'അമരനി'ലെ സായ് പല്ലവിയുടെ നമ്പർ; സംവിധായകനും നിര്‍മാതാവിനും ഹൈക്കോടതി നോട്ടീസ്

വിദ്യാര്‍ഥി നല്‍കിയ ഹര്‍ജിയില്‍ സംവിധായകനും നിര്‍മാതാക്കള്‍ക്കും മദ്രാസ് ഹൈക്കോടതി നോട്ടീസയച്ചിരിക്കുകയാണ്

ശിവകാർത്തികേയൻ ചിത്രം അമരന്റെ അണിയറപ്രവർത്തകർക്കെതിരെ 1.1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഒരു വിദ്യാർത്ഥി വക്കീല്‍ നോട്ടീസ് അയച്ചത് നേരത്തെ വാർത്തകളിൽ ഇടം നേടിയിരുന്നു. സിനിമയിലെ ഒരു രംഗത്തിൽ സായ് പല്ലവി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റേത് എന്ന പേരിൽ കാണിച്ചിരിക്കുന്നത് തന്റെ ഫോൺ നമ്പറാണെന്നും ഈ കാരണത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്നതായും കാണിച്ചായിരുന്നു എൻജിനീയറിങ് വിദ്യാർത്ഥിയായ വി വി വാഗീശന്‍ നോട്ടീസ് അയച്ചത്. ഇപ്പോൾ വിദ്യാര്‍ഥി നല്‍കിയ ഹര്‍ജിയില്‍ സംവിധായകനും നിര്‍മാതാക്കള്‍ക്കും മദ്രാസ് ഹൈക്കോടതി നോട്ടീസയച്ചിരിക്കുകയാണ്.

ഡിസംബര്‍ 20-നകം വിശദീകരണം നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദേശം. മൊബൈൽ നമ്പർ പുറത്തായതിലൂടെ വിദ്യാർത്ഥിക്ക് തന്റെ സ്വകാര്യത നഷ്ടപ്പെട്ടിട്ടുണ്ട്. വിദ്യാർത്ഥി നഷ്ടപരിഹാരം ആവശ്യപ്പെട്ടത് തള്ളിക്കളയാനാവില്ല. എങ്ങനെ നഷ്ടപരിഹാരം നല്‍കാനാകുമെന്നും കോടതി ചോദിച്ചു.

അമരനിലെ ഒരു രംഗത്തിൽ ശിവകാർത്തികേയന് സായ് പല്ലവി തന്റെ മൊബൈൽ നമ്പർ എഴുതിയ പേപ്പർ നൽകുന്ന രംഗമുണ്ട്. നമ്പറിലെ പത്ത് അക്കത്തിൽ ഒന്ന് വായിക്കാനാകുന്നില്ലെങ്കിലും നമ്പർ തന്റേതാണെന്നായിരുന്നു വിദ്യാർത്ഥിയുടെ പരാതി. സായ് പല്ലവിയുടെ നമ്പർ എന്ന് കരുതി പല കോണുകളിൽ നിന്നും ആളുകൾ വിളിക്കുകയും അതിന്റെ എണ്ണം വർധിച്ചത് മൂലം ഫോൺ മ്യൂട്ട് ചെയ്യേണ്ട അവസ്ഥയുണ്ടായെന്നും വിദ്യാർത്ഥി വ്യക്തമാക്കിയിരുന്നു.

Also Read:

Entertainment News
'ബോക്സ് ഓഫീസ് മോൺസ്റ്റർ'; രണ്ടാം ദിനത്തിൽ തന്നെ പുഷ്പ 1ന്റെ ലൈഫ്‌ടൈം ഗ്രോസ് തൂക്കി പുഷ്പ 2

സംഭവത്തിൽ കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ നിര്‍മാതാക്കളായ രാജ് കമല്‍ ഫിലിംസ് മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ചിത്രത്തിൽ നിന്ന് വിദ്യാർത്ഥിയുടെ നമ്പർ നീക്കം ചെയ്തതായും വാഗീശനുണ്ടായ അസൗകര്യത്തിൽ മാപ്പ് പറയുന്നതായും രാജ്കമല്‍ ഫിലിംസ് അറിയിച്ചു. എന്നാൽ നിർമാതാക്കളുടെ പ്രതികരണം വളരെ വൈകിയെന്നാണ് വി വി വാഗീശൻ പ്രതികരിച്ചത്.

Content Highlights: Madras High Court sends notice to Amaran Team

To advertise here,contact us