ലോകത്താകമാനമുള്ള സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തിയ ചിത്രമായിരുന്നു ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത 'ഇന്റര്സ്റ്റെല്ലാർ'. ഒരു സയൻസ് ഫിക്ഷൻ ഡ്രാമയായി ഒരുങ്ങിയ സിനിമ ഇന്നും ഏറെ സ്വീകാര്യതയുള്ള ചിത്രമാണ്. ഇപ്പോഴിതാ സിനിമയുടെ പത്താം വാർഷികത്തോട് അനുബന്ധിച്ച് വീണ്ടും ഐമാക്സിൽ ചിത്രം റീ റിലീസിസ് ചെയ്തിരുന്നു. എന്നാൽ ഇന്ത്യയിൽ ചിത്രത്തിന് റിലീസുണ്ടായിട്ടില്ല. അല്ലു അർജുൻ ചിത്രമായ പുഷ്പ 2 വിന്റെ റിലീസാണ് ഇതിന് കാരണമെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ.
Christopher Nolan's Interstellar has been re-released on IMAX screens worldwide.However, the re-release is not happening in India, as Pushpa 2 is taking over all IMAX screens in the country. pic.twitter.com/cnwsZdOY2k
സുകുമാർ സംവിധാനം ചെയ്ത പുഷ്പ 2 ഐമാക്സ് സ്ക്രീനിലടക്കം വമ്പൻ റിലീസായി ആണ് എത്തുന്നത്. ഇന്ത്യയിലുള്ള ഐമാക്സ് സ്ക്രീനുകളിൽ മുഴുവൻ പുഷ്പയെത്തുന്നതിനാലാണ് ഇന്റര്സ്റ്റെല്ലാറിന്റെ റിലീസ് മാറ്റിവച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രം ഇന്ത്യയിൽ ജനുവരിയിൽ റീ റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ. ഇന്റര്സ്റ്റെല്ലാർ ഇന്ത്യയിൽ റിലീസ് ചെയ്യാത്തതിൽ ആരാധകർ നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്.
ഐമാക്സ് 70 എംഎം, ഡിജിറ്റൽ ഫോർമാറ്റുകളിൽ ഒരാഴ്ചയോളമാണ് ഇന്റെർസ്റ്റെല്ലാർ പ്രദർശിപ്പിക്കുന്നത്. അതേസമയം ചിത്രത്തിന്റെ റീ റിലീസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മാത്യു മക്കോനാഗെ, ആൻ ഹാത്ത്വേ, ജെസ്സിക്ക ചാസ്റ്റൈൻ, മൈക്കൽ കെയ്ൻ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ഇതിന് മുൻപും 'ഇന്റര്സ്റ്റെല്ലാർ' തിയേറ്ററുകളിൽ റീ റിലീസ് ചെയ്തിട്ടുണ്ട്. 165 മില്യൺ ഡോളറിൽ ഒരുങ്ങിയ സിനിമ ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടിയത് 730.8 മില്യൺ ഡോളറാണ്.
They couldn’t re-release Interstellar on IMAX in India, coz people wanted to watch this on IMAX 🤣 pic.twitter.com/255KgAj9RT
ആഗോള തലത്തിൽ 12500 സ്ക്രീനുകളിൽ ആണ് പുഷ്പ 2 റിലീസ് ചെയ്യുന്നത്. ചിത്രം ഇതിനകം 100 കോടിയുടെ പ്രീ സെയിൽ നേടിയതായി റിപ്പോർട്ടുകളുണ്ട്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. ഇ ഫോർ എന്റർടെയ്ൻമെന്റ്സാണ് പുഷ്പ 2 കേരളത്തിലെത്തിക്കുന്നത്. അല്ലു അര്ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില് ഫഹദ് ഫാസിൽ, സുനില്, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സാണ് ചിത്രം നിര്മിക്കുന്നത്.
Content Highlights: Interstellar could not re release in India due to Pushpa 2 release ?