൽ ആണ് ചിത്രം എഡിറ്റ് ചെയ്യുന്നത്. വാരിസ്, മാനാട്, ഭൈരവ തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചയാളാണ് പ്രവീൺ കെ എൽ.

Content Highlights: Sundeep Kishan talks about the movie with Jason Sanjay

To advertise here,contact us