ആഴമുള്ള സ്ത്രീ കഥാപാത്രങ്ങൾ, നൂറല്ല, 200 ശതമാനം വിശ്വാസമുണ്ട് വെട്രിമാരനിൽ: മഞ്ജു വാര്യർ

'അദ്ദേഹം ഏത് സിനിമയുമായി വന്നാലും അത് നന്നായിരിക്കുമെന്ന ഉറപ്പ് എനിക്കുണ്ട്'

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. നടിയുടെ ആദ്യ തമിഴ് ചിത്രമായിരുന്നു വെട്രിമാരൻ സംവിധാനം ചെയ്ത് ധനുഷ് നായകനായ അസുരൻ. വെട്രിമാരന്റെ സിനിമയിലുള്ള സ്ത്രീ കഥാപാത്രങ്ങള്‍ക്കെല്ലാം വളരെ ആഴമുണ്ടാകുമെന്ന് പറയുകയാണ് മഞ്ജു വാര്യര്‍. സ്ക്രീൻ ടൈം വളരെ കുറച്ചുള്ള സ്ത്രീ കഥാപാത്രങ്ങൾ ആയാൽ പോലും അവർക്ക് പ്രാധാന്യം ഉണ്ടാകുമെന്നും നടി പറഞ്ഞു. വിടുതലൈ 2 പ്രമോഷന്റെ ഭാഗമായി കുമുദം എന്ന തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘വെട്രി സാറിന്റെ സിനിമയിലുള്ള സ്ത്രീ കഥാപാത്രങ്ങള്‍ക്കെല്ലാം വളരെ ആഴമുണ്ടാകും. ചിലപ്പോള്‍ കുറച്ച് നേരമേ അവര്‍ സ്‌ക്രീനില്‍ ഉണ്ടാകുകയുള്ളൂ. എങ്കില്‍ കൂടെയും ഉള്ള സമയത്ത് ആ കഥാപാത്രങ്ങളുടെ ആഴം കാണുമ്പോള്‍ നമുക്ക് അത്ഭുതം തോന്നും. അങ്ങനെയുള്ള സ്ത്രീ കഥാപാത്രങ്ങള്‍ വെട്രി സാറിന്റെ എല്ലാ പടത്തിലും ഉണ്ടാകും. അസുരന്‍ എന്ന സിനിമയിലും അങ്ങനെയുള്ള കഥാപാത്രങ്ങളെ കാണാം. എന്റെ ആദ്യ തമിഴ് സിനിമയായിരുന്നു അസുരന്‍. ഇന്ന് തമിഴ് മക്കള്‍ എനിക്ക് തരുന്ന സ്‌നേഹത്തിനും ആദരവിനും കാരണം ആ സിനിമയാണ്.

അതുകൊണ്ട് തന്നെ എനിക്ക് വെട്രി സാറിന്റെ ‘ഡു യു വാണ്ട്…’ എന്ന ഒരു പകുതി മെസേജ് മാത്രം മതി. ഞാന്‍ അപ്പോള്‍ തന്നെ തിരിച്ച് ‘യെസ്’ എന്ന് മറുപടി നല്‍കും. കാരണം അദ്ദേഹം ഏത് സിനിമയുമായി വന്നാലും അത് നന്നായിരിക്കുമെന്ന ഉറപ്പ് എനിക്കുണ്ട്. വെട്രി സാറിന്റെ മേലെ എനിക്ക് നൂറല്ല, 200 ശതമാനം വിശ്വാസമുണ്ട്,’ മഞ്ജു വാര്യര്‍ പറഞ്ഞു.

Also Read:

Entertainment News
പ്രതികാരത്തിന് വീര്യം കൂടും, വിടുതലൈ 2 വയലന്റാണ്; സിനിമയ്ക്ക് 'എ' സർട്ടിഫിക്കറ്റ്

വെട്രിമാരന്‍ തന്നെ സംവിധാനം ചെയ്ത് ഏറെ പ്രശംസ നേടിയ വിടുതലൈ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം തിയേറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിൽ പ്രധാന കഥാപത്രമായി മഞ്ജു വാര്യരും വേഷമിടുന്നുണ്ട്. സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന മനുഷ്യര്‍ നേരിടുന്ന വിവേചനവും പൊലീസിന്റെ ക്രൂരതകളും പ്രമേയമാകുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം വലിയ ശ്രദ്ധ നേടിയിരുന്നു. മഞ്ജു വാര്യർക്ക് പുറമേ വിജയ് സേതുപതി, സൂരി, എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ഡിസംബർ 20-നാണ് സിനിമയുടെ റിലീസ്. സെൻസറിങ് പൂർത്തിയായ സിനിമയ്ക്ക് 'എ' സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

Content Highlights: manju warrier talks about director vetrimaran

To advertise here,contact us