'ഓൾ വീ ഇമാജിൻ ആസ് ലൈറ്റിന് സ്ക്രീനില്ല, പുഷ്പയ്ക്ക് റെക്കോർഡ് സ്ക്രീനും' വിമർശിച്ച് വിക്രമാദിത്യ മോട്‍വാനി

വലിയ സിനിമകള്‍ മള്‍ട്ടിപ്ലക്സുകളെ ഒറ്റയ്ക്ക് കയ്യടക്കി വെക്കുന്നത് സിനിമാമേഖലയ്ക്ക് നാശം വരുത്തിവെക്കുമെന്നും മോട്‍വാനി പറഞ്ഞു.

അല്ലു അർജുൻ നായകനായെത്തിയ 'പുഷ്പ 2' വിനെതിരെ രൂക്ഷ വിമർശനവുമായി ബോളിവുഡ് സംവിധായകൻ വിക്രമാദിത്യ മോട്‍വാനി. 'പുഷ്പ 2' വിന് ഒരു മൾട്ടിപ്ലക്സിൽ ദിവസേന 36 ഷോകൾ ലഭിക്കുന്നുവെന്നും എന്നാൽ അതേസമയം പായൽ കപാഡിയ സംവിധാനം ചെയ്ത ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രത്തിന് തിയേറ്ററുകള്‍ ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സംവിധായകന്റെ വിമർശനം.

'പായലിന്റെ നേട്ടം നമ്മൾ തള്ളിക്കളയും. ആ സിനിമ ആളുകളിലേക്കെത്താൻ നമ്മൾ സമ്മതിക്കില്ല. എന്നാൽ മറ്റൊരു സിനിമയ്ക്ക് മൾട്ടിപ്ലക്സിൽ ഒരു ദിവസം തന്നെ 36 ഷോകൾ നമ്മൾ നൽകുകയും ചെയ്യും. അഭിനന്ദനങ്ങൾ !' എന്നാണ് വിക്രമാദിത്യ മോട്‍വാനി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

മള്‍ട്ടിപ്ലക്സുകളില്‍ പത്ത് ദിവസത്തേക്ക് പുഷ്പ 2 അല്ലാതെ മറ്റ് ചിത്രങ്ങളൊന്നും പ്രദര്‍ശിപ്പിക്കരുതെന്ന കരാറുണ്ടെന്ന ഒരു തിയേറ്റര്‍ മാനേജറുടെ വെളിപ്പെടുത്തലുമായി എത്തിയ റിപ്പോര്‍ട്ടും വിക്രമാദിത്യ മോട്‍വാനി ഇന്‍സ്റ്റ സ്റ്റോറിയില്‍ പങ്കുവെച്ചിട്ടുണ്ട്. വലിയ സിനിമകള്‍ ഇത്തരത്തില്‍ മള്‍ട്ടിപ്ലക്സുകളെ ഒറ്റയ്ക്ക് കയ്യടക്കി വെക്കുന്നത് സിനിമാമേഖലയ്ക്ക് നാശം വരുത്തിവെക്കുമെന്നും മോട്‍വാനി പറഞ്ഞു.

അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലെ പ്രദർശനങ്ങൾക്ക് ശേഷമാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് കഴിഞ്ഞ നവംബറിൽ തിയേറ്ററിൽ എത്തിയത്. നിരൂപക പ്രശംസ നേടിയ ചിത്രം, ടെല്ലുരൈഡ് ഫിലിം ഫെസ്റ്റിവൽ, ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവൽ, സാൻ സെബാസ്റ്റ്യൻ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ പ്രശസ്ത ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. മലയാളി താരങ്ങളായ കനി കുസൃതി, ദിവ്യപ്രഭ, ഹൃദു ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവരും ചിത്രത്തിൽ പ്രധാന വേഷണങ്ങളിൽ എത്തിയിരുന്നു.

Also Read:

Entertainment News
ഇനി പുഷ്പയ്ക്ക് എതിരാളി ഇല്ല... അല്ലു 1000 കോടി ക്ലബ്ബിൽ കാലുവെച്ചു, അതും ഒന്നൊന്നര സ്പീഡിൽ

അതേസമയം ഇന്ത്യയിലെ ഏറ്റവും വലിയ റിലീസായി എത്തിയ ചിത്രമാണ് 'പുഷ്പ 2'. ലോകമെമ്പാടും 12000 സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. 1000 കോടി കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. അല്ലു അർജുന്റെ കരിയറിലെ ആദ്യ 1000 കോടിയാണ് പുഷ്പ 2 . തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്.

Content Highlights: Director Vikramaditya Motwani criticizes Pushpa 2

To advertise here,contact us