തമിഴകത്ത് ഏറ്റവും അധികം ആരാധകരുള്ള നടന്മാരിൽ ഒരാളാണ് അജിത് കുമാർ. പൊതുവിടങ്ങളിൽ പോലും ആരാധകർ നടനോടുള്ള ആരാധന പ്രകടിപ്പിക്കാറുണ്ട്. എന്നാൽ ഈ താര ആരാധന നടൻ അത്ര പ്രോത്സാഹിപ്പിക്കാറില്ല. മുമ്പ് ആരാധകർ വിളിച്ചിരുന്ന 'തല' എന്ന അഭിസംബോധന അവസാനിപ്പിക്കാൻ അജിത് ആവശ്യപ്പെട്ടത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ നടൻ പങ്കുവെച്ച പുതിയ പ്രസ്താവന ശ്രദ്ധ നേടുകയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ നടന്റെ ആരാധകർ പങ്കുവെച്ച 'കടവുളേ അജിത്തേ' എന്ന അഭിസംബോധന സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. പൊതു ഇടങ്ങളിലും മതപരമായ ചടങ്ങുകളിൽ പോലും ആരാധകർ ഈ വാക്കുകൾ വിളിച്ചിരുന്നു. ഈ അഭിസംബോധന അവസാനിപ്പിക്കണമെന്നാണ് അജിത് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
'വിവിധ പരിപാടികളിലും പൊതുയോഗങ്ങളിലും ഈ അഭിസംബോധന നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടു. പേരിനൊപ്പം എന്തെങ്കിലും ഒരു തരം അഭിസംബോധന ചേർക്കുന്നത് തന്നെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാൽ ഇത്തരം മുദ്രാവാക്യങ്ങളും അഭിസംബോധനകളും പൊതുവിടങ്ങളിൽ നടത്തുന്നവർ അത് എത്രയും വേഗം അവസാനിപ്പിക്കണം എന്ന് അജിത് ആവശ്യപ്പെട്ടു.
From The Desk of AK pic.twitter.com/0W4dspCg26
അതേസമയം മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന 'വിടാമുയർച്ചി'യാണ് അജിത്തിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. പൊങ്കൽ റിലീസായി ജനുവരിയിലാണ് ചിത്രം തിയേറ്ററുകളിലെത്തുക. 'മങ്കാത്ത' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം, അജിത്- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്നതാണ് വിടാമുയർച്ചിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. ചിത്രത്തിൽ ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Content Highlights: Ajith asks fans to hit a pause on Kadavuley Ajithey